Skip to main content

എൽ ഐ സി പോളിസി ഉടമകൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കണം

07.05.2022

10 ശതമാനം ഓഹരിക്കു റിസർവ്വേഷനും വിലയിൽ 60 രൂപ ഇളവും നൽകിക്കൊണ്ട് 30 കോടി പോളിസി ഉടമകളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ. ഓഹരി വിൽക്കാൻ അവകാശമുള്ള കമ്പനി ആയിരുന്നില്ല എൽഐസി. 2011-ലും 2021-ലും പാസ്സാക്കിയ എൽഐസി നിയമഭേദഗതികളിലൂടെയാണ് ഇതിനുള്ള നിയമപരമായ അവകാശം കേന്ദ്രസർക്കാർ സ്ഥാപിച്ചെടുത്തത്. ഈ നിയമഭേദഗതികളെത്തന്നെ കോടതികളിൽ ചോദ്യം ചെയ്യുവാൻ പോവുകയാണ്. മദിരാശി, മുംബൈ ഹൈക്കോടതികൾ നിയമനിർമ്മാണ നടപടിക്രമങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേസുകൾ തള്ളി. അതുകൊണ്ട് ഇപ്പോൾ നിയമത്തിന്റെ ഉള്ളടക്കത്തെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് ഫയൽ ചെയ്യുകയാണ്.

എൽഐസിയുടെ ഓഹരി വിൽപ്പന എങ്ങനെയാണ് പോളിസി ഉടമകളുടെ ഭാവി വരുമാനത്തെ കൊള്ളയടിക്കുകയെന്നതിനു ചില കണക്കുകൾ അവതരിപ്പിക്കട്ടെ. 2020-21-ലെ ഇൻഷ്വറൻസ് മേഖലയുടെ പ്രസക്തമായ ചില കണക്കുകൾ റെഡ്ഹെറിംഗ് റിപ്പോർട്ടിൽ ലഭ്യമാണ്.

എൽഐസി 2020-21-ൽ 57120 കോടി രൂപ ബോണസായി വിതരണം ചെയ്തു. അതേസമയം ലാഭവിഹിതമായി മാറ്റിയത് 2829 കോടി രൂപയാണ്. ലാഭത്തിന്റെ 20.19 മടങ്ങാണ് ബോണസായി വിതരണം ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ താരതമ്യ കണക്കുകൾ ലഭ്യമാണ്. അവ വിതരണം ചെയ്ത ബോണസ് തുക 5763 കോടി രൂപയാണ്. ലാഭമായി മാറ്റിയത് 9011 കോടി രൂപയാണ്. ബോണസിനേക്കാൾ കൂടുതൽ ലാഭമാണ്. ബോണസ് ലാഭത്തിന്റെ 0.82 ശതമാനമേ വരൂ.

എൽഐസി ഇന്നത്തെ ഒരു സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയെപ്പോലെയായി മാറുമ്പോൾ പോളിസി ഉടമകളുടെ ബോണസിന് എന്തു സംഭവിക്കുമെന്നതിന്റെ കൃത്യമായ ഒരു ചിത്രമാണിത്.

ഇതിനുള്ള പരിഹാരമായി നിയോലിബറലുകൾ വാദിക്കുക പോളിസി ഉടമകൾക്കു ഓഹരി ഉടമകൾ ആകാമല്ലോ എന്നാണ്. 30 കോടിയിൽപ്പരം വരുന്ന പോളിസി ഉടമകൾക്കു 10 ശതമാനമാണ് ഓഹരി സംവരണം ചെയ്തിരിക്കുന്നത്. അതേസമയം സ്ഥാപന നിക്ഷേപകർക്കു 40 ശതമാനത്തിലേറെ സംവരണം ചെയ്തിരിക്കുന്നു. ഈ പോളിസി ഉടമകളിൽ എത്ര ശതമാനം പേർക്ക് ഓഹരി ഉടമസ്ഥാരാകാൻ കഴിയും? ഇന്നത്തെ ഓഹരി ഉടമസ്ഥരിൽ ഒരു വരേണ്യ വിഭാഗത്തിനേ ഇതിനു കഴിയൂ. അതേസമയം ഓഹരി ഉടമസ്ഥർക്കെല്ലാവർക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ബോണസ് കുത്തനെ ഇടിയുകയും ചെയ്യും. ഇതാണു സംഭവിക്കുക.

സർക്കാരിന് എൽഐസിയെ സ്വകാര്യവൽക്കരിക്കണമെന്നു വാശിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് പോളിസി ഉടമകൾക്കു നഷ്ടപരിഹാരം നൽകുകയാണ്. എൽഐസി ദേശസാൽക്കരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന മ്യൂച്വൽ സൊസൈറ്റികൾക്കും നഷ്ടപരിഹാരം നൽകി. മ്യൂച്വൽ സൊസൈറ്റികളുടെ മുഴുവൻ ആദായവും പോളിസി ഉടമകൾക്കുള്ളതാണ്. എന്നുവച്ചാൽ സർക്കാർ സൊസൈറ്റികളുടെ പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ദേശസാൽക്കരണം നടത്തിയത്. ഈ തത്വം ഇന്നും ബാധകമാണ്.

Investopedia ഡിമ്യൂച്വലൈസേഷനെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: “Demutualization is a process by which a private, member-owned company, such as a co-op, or a mutual life insurance company, legally changes its structure, in order to become a public-traded company owned by shareholders.” ഇത്തരമൊരു നടപടി സ്വീകരിക്കാതെ പോളിസി ഉടമകളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നേടുന്ന ആദായം ബോണസായി നൽകാതെ ഓഹരി ഉടകളുടേതായി മാറ്റാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

അന്തർദേശീയ കീഴ്വഴക്കങ്ങൾ ഇതിനു വിരുദ്ധമാണ്. ഒട്ടേറെ പ്രസിദ്ധമായ ഇൻഷ്വറൻസ് കമ്പനികളുടെ തുടക്കം മ്യൂച്വൽ സൊസൈറ്റികളെന്ന നിലയിലാണ്. അവ കമ്പനികളായി രൂപാന്തരപ്പെടുന്നതിനുമുമ്പ് ഡിമ്യൂച്വലൈസേഷനു (De-mutualization) വിധേയമാകും. പോളിസി ഉടമകൾക്കു ഷെയറോ കാശായി നഷ്ടപരിഹാരമോ ഓഹരിയോ നൽകും. Sun Life Assurance Company (March 2000), Prudential Insurance Company (December 2000) എന്നിവയുടെ കോർപ്പറൈറ്റേസേഷൻ ഇതിനുദാഹരണമാണ്. 10 ശതമാനം ഓഹരിയുടെ റിസർവേഷനും 60 രൂപ വില കുറച്ചു കൊടുക്കുന്നതുംകൊണ്ട് ഡിമ്യൂച്വലൈസേഷൻ ആകുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി കിഫ്ബിയുമായി ബന്ധപ്പെട്ട് അയച്ചിട്ടിരിക്കുന്ന സമൻസ് പിൻവലിക്കണം

ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കത്തു നൽകി. അതോടൊപ്പം ഇഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു.

സ. ടി എം തോമസ് ഐസക് എഴുതുന്നു

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്.

സ. കെ രാധാകൃഷ്‌ണൻ എഴുതുന്നു

"മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം‌‍" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്‌ത്‌ ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്.