Skip to main content

വയനാട് ദുരന്തംമൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2012ൽ കേരളത്തിൽ വരൾച്ച ഉണ്ടായപ്പോൾ ഏത് മാനദണ്ഡ പ്രകാരമാണ് യുഡിഎഫ് സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതെന്ന് വിശദീകരിക്കാമോ?

വയനാട് ദുരന്തംമൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2012-ൽ കേരളത്തിൽ വരൾച്ച ഉണ്ടായപ്പോൾ ഏത് മാനദണ്ഡ പ്രകാരമാണ് യുഡിഎഫ് സർക്കാർ 19,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതെന്ന് വിശദീകരിക്കാമോ? 2012 മുതൽ കേരളം ദുരന്തനിവാരണനിധിയിൽ നിന്ന് അധിക സഹായം തേടിയ നിവേദനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങേയ്ക്കു തന്നെ അവ പരിശോധിക്കാം.

ഇന്നലെ ചാനലുകളും സോഷ്യൽമീഡിയയിലെ യുഡിഎഫ്-ബിജെപി ഹാന്റിലുകളും കേരളത്തിന്റെ തട്ടിപ്പ് കണക്കിനെക്കുറിച്ച് അർമാദിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അതിൽ പങ്കുചേരാതിരുന്നപ്പോൾ എനിക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായി. എൽഡിഎഫിന് തുടർഭരണം കിട്ടിയതു മുതൽ യുഡിഎഫ് സ്വീകരിച്ച നിഷേധാത്മക രാഷ്ട്രീയത്തിൽ നിന്ന് ഒരു ചുവടുമാറ്റമാണോ? അങ്ങനെയൊരു മനംമാറ്റവും തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

“കേന്ദ്ര ഗവൺമെന്റിന് ഇങ്ങനെയാണോ മെമ്മോറാണ്ടം സമർപ്പിക്കേണ്ടത്? എസ്ഡിആർഎഫ് നോംസ് അനുസരിച്ചിട്ടാണ് കേന്ദ്ര ഗവൺമെന്റിന് ഇത് സമർപ്പിക്കേണ്ടത്. എസ്ഡിആർഎഫ് നോംസുമായി ബന്ധപ്പെട്ട് യാതൊരുബന്ധവും ഇതിലെ പല കാര്യങ്ങൾക്കും ഇല്ല. മാത്രമല്ല, ഇതൊരു സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് വച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഒരു സാമാന്യബുദ്ധിയുള്ള ഒരു ക്ലർക്കുപോലും ഇത് തയ്യാറാക്കുമെന്ന് ഞാൻ കരുതുന്നില്ല.”

പ്രതിപക്ഷ നേതാവ് അറിയാൻ - എൽഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിച്ചപ്പോഴും പ്രകൃതിദുരന്ത കണക്കുകൾ കൂട്ടുന്നതിന് ഒരേ സമ്പ്രദായമാണ് അനുവർത്തിക്കുന്നത്. എസ്ഡിആർഎഫ് മാനദണ്ഡ പ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. അതുപ്രകാരം 10 ഇനങ്ങൾക്കുള്ള മൊത്തം ചെലവ് 214 കോടി രൂപയാണ്. എന്നാൽ സംസ്ഥാനത്തിനുണ്ടാകുന്ന പ്രതീക്ഷിത നഷ്ടമാകട്ടെ 524 കോടി രൂപയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തിനു മുഖ്യകാരണം ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിർമ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇനം മാറ്റിയാൽ രണ്ട് മതിപ്പുകണക്കും തമ്മിലുള്ള വ്യത്യാസം 90 കോടി രൂപയായി കുറയും.

പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. ആക്ച്വലായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 47 കോടി രൂപ ആപതമിത്ര-സിവിൽ ഡിഫൻസ് സന്നദ്ധപ്രവർത്തകർക്കും പൊലീസ്, സേന വിഭാഗങ്ങൾക്കും പ്രതീക്ഷിക്കുന്ന ചെലവാണ്. സാധാരണ സന്നദ്ധപ്രവർത്തകർക്കും ചെലവ് വന്നിട്ടുണ്ടെങ്കിൽ അതും ഇതിൽ ഉൾപ്പെടും. 21 കോടി രൂപ യന്ത്രങ്ങൾക്കുള്ള വാടക ചെലവാണ്. 34 കോടി രൂപ ദുരിതാശ്വാസ ക്യാമ്പുകളുടെ മൊത്തം പ്രതീക്ഷിത ചെലവാണ്. ഇതൊക്കെ ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളോടു പറയട്ടെ - 2018-ൽ 30,000-ത്തിൽപ്പരം കോടിയുടെ ആയിരുന്നു നഷ്ടം. 6000 കോടിയുടെ ധനസഹായമാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. 2914 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ചു!

ബിജെപി നേതാവ് കെ. സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ ഇത്രയും തുക സർക്കാർ എഴുതി എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറയരുത്. കേന്ദ്ര സർക്കാരിനു നൽകിയ ഈ നിവേദനത്തെ കേന്ദ്ര സംഘം വിലയിരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ അനുവദിക്കുന്ന തുകയിൽ നിന്ന് യഥാർത്ഥത്തിൽ ചെലവായ തുക കേരള സർക്കാരിനു റീഇംബേഴ്സ് ചെയ്യുകയാണു നടപടി ക്രമം. ഇതല്ലേ എക്കാലത്തും ഉണ്ടായിട്ടുള്ളത്?

ഇന്നത്തെ കേരളകൗമുദി റിപ്പോർട്ട് അവസാനിക്കുന്നത് ഈ വിവാദം കേന്ദ്ര സഹായം ലഭിക്കുന്നതിന് കുരുക്കായി മാറുമെന്ന് പറഞ്ഞുകൊണ്ടാണ്. സംഘികൾ അതു ചെയ്യട്ടെ. അതിനോടൊപ്പം യുഡിഎഫ് ചേരേണ്ടതുണ്ടോ?
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.