Skip to main content

തെളിനീരൊഴുകും നവകേരളം

04.05.2022

നാടിന്റെ നിലനിൽപ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ കേരളത്തിൽ പിറവികൊണ്ടിട്ടുണ്ട്. നെൽവയൽ നീർത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിർത്താനും മറ്റും നാം കൈകോർത്തു. എന്നാൽ, പൊതുശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും കാര്യത്തിൽ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെപ്പറ്റി ചർച്ച ചെയ്തുതുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന സംസ്‌കാരവും ഇല്ലാതാക്കാൻ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സർക്കാർ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസ്സുകളുടെയും സഹകരണം തേടുന്നത്.

ജലമാലിന്യ സംസ്‌കരണ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരധ്യായമാണ് കേരളം രചിക്കാൻ പോകുന്നത്. അതിനായി, നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകൾ കണ്ടെത്താൻ ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവരുടെ വാർഡുകളിലെ നീരൊഴുക്കുകൾ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ബുധനാഴ്‌ച മുതൽ ആറ് ദിവസം കൊണ്ട് ജലനടത്തം പൂർത്തിയാക്കും. ഇങ്ങനെ കണ്ടെത്തുന്ന മാലിന്യ പ്രശ്‌നങ്ങൾ വാർഡ് തലത്തിൽ വിളിച്ചുചേർക്കുന്ന പ്രത്യേക ജനകീയ ജലസഭയിൽ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. തുടർന്ന് ഈ മാസം രണ്ടാം വാരത്തിൽ ജനകീയ ജലാശയ ശുചീകരണത്തിനായി ആ നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂർണ്ണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിൽ കക്കൂസ് മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും സംവിധാനങ്ങൾ ഒരുക്കുമ്പോൾ തീർച്ചയായും കേരളം സമ്പൂർണ്ണ ജലശുചിത്വ സംസ്ഥാനമായി മാറും.

സർക്കാർ സംവിധാനങ്ങളോ, ഏതെങ്കിലും ഏജൻസികളോ മാത്രം വിചാരിച്ചാൽ ഒരിക്കലും മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു പരിശ്രമം അതിന് ആവശ്യമാണ്. സംസ്ഥാന സർക്കാർ ആ മാർഗമാണ് അവലംബിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശാസ്ത്രീയദ്രവമാലിന്യ പരിപാലനം ഒരുക്കിയും വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം സമ്പൂർണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമം ഇത്തരത്തിലുള്ളതാണ്.

പണ്ടും നമ്മുടെ വീടുകളിൽ മാലിന്യങ്ങൾ ഉണ്ടാകുമായിരുന്നു. മിക്കവാറും പാചകത്തിന്റെ ശേഷിപ്പുകളാകും. കോഴികൾക്കും പശുവിനുമുള്ള ഭക്ഷണമായും ബാക്കിയുള്ളവ കൃഷിത്തോട്ടത്തിൽ വളമായി മാറുന്ന രീതിയുമായിരുന്നു അന്നുണ്ടായിരുന്നത്. ജനസംഖ്യയിലുണ്ടായ വർധനയും നഗരവൽക്കരണവും ഫ്‌ളാറ്റുകളുടെ വ്യാപനവുമൊക്കെ വന്നപ്പോൾ പുതിയ കാലത്തിനൊത്ത രീതിയിൽ മാലിന്യപരിപാലനത്തിന്റെ ആരോഗ്യകരമായ സംസ്‌കാരമൊന്നും ആരും സ്വാംശീകരിച്ചില്ല. ഇന്നത്തെ മാലിന്യങ്ങളിൽ വലിയൊരു പങ്ക് അജൈവ പാഴ്‌വസ്തുക്കളാണ്. അവ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വലിച്ചെറിയുന്ന അപസംസ്‌കാരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ, മാലിന്യ സംസ്‌കരണത്തിൽ ഒരു സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക ഭരണകൂടങ്ങളിലൂടെ സംസ്ഥാന സർക്കാർ സജ്ജമാക്കുന്നുണ്ട്. റെഡ്യൂസ്, റീയൂസ് ആൻഡ്‌ റീസൈക്കിൾ എന്നീ മൂന്ന് തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കളുടെയും പുനരുപയോഗ സാധ്യമായവയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ നിരുത്സാഹപ്പെടുത്തുക തുടങ്ങി വിവിധ മാർഗങ്ങൾ അവലംബിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യഘട്ടം. ഇത് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്.

