കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ് ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ് ഭരണപക്ഷത്തിന്റെ ബുൾഡോസറുകൾ പായുന്നത്. ഒരു പ്രത്യേക സമുദായത്തെയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന് വ്യക്തം. ജഹാംഗീർപുരിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അതുകണ്ടു. ബിജെപിയുടെയും ആർഎസ്‌എസിന്റെയും രൂപമായി ബുൾഡോസർ മാറിക്കഴിഞ്ഞു. ദരിദ്രരെ ആക്രമിക്കുകയും കോർപറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ബുൾഡോസർ രാഷ്ട്രീയം.
ഇന്ത്യൻ ചരിത്രവും പാഠപുസ്‌തകങ്ങളും പ്രത്യേക ലക്ഷ്യത്തോടെ വളച്ചൊടിക്കുകയാണ്. പുതിയതരം ജാതിരാഷ്ട്രീയമാണ് ഇപ്പോൾ നടപ്പാക്കുന്നത്. തൊട്ടുകൂടായ്‌മയെ പലതരത്തിലും തിരിച്ചുകൊണ്ടുവരാനാണ് ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളും ആർഎസ്‌എസ് അട്ടിമറിക്കുകയാണ്. കേന്ദ്രസർക്കാരിനാൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇവിടത്തെ വികസനവും വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിലെ നേട്ടങ്ങളും കേന്ദ്രസർക്കാരിനും ബിജെപിക്കും ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം.