Skip to main content

ഹിന്ദുത്വ രാഷ്‌ട്രീയ ഇടപെടലിൽ ചോരക്കളമായ മണിപ്പൂരിലെ സ്‌ത്രീകളുള്‍പ്പെടെയുള്ളവരുടെ കണ്ണുനീരിന്‌ ഉത്തരവാദികൾ ഹിന്ദുത്വ ശക്തികള്‍

മണിപ്പൂരില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. കൊലപാതകങ്ങളും, തീവെപ്പുകളും, അഭയാര്‍ത്ഥി പ്രവാഹങ്ങളും എല്ലാം കടന്ന്‌ സ്‌ത്രീത്വത്തെ പിച്ചിചീന്തുന്ന ഒരിക്കലും ആഗ്രഹിക്കാത്ത വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവരികയാണ്‌. സുപ്രീം കോടതി ഇവിടുത്തെ സംഭവങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചും കഴിഞ്ഞിരിക്കുകയാണ്‌.

വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാണ്‌ മണിപ്പൂര്‍. മണിപ്പൂരി നൃത്തവും, സ്‌പോര്‍ട്‌സ്‌ രംഗത്തെ മണിപ്പൂരിന്റെ കുതിപ്പും അഭിമാനത്തോടെ നോക്കിനിന്നവര്‍ക്കെല്ലാം കടുത്ത ആഘാതമാണ്‌ ഇപ്പോഴത്തെ സംഭവങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌. 22,327 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള രണ്ട്‌ ലോകസഭാ മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനമാണിത്‌. നാഗാലാന്റിനും, മിസാറാമിനും, ആസ്സാമിനും ഇടയില്‍ കിടക്കുന്ന ഈ കൊച്ചു സംസ്ഥാനം ബര്‍മ്മയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്‌. 1956-ല്‍ കേന്ദ്രഭരണ പ്രദേശമായും, 1972-ല്‍ സംസ്ഥാനമായും പരിവര്‍ത്തിക്കപ്പെട്ടു.

വ്യത്യസ്‌തമായ ജനവിഭാഗങ്ങളുടെ സംഗമഭൂമികൂടിയാണ്‌ ഇത്‌. 53 ശതമാനം ജനത മെയ്‌തെയ്‌ വിഭാഗത്തില്‍പ്പെട്ടവരാണ്‌. 24 ശതമാനം നാഗാ വംശജരാണ്‌. 16 ശതമാനമാവട്ടെ കുക്കി വംശജരാണ്‌. കുക്കികളാവട്ടെ മലയോരത്തും.

സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെ ഈ നാടാണ്‌ സംഘര്‍ഷങ്ങളുടെ ഭൂമിയായി പരിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌. താരതമ്യേന സമ്പന്നമായ മെയ്‌തെയ്‌ വിഭാഗം പട്ടികജാതി വിഭാഗത്തിലാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌. കുക്കി വിഭാഗമാവട്ടെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലും. മെയ്‌തെയ്‌ വിഭാഗത്തെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കോടതി വിധി രൂപപ്പെട്ടതോടെയാണ്‌ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത്‌. ഇവ ധൃതിപിടിച്ച്‌ നടപ്പിലാക്കുന്നതിന്‌ ബി.ജെ.പി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാതോടെ സ്ഥിതിഗതികള്‍ ഗുരുതരമാകുന്നു.

കുക്കി വംശജര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. സംവരണത്തിലൂടെ തങ്ങള്‍ക്ക്‌ ലഭിച്ചു കൊണ്ടിരുന്ന തൊഴില്‍ സാധ്യതകള്‍ മെയ്‌തെയ്‌ വിഭാഗങ്ങളുമായി പങ്കുവെക്കേണ്ടിവരുന്നത്‌ തങ്ങളെ കൂടുതല്‍ പിന്നോക്കം കൊണ്ടുപോകുമെന്ന ഭയം അവരില്‍ ഉയര്‍ന്നുവരുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ ഭൂമിയും, സ്വത്തും സംരക്ഷിക്കുന്നതിനുള്ള സവിശേഷമായ നിയമങ്ങള്‍ അവിടെ നിലവിലുണ്ട്‌. അത്തരം പരിഗണന മെയ്‌തെയ്‌ വിഭാഗത്തിനും ലഭിക്കുന്നതോടെ തങ്ങളുടെ ആവാസ വ്യവസ്ഥ തന്നെ കൈയ്യേറ്റം ചെയ്യപ്പെടുമെന്ന ചിന്ത അവരിലുയര്‍ന്നുവരുന്നു. ഇത്‌ പ്രക്ഷോഭത്തിലേക്ക്‌ നയിക്കുന്നു. ഇത്‌ മെയ്‌തെയ്‌ - കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി വികസിക്കുന്നു. ഈ ഘട്ടത്തില്‍ ശക്തമായി ഇടപെടാതെ മാറിനിന്ന സര്‍ക്കാര്‍ നടപടി സംഘര്‍ഷങ്ങളെ വ്യാപിപ്പിച്ചു.

200ലേറെ പേര്‍ കൊല്ലപ്പെട്ടു, 5,000 വീടുകള്‍ ചുട്ടെരിക്കപ്പെട്ടു, 60,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലായി, 300ലേറെ ക്രിസ്‌ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടു. തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട്‌ പ്രതിപക്ഷ കക്ഷികളുള്‍പ്പെടെ ഡല്‍ഹിയില്‍ പോയി അഭ്യര്‍ത്ഥിച്ചിട്ടും അവരെ കാണാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല.

