Skip to main content

മറുനാടന്റെ മഞ്ഞ സാഹിത്യത്തെ പത്രപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യമായി കാണുന്നവർക്ക് സ്വദേശാഭിമാനി കൊളുത്തിവിട്ട ജനപക്ഷ മുന്നേറ്റത്തിന്റെ പത്രസംസ്കാരം മനസ്സിലാക്കാനാകില്ല

മാർക്സിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു വില്ല്യം ഷേക്സ്പിയർ. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളെന്നും മാർക്സ് നിരീക്ഷിച്ചു. ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ സവിശേഷത മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെയും സാഹിത്യ കുതുകികളുടെ വായനയിലൂടെയും മാത്രമല്ല, കഥാപ്രസംഗമെന്ന ജനകീയ കലയിലൂടെ സാംബശിവനും ഒഥല്ലോയെ കേരള ജനതയുടെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്.

ഈ നാടകത്തിലെ മൂന്നു കഥാപാത്രം വർത്തമാനകാലത്ത് ശ്രദ്ധേയമായിത്തീരുന്നുണ്ട്. അതിലെ നായകനായ ഒഥല്ലോയ്‌ക്ക്‌ വെനീസിന്റെ സേനാനായക പദവി ലഭ്യമാകുന്നു. ഒഥല്ലോ തന്റെ ഉപസൈന്യാധിപനായി ക്യാഷ്യോയെ നിയമിക്കുന്നു. എന്നാൽ, ഉപനായക പദവി തനിക്ക് ലഭിക്കേണ്ടതാണെന്ന് ഒഥല്ലോയുടെ പതാകവാഹകനായ ഇയാഗോ കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒഥല്ലോയെത്തന്നെ തകർക്കാൻ ഇയാഗോ തന്ത്രങ്ങൾ മെനയുന്നു. ഈ നീക്കം ദുരന്തപര്യവസായിയായിത്തീരുകയും ചെയ്യുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചയാളും, അത് നഷ്ടപ്പെട്ടയാളും തനിക്കാണ് അത് ലഭിക്കേണ്ടതെന്ന് കരുതുന്നവരും നടത്തുന്ന ജൽപ്പനങ്ങൾ ഷേക്സ്‌പിയർ നാടകങ്ങളിലെ മനുഷ്യഭാവങ്ങളെ ഓർമപ്പെടുത്തുന്നവിധത്തിലാണ്. അതിനാൽ മനുഷ്യഭാവങ്ങളെ തന്റെ തൂലികയിലാവാഹിച്ച ഷേക്സ്പിയറുടെ മഹാ പ്രതിഭയ്ക്കു മുന്നിൽ നമുക്ക് പ്രണമിക്കാതിരിക്കാനാകില്ല. മികച്ച കൃതികൾ കാലത്തെ അതിജീവിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്നും ഓർക്കാം. ആംഗലേയ സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയ ചില പഴഞ്ചൊല്ലുകളും വർത്തമാനകാല കേരള രാഷ്ട്രീയത്തിലെ വലതുപക്ഷ ശക്തികളുടെ രീതികളുമായി മൂന്നു കഥാപാത്രങ്ങൾ ഒത്തുപോകുന്നതാണ്. Birds of the same feather flock together എന്നത് ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ്. ഒരേ സ്വഭാവമുള്ളവർ കൂട്ടായി നിൽക്കുമെന്നതാണ് ഇതിന്റെ പൊരുൾ. ഇതുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലാണ് Tell me who your friends are, I will tell who you are. (നിങ്ങളുടെ സുഹൃത്തുക്കൾ ആരെന്ന് പറഞ്ഞാൽ നിങ്ങളാരാണെന്ന് ഞാൻ പറയാം)

മോൻസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരൻ പോക്സോ കേസിൽ മൂന്നു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു. കടുത്ത പരാമർശമാണ് കോടതി വിധിയിലുണ്ടായത്. വിധി വന്ന ശേഷവും കോടതിയുടെ കടുത്ത പരാമർശത്തിനിരയായി തീവ്രമായ ശിക്ഷ ഏറ്റുവാങ്ങിയ ആൾ തന്റെ സുഹൃത്താണെന്ന് പ്രഖ്യാപിച്ചത് കെപിസിസി പ്രസിഡന്റാണ്. മേൽപ്പറഞ്ഞ പഴഞ്ചൊല്ലുകൾ പതിരില്ലാത്തതാണെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. അശ്ലീലത മറ്റുള്ളവരിൽ ചൊരിയാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. തന്റെ പ്രതിരൂപങ്ങളെ എവിടെയും കണ്ടെത്താൻ ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് മാർക്സിന്റെ വിലയിരുത്തൽ ഇവിടെയും പ്രസക്തമാകുന്നുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ രാഷ്ട്രീയ നിലപാടുകളിലെ അശ്ലീലത കേരളം നേരത്തേ കണ്ടതാണല്ലോ. ഹിന്ദത്വ രാഷ്ട്ര രൂപീകരണത്തിന് തടസ്സമായി നിന്ന കോൺഗ്രസ് നേതാക്കളിൽ രണ്ട് പേരെക്കുറിച്ച് ഇഎംഎസ് എടുത്തു പറഞ്ഞിരുന്നു. ഗാന്ധിജിയും നെഹ്റുവുമാണത്. ആ നെഹ്റു, സംഘപരിവാറിന്റെ കൂട്ടാളിയാണെന്ന അശ്ലീലം കേരളം മുഴുവൻ പരത്തിയ ആളാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. ഈ അശ്ലീലത്തെ പ്രതിരോധിക്കാൻ മുൻപന്തിയിൽനിന്ന പത്രമായിരുന്നു ദേശാഭിമാനി. രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദ് ചെയ്തപ്പോൾ ജനാധിപത്യം അപകടത്തിലെന്ന് ഓർമപ്പെടുത്തിയതും ദേശാഭിമാനിയായിരുന്നു. ലക്ഷദ്വീപിലെ എംപിയെ സംഘപരിവാർ പുറത്തെറിയാൻ ശ്രമിച്ചപ്പോഴും സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറായപ്പോഴും ഒന്നും മിണ്ടാത്ത നിലയാണ് കോൺഗ്രസ് സ്വീകരിച്ചത്. അപ്പോഴും ജനാധിപത്യത്തിന്റെ കാവലാളായി ഈ പത്രമുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യത്യസ്തമായ പങ്കുവഹിച്ചവയാണ് കേരളത്തിലെ പത്രമാധ്യമങ്ങൾ. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം ബ്രിട്ടീഷ് സർക്കാരിന്റെ ആശയങ്ങൾ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പത്രങ്ങളില്ല എന്ന പരിമിതി മറികടക്കുന്നതിനാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആദ്യ പതിപ്പിലേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സേവയോടൊപ്പംതന്നെ ജനവിരുദ്ധ നയങ്ങളുടെ പ്രചാരകരായും ജനപക്ഷ രാഷ്ട്രീയത്തെ മുളയിലേ നുള്ളാനുള്ള ആവേശവുമായാണ് അവർ പ്രവർത്തിച്ചത്. അത് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറയുന്നതുവരെയെത്തി. ഈ പ്രതിലോമതയെയെല്ലാം വകഞ്ഞുമാറ്റിയാണ് കേരളീയ സമൂഹം മുന്നോട്ടുപോയത്.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നതാണ് മലയാളത്തിൽ പ്രചാരത്തിൽ രണ്ടാമതുള്ള പത്രം. ആ പാരമ്പര്യത്തെയാകെ കളഞ്ഞുകുളിച്ച് സംഘപരിവാറിന്റെ നേതാക്കളെക്കൊണ്ട്, ഹിന്ദുത്വ ശക്തികൾ കൊന്നൊടുക്കിയ ഗാന്ധിജിയുടെ അനുസ്മരണം എഴുതിച്ച അശ്ലീലവും ഇവിടെ അരങ്ങേറുകയുണ്ടായി. ഗാന്ധിജിയുടെ രക്തസാക്ഷിത്വംപോലും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള സംഘപരിവാർ പ്രചാരണങ്ങളുടെ കുഴലൂത്തുകാരായി മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ അധഃപതിച്ചു. അപ്പോഴും ഗാന്ധിജി കൊല്ലപ്പെട്ടതാണെന്ന് വിളിച്ചു പറയാൻ ധീരതയോടെ ദേശാഭിമാനി ഉണ്ടായിരുന്നു. പ്രചാരണത്തിൽ മുമ്പിലുള്ള രണ്ട് മലയാള പത്രവും ചേർന്ന് പുരാവസ്തുക്കളുടെ ഇടയിലേക്ക് മാറ്റപ്പെട്ട ചെങ്കോലെന്ന രാജാധികാരത്തിന്റെ പ്രതീകത്തെ സ്ഥാപിക്കാനുള്ള പദ്ധതിയെ പുതുയുഗമെന്നാണ് വിശേഷിപ്പിച്ചത്. ആ ഘട്ടത്തിലും ഇത് ഇന്ത്യയല്ല എന്നോർമിപ്പിച്ച് ദേശീയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും കൊടിക്കൂറ ഉയർത്തിപ്പിടിക്കുകയായിരുന്നു ദേശാഭിമാനി.

