Skip to main content

അംബേദ്‌കർ ജയന്തി

ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും വെല്ലുവിളികൾ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലാണ് ഭാരതരത്നം ഡോ. ബാബ സാഹിബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. മധ്യപ്രദേശിലെ മോവയിൽ 1891 ഏപ്രിൽ 14ന് ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെ പോരാടുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. ഭരണഘടനാ ശിൽപ്പികൂടിയായ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയുമായിരുന്നു.

ദളിതനായതുകൊണ്ട് പഠനകാലത്തുതന്നെ വലിയ പീഡനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ള പൈപ്പിൽ തൊടാനോ അനുവാദം ലഭിച്ചിരുന്നില്ല. ഇതിനോടെല്ലാം പൊരുതിയാണ് പഠനം നടത്തിയത്. കഴിയുന്നത്ര പഠിക്കുകയെന്നതായിരുന്നു ലക്ഷ്യം. "വിദ്യാഭ്യാസം സിംഹത്തിന്റെ മുലപ്പാലാണെന്നും അതു കഴിക്കുന്നവർക്ക് ഗർജിക്കാതിരിക്കാനാകില്ലെന്നും' പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും ഉന്നത ബിരുദങ്ങൾ നേടി.

സ്വാതന്ത്ര്യം നേടുമ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ. രാജ്യത്തിനൊരു ഭരണഘടനയുണ്ടാക്കാൻ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 141 ദിവസംകൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറാക്കപ്പെട്ടത്. 1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26ന് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിച്ചതും ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതി നിർമിക്കാനായതും തുല്യനീതി ഉറപ്പാക്കി എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങൾ നിർണയിച്ചതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്. സാമ്പത്തികമായും ഭരണപരമായും പിന്നാക്കാവസ്ഥയിലായിരുന്ന ജനതയ്ക്ക് പ്രത്യേക സംവരണം ഭരണഘടനയിൽ അംബേദ്കർ എഴുതിച്ചേർത്തു.

1920ൽ കമ്യൂണിസ്റ്റ് പാർടി രൂപപ്പെട്ടശേഷം ഇന്ത്യയിൽ നടത്തിയ പോരാട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയുടെ ശാപം ജാതിവ്യവസ്ഥയാണെന്ന് കാൾ മാർക്സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും ജാതിഘടന തടസ്സമാണെന്നും ആപൽക്കരമാണെന്നും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിലയിരുത്തി മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരായ ഡോ. ബി ആർ അംബേദ്കറുടെ പോരാട്ടങ്ങൾ നിരന്തരവും ഇടതടവില്ലാത്തതും വീറുറ്റതുമായിരുന്നു. ചാതുർവർണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോയെന്നറിയപ്പെടുന്ന മനുസ്മൃതി 1927 ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ പരസ്യമായി കത്തിച്ചത് സാമൂഹ്യനവോത്ഥാന പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ ഊർജം ചെറുതായിരുന്നില്ല.

ഇന്ത്യയിൽമാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവൽക്കരിക്കാനും നിലനിർത്താനുമുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം നിഷ്കരുണം കടന്നാക്രമിച്ചു. ദൈവികതയുടെ ഭാഗമല്ല, ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതി-–-മത രഹിതമായ ഇന്ത്യക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. ജാതിവ്യവസ്ഥ തകരാതെ താഴെതട്ടിലുള്ളവരുടെ ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജാതിവ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച "ജാതി നിർമൂലനം'എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് "ആരാണ് ശൂദ്രൻ". ഇന്ത്യൻ ജാതിവ്യവസ്ഥയെയും അധികാര സ്വരൂപങ്ങളെയും നിരന്തരം വെല്ലുവിളിച്ച മനുഷ്യാവകാശ പോരാളിയാണ് അംബേദ്കർ.