ഇത്ര വലിയ സംഘര്‍ഷം ഉയരാനിടയായ സാഹചര്യമെന്താണ്‌. ഇത്ര വലിയ വൈരുദ്ധ്യം എങ്ങനെ രൂപപ്പെട്ടുവന്നു. മലയോരങ്ങളില്‍ ജീവിക്കുന്ന കുക്കി വിഭാഗം ഭക്ഷണാവശ്യത്തിനായി ഓപിഎം കൃഷി ചെയ്യുന്നുണ്ട്‌. ഇതിന്റെ പൂക്കള്‍ മയക്കുമരുന്നിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇത്‌ കാണിച്ച്‌ കുക്കികള്‍ മയക്കുമരുന്നുകളുടെ വക്താക്കളാണെന്ന പ്രചരണം സജീവമായിരുന്നു. വനം കൊള്ളക്കാരായും ഈ വിഭാഗത്തെ ചിത്രീകരിച്ചിരുന്നു. മലയോര മേഖലകള്‍ ധാതു സമ്പത്തുകൊണ്ട്‌ സമ്പന്നമായതിനാല്‍ ആ മേഖല കൈവശപ്പെടുത്താനുള്ള വാണിജ്യ ശക്തികളുടെ താല്‍പര്യങ്ങളും ഇതിന്‌ പിന്നിലുണ്ടെന്ന വിലയിരുത്തലുമുണ്ട്‌. കുക്കി വിഭാഗവുമായി ബി.ജെ.പിയുടെ ആസ്സാം മുഖ്യമന്ത്രിയുമായി ഇവര്‍ക്ക്‌ നല്ല ബന്ധമാണ്‌ എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌.

മെയ്‌തെയ്‌ വിഭാഗത്തിനിടയില്‍ ചില സായുധ ഗ്രൂപ്പുകളുണ്ട്‌. അത്തരം സംഘങ്ങളുമായി സംഘപരിവാറിനുള്ള ബന്ധം നേരത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. കുക്കി വിഭാഗത്തിനിടയിലും ഇത്തരം ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മെയ്‌തെയ്‌ വിഭാഗത്തിലെ ജനത സവിശേഷമായ വിശ്വാസങ്ങള്‍ കൈമുതലായവയാണ്‌. ഇവരെ ഹിന്ദുത്വത്തിന്റെ ധാരയിലേക്ക്‌ കൊണ്ടുവരാനുള്ള ഇടപെടലും സജീവമാണ്‌. അവര്‍ക്ക്‌ ഭിന്നത നേട്ടമാണല്ലോ. കുക്കി വിഭാഗമാവട്ടെ പൊതുവെ ക്രിസ്‌ത്യന്‍ വിശ്വാസികളാണ്‌.

മെയ്‌തെയ്‌ - കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടേണ്ടതില്ല. എന്നാല്‍ ഈ സംഘര്‍ഷത്തില്‍ അത്‌ വ്യാപകമായി നടന്നിട്ടുണ്ട്‌. ഹിന്ദു - ക്രിസ്‌ത്യന്‍ സംഘര്‍ഷം സൃഷ്ടിച്ച്‌ വടക്ക്‌ - കിഴക്കന്‍ മേഖലയില്‍ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനുള്ള താല്‍പര്യങ്ങളും ഇതിന്‌ പിന്നിലുണ്ടെന്ന്‌ വ്യക്തം.

ജനങ്ങളെ വര്‍ഗ്ഗീയമായി വിഭജിച്ച്‌ ഹിന്ദുത്വ പാതയിലേക്ക്‌ നയിക്കുകയെന്ന അത്തരം ശക്തികളുടെ താല്‍പര്യവും ഇതിന്‌ പിന്നിലുണ്ട്‌. വര്‍ഗ്ഗീയവും, വംശീയവുമായ സംഘര്‍ഷങ്ങളെ നേരിടാന്‍ അടിന്തരമായി വേണ്ടത്‌ ശക്തമായ പോലീസിന്റെ ഇടപെടലാണ്‌. ഇവിടെ പേലീസ്‌ നിര്‍വീര്യമായി. അവരുടെ ക്യാമ്പുകളില്‍ നിന്ന്‌ അക്രമികള്‍ തോക്കുകള്‍ കൊള്ളയടിച്ചുകൊണ്ടുപോയി. ഇവയ്‌ക്കെല്ലാം എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ പകരം തോക്ക്‌ തിരിച്ച്‌ തരാന്‍ പോസ്റ്റര്‍ പ്രചരണം നടത്തുന്ന നിലയില്‍ അവര്‍ ദുര്‍ബലരായി. ഇത്തരം ഘട്ടങ്ങളില്‍ സജീവമായി ഇടപെട്ട്‌ ജനങ്ങളെ രക്ഷിക്കേണ്ട പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായതുമില്ല.

രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ധ്രുവീകരണ രാഷ്‌ട്രീയം രൂപപ്പെടുത്തുമ്പോള്‍ നാട്‌ എവിടെ എത്തിച്ചേരുമെന്നതിന്റെ നേര്‍ചിത്രമാണ്‌ മണിപ്പൂര്‍. കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ക്കായി ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഇടപെടലാണ്‌ മണിപ്പൂരിനെ ചോരക്കളമാക്കിയത്‌. ദുരന്തങ്ങളുടെ പാളയത്തിലെറിയപ്പെടുന്ന സ്‌ത്രീകളുള്‍പ്പെടെയുള്ളവരുടെ കണ്ണുനീരിന്‌ ഹിന്ദുത്വ ശക്തികള്‍ ഉത്തരവാദികളാണ്‌. ഇത്തരം പരീക്ഷണങ്ങള്‍ വ്യാപിക്കാതിരിക്കാനുള്ള ശക്തമായ അവബോധം ധ്രുവീകരണ രാഷ്‌ട്രീയത്തിനെതിരെ ഉയരേണ്ടതുണ്ടെന്നും മണിപ്പൂര്‍ ഓര്‍മ്മപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.