Skip to main content

കോവിഡ് മരണനിരക്ക് നിർണയ രീതി പുനഃപരിശോധിക്കണം

ഇന്ത്യയുടെ കോവിഡ് നയത്തിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തകള്‍ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്തിന്റെ കണക്കിനേക്കാള്‍ പല മടങ്ങ് കൂടുതലാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്ത്യയിലെ മരണനിരക്ക് 40 ലക്ഷത്തോളം വരുമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത. മാത്രമല്ല ഡബ്ല്യു എച്ച് ഒ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5.2 ലക്ഷം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ കോവിഡ് മരണ കണക്ക് ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് സ്റ്റഡിയുടെ വിശദമായ റിപ്പോര്‍ട്ട് ഉദാഹരണം. അന്ന് രാജ്യത്ത് നാലു ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. എന്നാല്‍, അക്കാലത്ത് 34,50,000 പേര്‍ ഇന്ത്യയില്‍ കോവിഡ് മൂലം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലായി മരിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പിന്‍തുടര്‍ന്നാല്‍ ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 40 ലക്ഷം കവിയുമെന്നും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) സര്‍വേ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ വെളിവാകുന്നത് അക്കാലത്തെ കോവിഡ് മരണ സംഖ്യ 49 ലക്ഷം കവിയുമെന്നാണ്. 2021 സെപ്‌തംബര്‍ വരെയുള്ള കാലത്ത് ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ ആറുമുതല്‍ ഏഴുവരെ മടങ്ങ് കൂടുതലാണെന്ന് 2022 ജനുവരിയില്‍ സയന്‍സ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 1880-ല്‍ എഡിസണ്‍ നല്‍കിയ പണം ഉപയോഗിച്ച് നിലവില്‍വന്നതു മുതല്‍ ശാസ്ത്രഗവേഷണരംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രസിദ്ധീകരണമാണിത്. അതേപോലെ, മെഡിക്കല്‍ മാഗസിനായ ലാന്‍സെറ്റ് 2022 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ 40 ലക്ഷത്തിനും മേലെയാണ് എന്നാണ്.

ഇത്തരത്തില്‍ രാജ്യത്തിന്റെ കോവിഡ് മരണം സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതലാണ് എന്നു കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നിട്ടും, സര്‍ക്കാര്‍ കണക്ക് അടിസ്ഥാനമാക്കി നമ്മള്‍ മുന്നോട്ടു പോവുകയാണ്. ഐക്യരാഷ്ട്ര‌സഭയ്ക്കു കീഴിലുള്ള അന്താരാഷ്ട്ര സംഘടന എന്ന നിലയ്ക്ക് ഡബ്ല്യൂഎച്ച്ഓ പിന്തുടരുന്ന രീതിശാസ്ത്രത്തെയും അവരുടെ റിപ്പോര്‍ട്ടുകളെയും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നമ്മുടെ കണക്കുകള്‍ പരമപവിത്രമാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താതെ നമുക്ക് കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിനെതിരെ ഫലപ്രദവും സമൂര്‍ത്തവുമായ കാല്‍വയ്‌പുകള്‍ നടത്താനാവില്ല. ഈ സാഹചര്യത്തില്‍ രാജ്യം കോവിഡ് മരണക്കണക്കുകള്‍ പുനരവലോകനം ചെയ്യണം.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി കിഫ്ബിയുമായി ബന്ധപ്പെട്ട് അയച്ചിട്ടിരിക്കുന്ന സമൻസ് പിൻവലിക്കണം

ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കത്തു നൽകി. അതോടൊപ്പം ഇഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു.

സ. ടി എം തോമസ് ഐസക് എഴുതുന്നു

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്.

സ. കെ രാധാകൃഷ്‌ണൻ എഴുതുന്നു

"മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം‌‍" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്‌ത്‌ ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്.