അംബേദ്കർ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹമുയർത്തിയ പോരാട്ടങ്ങൾക്കും ചിന്തകൾക്കും പ്രസക്തി ഏറുകയാണ്. സാർവദേശീയ, ദേശീയ സ്ഥിതിഗതികൾ വിലയിരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയുടെ തായ്‌വേരുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ വർത്തമാനകാല ഇന്ത്യയിൽ ദ്രുതഗതിയിൽ നടക്കുന്നു. പൗരത്വബില്ലും എൻആർസിയും ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതും ഭരണഘടനാസ്ഥാപനങ്ങളെ വരുതിക്ക് നിർത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യത്വരഹിതമായ സാമൂഹ്യക്രമങ്ങൾ നിലനിന്നിരുന്ന ഒരു രാജ്യത്തിനകത്ത് ജനാധിപത്യ പ്രകാശം പരിചയപ്പെടുത്തിയത് ഭരണഘടനയാണ്. ആ വിളക്കണയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്തുവിലകൊടുത്തും ചെറുക്കാൻ അംബേദ്കർ സ്മരണകൾ നമുക്കുയർത്തിപ്പിടിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ദളിത് പിന്നാക്ക വിഭാഗങ്ങൾ ദുരിത സാഹചര്യങ്ങളിലാണ് ഇപ്പോഴുമുള്ളത്. കോർപറേറ്റ് ഭീമന്മാരുടെ ചൂഷണത്തിന് യൂണിയൻ ഗവൺമെന്റ് അരികു നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ഈ ദുർബല വിഭാഗക്കാരാണ്. മഹാമാരിപോലും കോർപറേറ്റുകളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പട്ടിണിയും ദുരിതവും വർധിപ്പിക്കുന്ന നയസമീപനമാണ് അവർ തുടരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുവഴി ലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്നു. അവിടങ്ങളിൽ സംവരണത്തിലൂടെ നിയമനം ലഭിക്കേണ്ട പട്ടിക-പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾപോലും ഇല്ലാതാക്കുന്നു.

ഭരണഘടന ഉറപ്പു നൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. മനുഷ്യന്റെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കാണാതെ വിശ്വാസവും ജാതിയും പറഞ്ഞ് അധികാരം നിലനിർത്താൻ അവരെല്ലാം ചേർന്ന് ശ്രമിക്കുന്നു.

സംസ്ഥാനങ്ങളുമായി അടിമ–ഉടമ ബന്ധം നിലനിർത്താനാണ് ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും വികസന പദ്ധതികൾക്ക് അനുമതി നൽകാതിരിക്കാനും അവർ‍ ശ്രമിക്കുന്നു. മാത്രമല്ല, മതാധിഷ്ഠിതമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് വേഗം വർധിപ്പിക്കുന്നതിനോടൊപ്പം മനുഷ്യത്വരഹിതമായ ജാതീയത ശക്തിപ്പെടുത്തുന്നുമുണ്ട്. ഭരണഘടന ഉറപ്പു നൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. മനുഷ്യന്റെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കാണാതെ വിശ്വാസവും ജാതിയും പറഞ്ഞ് അധികാരം നിലനിർത്താൻ അവരെല്ലാം ചേർന്ന് ശ്രമിക്കുന്നു.

ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായി കേരളം ഇന്ത്യക്കും ലോകത്തിനും മുന്നിൽ തലയുയർത്തി നിൽക്കുന്നു. നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ബദൽനയങ്ങൾ നടപ്പാക്കുന്നു. പട്ടിക വിഭാഗമടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡി-വരെ മികച്ച പഠന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

രാജ്യത്തെ ജനതയുടെ മനസ്സ് നിർഭയവും ശിരസ്സ് ഉന്നതവുമായി നിലനിൽക്കേണ്ടത് നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഭരണഘടന അട്ടിമറിക്കുന്നു എന്നുപറഞ്ഞാൽ രാജ്യത്തെ ജനതയെ ഒറ്റു കൊടുക്കുന്നതിന് തുല്യമാണ്. "ഈ കാണുന്ന വിളക്കുകാലിൽ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റു കൊടുക്കില്ല' എന്ന അംബേദ്കറുടെ പ്രഖ്യാപനം ഏറ്റെടുത്ത് ഭരണഘടന സംരക്ഷിക്കാനും മതരാഷ്ട്ര നിർമിതിയെ ചെറുക്കാനും ജാതിവെറിയെ പ്രതിരോധിക്കാനുമുള്ള പോരാട്ടങ്ങളിൽ പങ്കാളികളാകുമെന്നതായിരിക്കണം ഇന്നത്തെ ദിനത്തിൽ നാമെടുക്കേണ്ട പ്രതിജ്ഞ. അതുവഴി അദ്ദേഹത്തിന്റെ സ്മരണയോട് നീതിപുലർത്തി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.