പലവിധ സാങ്കേതിക വിദ്യകളാൽ രൂപപ്പെടുത്തുന്ന വസ്തുക്കൾ മാലിന്യങ്ങളിൽ കാണാനാകും. ഇവ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അപ്രത്യക്ഷമാക്കുന്നതല്ല മാലിന്യ സംസ്‌കരണം. ജൈവ മാലിന്യങ്ങളെ തരംതിരിച്ച് കമ്പോസ്റ്റിങ്ങിലൂടെയും അജൈവ മാലിന്യങ്ങളെ തരംതിരിച്ച് പുനഃചംക്രമണം ചെയ്യുന്നതിലൂടെയും മാലിന്യ സംസ്‌കരണം നടത്തുന്നതാണ് മികച്ച പ്രകൃതി സൗഹൃദ രീതി. തദ്ദേശസ്ഥാപനങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ പ്രവർത്തനസജ്ജമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയും. നിലവിൽ മാലിന്യങ്ങളായി വലിച്ചെറിയുന്ന പല വസ്തുക്കളും റീസൈക്ലിങ്ങിനായി തിരിച്ചെടുക്കുന്നതും ഇതിന് ഗുണം ചെയ്യും. വിഭവങ്ങളുടെ അനാവശ്യ ഉപഭോഗം തടയുന്നതിന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളും സ്ഥിരം കൈമാറ്റക്കടകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്നും സൗജന്യമായും മിതമായ നിരക്കിലും ആളുകൾക്ക് ഉപയോഗ യോഗ്യമായ ഇലക്ട്രിക്, ഇലക്‌ട്രോണിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതലായവ ലഭിക്കുന്നുണ്ട്. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങളും അധികമുള്ള ഫർണിച്ചറുകളും വസ്ത്രങ്ങളും മറ്റും ഇത്തരം ഷോപ്പുകളിലെത്തിക്കുകയും ആവശ്യക്കാർക്ക് കൈമാറാനുള്ള സാധ്യത ഒരുക്കുകയും ചെയ്യുന്ന രീതി വളർന്നുവരുന്നുണ്ട്.

വലിച്ചെറിയുന്ന രീതി ഒഴിവാക്കി, ഉറവിടങ്ങളിൽനിന്നും പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ 1021 തദ്ദേശ സ്ഥാപനത്തിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നൂറ് ശതമാനം വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള പാഴ്‌വസ്തു ശേഖരണം ഉറപ്പാക്കുന്ന നടപടികളുമായാണ് ഇവർ മുന്നോട്ടുപോകുന്നത്. “വലിച്ചെറിയൽമുക്ത കേരളം’’ ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ നിശ്ചയിച്ച് സിസിടിവി സ്ഥാപിക്കുകയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.

വീടുകളിലെത്തി പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന ഹരിതകർമ സേനയ്ക്ക് ഇലക്ട്രിക് വാഹനം ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കാർബൺ ന്യൂട്രൽ സന്ദേശം ജനങ്ങളിലെത്തിക്കാൻകൂടിയാണ്. ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളും ഉറവിടത്തിൽ മാലിന്യം നിർമാർജനം ചെയ്യുന്ന വീടുകളും ഉൽപ്പാദിപ്പിക്കുന്ന ജൈവവളം ശേഖരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നുണ്ട്. വാതിൽപ്പടി ശേഖരണത്തിലൂടെ വീണ്ടെടുക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്. സംസ്ഥാനത്തുതന്നെ പുനഃചംക്രമണ സംവിധാനങ്ങൾ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. കോഴി- അറവുമാലിന്യം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന് മാർഗരേഖ സർക്കാർ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 11 ജില്ലയിൽ 33 റെൻഡറിങ് പ്ലാന്റ്‌ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് റിക്കവറി സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യങ്ങൾക്കും ബയോ മെഡിക്കൽ മാലിന്യങ്ങൾക്കുമുള്ള പരിപാലന സൗകര്യം തയ്യാറായി കഴിഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ദൈനംദിനം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനും തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് സ്മാർട്ട് ഗാർബേജ് ആപ്. ഈ മാസം 15 മുതൽ 365 തദ്ദേശസ്ഥാപനത്തിൽ ഈ ആപ്ലിക്കേഷൻ നടപ്പിലാക്കുകയാണ്. വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കും.

സംസ്ഥാന സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധങ്ങളായ പരിപാടികളും നടപടിക്രമങ്ങളും മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കുമ്പോൾ അവയ്ക്ക് പൂർണത ലഭിക്കണമെങ്കിൽ ജനപങ്കാളിത്തം അനിവാര്യമാണ്. ശുചിത്വമിഷൻ മുന്നോട്ടുവയ്ക്കുന്ന ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ അവരവർ കമ്പോസ്റ്റാക്കാൻ തയ്യാറാകണം. സ്വന്തം ഉത്തരവാദിത്വത്തിൽ കമ്പോസ്റ്റിങ്‌ ആരംഭിച്ചാൽ വഴിയരികിലും പൊതുഇടങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന അപരിഷ്‌കൃതവും അപമാനകരവുമായ രീതി ഇല്ലാതാക്കാൻ കഴിയും. ദൈനംദിന ജീവിതത്തിലും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ജീവിത സംസ്‌കാരം ഉയർത്തിപ്പിടിച്ച് വരുംതലമുറയോടുള്ള കരുതൽ പങ്കുവയ്ക്കാം. ലോകത്ത്‌ നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മളിൽനിന്ന്‌ തന്നെയാകട്ടെ.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.