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ദേശാഭിമാനി നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. ദേശാഭിമാനിയുടെ ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് പി കൃഷ്ണപിള്ള പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു ‘‘കേരളത്തിന്റെ പരമോന്നതമായ കീർത്തിക്കുവേണ്ടി, നമ്മുടെ മാതൃഭൂമിയായ ഇന്ത്യയുടെ മോചനത്തിനുവേണ്ടി നാട്ടുകാരുടെ വിധി നാട്ടുകാർതന്നെ തീരുമാനിക്കുകയും ഈ കമ്യൂണിസ്റ്റ് ദിനപത്രം എല്ലാവരെയും സേവിക്കാനും എല്ലാവരെയും ഉണർത്തിവിടാനും യത്നിക്കുന്നതായിരിക്കും''. ഈ കാഴ്ചപ്പാടാണ് ദേശാഭിമാനിയുടെ ഊർജവും ജീവവായുവുമായി ഇന്നും നിലനിൽക്കുന്നത്.

ജനപക്ഷത്തു നിന്നുകൊണ്ട് നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ദേശാഭിമാനിയെ നിരോധിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്ന നിലയുണ്ടായി. മലബാറിലെ കാർഷിക കലാപത്തിന്റെ സ്വഭാവം വിലയിരുത്തിക്കൊണ്ട് ‘ആഹ്വാനവും താക്കീതു’മെന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാൽ ദേശാഭിമാനി നിരോധിച്ചു. 1943ൽ കയ്യൂർ സഖാക്കളെ തൂക്കിക്കൊന്നതിനെത്തുടർന്ന് ‘തൂക്കുമരത്തിന്റെ വിളി’ എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനും, 1944ൽ ‘ഏറനാടിന്റെ മക്കളെ’ന്ന പാട്ട് പ്രസിദ്ധീകരിച്ചതിനും നടപടി നേരിട്ട പത്രമാണിത്. സ്വതന്ത്ര ഇന്ത്യയിലും ഈ നിരോധനം നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയിലും ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ദേശാഭിമാനി മുഴുകി.

ആഗോളവൽക്കരണ നയങ്ങൾക്കെതിരെ പോരാടിക്കൊണ്ടും ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഹിന്ദുത്വ അജൻഡ തുറന്നുകാട്ടിയും പോരാട്ടം ദേശാഭിമാനി തുടരുകയാണ്. അമിതാധികാര പ്രവണതകൾക്കെതിരെ ബഹുസ്വരതയിൽ ഉറച്ചുനിന്നുകൊണ്ട് ജനങ്ങൾക്കൊപ്പം പത്രം നിലയുറപ്പിച്ചു. മതരാഷ്ട്രവാദികളുടെ ഒളിപ്പിച്ചുവച്ച അജൻഡകളെ തുറന്നുകാട്ടി മുന്നോട്ടുപോകുകയും ചെയ്തു.

മറുനാടന്റെ മഞ്ഞ സാഹിത്യത്തെ പത്രപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യമായി കാണുന്നവർക്ക് സ്വദേശാഭിമാനി കൊളുത്തിവിട്ട ജനപക്ഷ മുന്നേറ്റത്തിന്റെ പത്രസംസ്കാരം മനസ്സിലാക്കാനാകില്ല. സ്വന്തം മുഖപുസ്തകത്തിൽ അശ്ലീല സാഹിത്യം കുറിക്കുകയും, അത് അഭിമാനമായി കൊണ്ടുനടക്കുന്നവരുടെ പാരമ്പര്യവും ദേശാഭിമാനിയുടെ സമീപനങ്ങളും രണ്ട് വ്യത്യസ്ത സംസ്കാരത്തിന്റെ അടയാളങ്ങളാണ്.

മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളും, അതിന്റെ രാഷ്ട്രീയവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ ഇടപെടലുകളെ കോടതി നിശിതമായി വിമർശിച്ചിരിക്കുകയാണ്. പ്രിയ വർഗീസിന്റെ കേസുമായി ബന്ധപ്പെട്ട വിധിയിൽ കോടതി മാധ്യമങ്ങൾക്കെതിരെ നടത്തിയ പരാമർശം ഇതാണ് വ്യക്തമാക്കുന്നത്. കോടതി വിധിയിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ മാധ്യമങ്ങൾ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരുംദിവസങ്ങളിൽ വാർത്താ റിപ്പോർട്ടിങ്ങിൽ ഉത്തരവാദിത്വമുള്ള പത്രപ്രവർത്തക പെരുമാറ്റച്ചട്ടം സ്വീകരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അത്തരം ജനാധിപത്യ സംസ്കാരത്തിനായുള്ള പോരാട്ടം നമുക്ക് തുടരാം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.