Skip to main content

ഇടക്കാല ബജറ്റ് 2024-2025, പാവപ്പെട്ടവരെ ചൂഷണം ചെയ്‌തുകൊണ്ട് ധനികരെ കൂടുതൽ സമ്പന്നരാക്കുന്ന മോദിയുടെ ‘വികസന മോഡൽ’

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ ഭരണകാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ഇടക്കാല ബജറ്റാണ്‌ കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന വികസന കാഴ്ചപ്പാടാണ് മോദിസർക്കാരിന്റേത്‌. 2024-25ലെ ബജറ്റ് 2024 പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന സർക്കാരിൻ്റെയും പാർലമെൻ്റിൻ്റെയും ഉത്തരവാദിത്തമാണെങ്കിലും 2023-24ലെ പുതുക്കിയ കണക്കുകൾ യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു.

കേന്ദ്രസർക്കാരിന്റെ വരുമാനം 2023–24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ്‌ ശതമാനം മാത്രമാണ്‌. സാമ്പത്തിക വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്‌. സർക്കാർ സംവിധാനത്തിന്റെ ഭരണനിർവ്വഹണ ചിലവ്‌ ബജറ്റ്‌ വിഹിതത്തെക്കാൾ കൂടുകയും ചെയ്‌തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌ എന്നതാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പിഎം കൃഷി സിഞ്ചായ് യോജന, എസ്‌സി, എസ്ടി, മറ്റ് വിഭാഗങ്ങൾക്കുള്ള അംബ്രല്ല സ്കീമുകൾ തുടങ്ങിയ നിരവധി ഇനങ്ങളിലെ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണ്. പിഎം ആവാസ് യോജന, പിഎം ഗ്രാം സഡക് യോജന, പിഎം പോഷൻ എന്നിവയുടെ പുതുക്കിയ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് മാത്രമല്ല, 2022-23ൽ അനുവദിച്ചതിലും കുറവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലടക്കം ഇതെ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വളം സബ്സിഡി, ഭക്ഷ്യ സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതി, നഗരവികസനം ഉൾപ്പടെയുള്ളവയിലും ഇതു തന്നെയാണ് സ്ഥിതി. 2022-23നെ അപേക്ഷിച്ച് 2023-24ൽ ഭക്ഷ്യ സബ്‌സിഡി 60,470 കോടി രൂപ വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ വളം സബ്‌സിഡിയിൽ 62,445 കോടി രൂപയുടെ കുറവുവന്നു. 2023-24ൽ തൊഴിലുറപ്പ് പദ്ധതിയിൽ ചിലവഴിച്ചത് മുൻവർഷത്തേക്കാൾ 4,806 കോടി രൂപ കുറവാണ്. ഗ്രാമവികസനത്തിനായുള്ള തുകയിലും സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റങ്ങളിലും മാറ്റമില്ലെങ്കിലും വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഫലത്തിൽ വെട്ടിക്കുറവാണ് സംഭവിച്ചിട്ടുള്ളത്. മൂലധനച്ചെലവുകൾക്കായി നൽകുന്ന വായ്പകൾ ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരം നേരത്തെ നൽകിയ വായ്പകളേക്കാൾ വളരെ കുറഞ്ഞ തുകയായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുക്കത്തിലാകും.

കേന്ദ്രസർക്കാരിന്റെ ചെലവ് കുറയ്ക്കലും വരുമാനം 'വർധിപ്പിക്കലും' നടന്നത് അതിദുർബലമായ സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിലാണ്. 2023-24ൽ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനത്തിലോട്ട് ഇടിഞ്ഞുവെന്ന കപട കണക്കിന്റെ അടിസ്ഥാനത്തിലാണ് അതേ കാലയളവിൽ പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ടുള്ള 'യഥാർത്ഥ' വളർച്ചാനിരക്ക് 7.3 ശതമാനമാണെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കപ്പെടുന്നത്. ഉപഭോക്തൃ വിലസൂചിക പ്രകാരം പണപ്പെരുപ്പം 6 ശതമാനവും ഭക്ഷ്യ വിലക്കയറ്റത്തോത് 10 ശതമാനവുമാണെന്ന കണക്ക് ഇതിന് വിരുദ്ധമാണ്. വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് 2023 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ് എന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിൻ്റെ യഥാർത്ഥ സ്ഥിതി തുറന്നുകാട്ടുന്നു.

സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും, ആ വളർച്ചയുടെ ഗുണമടക്കം വൻകിട കുത്തകൾക്കും സമ്പന്നർക്കുമാണ് ലഭിക്കുക എന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തിയിരിക്കുകയാണ്. കോർപ്പറേറ്റ് നികുതികളിൽ നിന്നും ആദായനികുതികളിൽ നിന്നുമുള്ള വരുമാനം കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുതിച്ചുയർന്നത് നികുതി നിരക്ക് ഉയർന്നതുകൊണ്ടല്ല, മറിച്ച് മൊത്തം വരുമാനത്തിൽ സമ്പന്നരുടെ വരുമാനത്തിന്റെ പങ്ക് വർധിച്ചു എന്ന യാഥാർഥ്യമാണ്. ഇതാണ് ‘കെ ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ’ അഥവാ
ജോലിഭാരം വർധിച്ചുവരുമ്പോഴും കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന ‘വികസനം’.

സംമ്പത്തിക വളർച്ചയിൽ തൊഴിലാളികളെ പങ്കാളികളാക്കി ‘സാമൂഹികനീതി’ ഉറപ്പുവരുത്തുമെന്ന മോദിസർക്കാർ അഴിച്ചുവിടുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഈ ഇടക്കാല ബജറ്റ്‌ തുറന്നുകാട്ടുന്നു. കുത്തകമുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന മോദിസർക്കാരിന്റെ 'വികസന മെഡലാണ്' ഈ ബജറ്റും മുന്നോട്ടുവെക്കുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.

ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു

സ. പിണറായി വിജയൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.

സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ.