ഇന്ത്യയിലെ വർധിക്കുന്ന സാമ്പത്തിക അസമത്വം വ്യക്തമാക്കി ഒക്‌സ്‌ഫാം റിപ്പോർട്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും കൈവശം വയ്ക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരാണ്. അതേസമയം ആകെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ജനസംഖ്യയുടെ പകുതിയോളം പേർ പങ്കിടുന്നത്. രാജ്യത്ത് രണ്ട് വർഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്നും 166 ആയും വർധിച്ചു.
ഇന്ത്യയിലെ പത്ത് അതിസമ്പന്നർക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയാൽ രാജ്യത്തെ പഠനം മുടങ്ങിയ എല്ലാ കുട്ടികളെയും സ്‌കൂളിൽ തിരിച്ചെത്തിക്കാൻ ആവശ്യമായ തുക ലഭിക്കും. കോവിഡ് ആരംഭിച്ചശേഷം കഴിഞ്ഞ നവംബർവരെ ശതകോടീശ്വരന്മാരുടെ സ്വത്ത് 121 ശതമാനം വർധിച്ചു. ദിവസേന 3608 കോടി രൂപ ഇവരുടെ ആസ്‌തിയിൽ വർധനയുണ്ടാകുമ്പോഴും ഇവരിൽനിന്ന് ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. 2021–22ൽ ജിഎസ്‌ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത് 14.83 ലക്ഷം കോടി രൂപയാണ്. ഇതിൽ മേൽത്തട്ടിലുള്ള 10 ശതമാനം പേരിൽനിന്നുള്ള വിഹിതം വെറും മൂന്ന് ശതമാനം മാത്രം. താഴെത്തട്ടിലുള്ള 50 ശതമാനമാണ് 64 ശതമാനം വിഹിതവും സംഭാവന ചെയ്‌തത്
സമ്പന്നരുടെ നിലനിൽപ്പ് മാത്രം ഉറപ്പാക്കുന്ന സംവിധാനമാണ് ഇന്ത്യയിലുള്ളത്. ദളിത് വിഭാഗങ്ങൾ, ആദിവാസികൾ, മുസ്ലിങ്ങൾ, സ്ത്രീകൾ, അനൗപചാരിക മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ ഇന്ത്യയിൽ ദുരിതമനുഭവിക്കുകയാണ്. ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സ്വത്തിന്റെ മൂല്യം 54.12 ലക്ഷം കോടി രൂപയാണ്. ഇത് ഒന്നരവർഷത്തെ കേന്ദ്ര ബജറ്റിന് തുല്യമായ തുകയാണ്. ഗൗതം അദാനി
2017–2021ൽ ആർജിച്ച സ്വത്തിന് ഒറ്റത്തവണ നികുതി ചുമത്തിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാം. ഈ തുക ഉപയോഗിച്ച് വർഷത്തിൽ 50 ലക്ഷം പ്രൈമറി അധ്യാപകരെ നിയമിക്കാൻ സാധിക്കും. രാജ്യത്തെ ശതകോടീശ്വരന്മാർക്ക് രണ്ട് ശതമാനം നികുതി ചുമത്തിയാൽ മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള 40,423 കോടി രൂപ ലഭിക്കും. കൂലി ലഭ്യതയിലും വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. പുരുഷന് ഒരു രൂപ ലഭിക്കുമ്പോൾ അതേ മേഖലയിൽ സ്‌ത്രീക്ക് ലഭിക്കുന്നത് 63 പൈസ മാത്രമാണെന്നും ഒക്‌സ്‌ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.