കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.
ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?
