Skip to main content

സ. പി കെ ചന്ദ്രാനന്ദൻ ദിനം

പുന്നപ്ര-വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ടു വർഷമാകുന്നു. പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ട സമരചരിത്രത്തെയാണ് സ്പർശിക്കുന്നത്.

കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. തൊഴിലാളികളുടെയും പണിയെടുക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള ജീവന്മരണ സമരമായിരുന്നു അത്‌. 1946ൽ ഒക്ടോബർ 24നു പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനായിരുന്നു പികെസി. 22-ാം വയസ്സിൽ വാരിക്കുന്തമേന്തി ദിവാൻ സർ സി പിയുടെ സേനയ്ക്കെതിരെയുള്ള ധീരോദാത്ത പോരാട്ടം സ്വന്തം ജീവൻ തൃണവൽഗണിച്ച്‌ സഖാവ് ഏറ്റെടുത്തു. പൊലീസ് കാഞ്ചിവലിച്ചത് അൽപ്പം വൈകിയതുകൊണ്ടു മാത്രമാണ് ആ ജീവൻ രക്ഷപ്പെട്ടത്. അങ്ങനെ മരണത്തെ മുഖാമുഖം കണ്ട സമരധീരനായിരുന്നു. പോരാട്ടങ്ങളുടെ നിരവധി വഴികളിലൂടെ സഞ്ചരിച്ചതാണ്‌ ആ ജീവിതം.

അക്കാലത്ത് ആർജിച്ച ജീവിതശൈലിയുടെ സ്വാധീനം അന്ത്യംവരെ കാത്തുസൂക്ഷിച്ചു. വസൂരി പടർന്ന്ആലപ്പുഴയിൽ തൊഴിലാളികളും പാവപ്പെട്ടവരും അശരണരായി മരിച്ച ഘട്ടത്തിൽ അവർക്ക് തുണയായി രംഗത്തുവന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. 1941ലാണ് പി കെ സി കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചു. പാർടിക്കകത്തെ ഇടത്–വലത് വ്യതിയാനങ്ങൾക്കെതിരെ നടത്തിയ നിരന്തര പോരാട്ടം പികെസിയെ ശ്രദ്ധേയനാക്കി. വർഗകാഴ്ചപ്പാടിലൂടെ പാർടിയെ മുന്നോട്ടുകൊണ്ടു പോകുന്നതിൽ വലിയ സംഭാവനയാണ് പികെസി നൽകിയത്. ആശയപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത ഉത്തമനായ മാർക്സിസ്റ്റ് ലെനിനിസ്റ്റായിരുന്നു ജീവിതാന്ത്യംവരെ.

പുന്നപ്ര–വയലാർ സമരത്തിനുശേഷം കോഴിക്കോട്ട് എത്തിയ പികെസി പിന്നീട് പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഭാസ്കരൻ നായർ എന്ന പേരിലായിരുന്നു ഒളിവുജീവിതം. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്നപേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 1964ൽ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ. നീണ്ട ഒളിവുജീവിതവും ജയിൽവാസവുമെല്ലാം പികെസിയിലെ കമ്യൂണിസ്റ്റിനെ കൂടുതൽ കരുത്തനാക്കി.

വർഗബഹുജന സംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പി കെ സിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്. പാർടി പ്രവർത്തകരുമായും അവരുടെ കുടുംബാംഗങ്ങളുമായും വലിയ അടുപ്പവും വാത്സല്യവും പികെസിക്ക്‌ ഉണ്ടായിരുന്നു. പാർടിക്കായി നീക്കിവച്ച സഖാവിന്റെ ജീവിതം അനുഭവങ്ങളുടെ അക്ഷയഖനിയാണ്. പുതുതലമുറയ്ക്കാകട്ടെ, ഏറെ പഠിക്കാനുള്ള ചരിത്രപുസ്തകവും. കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളെയുംപോലെ നവോത്ഥാന പ്രസ്ഥാനത്തിലൂടെയാണ് പികെസി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ എത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായി പൊതുരംഗത്ത് കടന്നുവന്നു.

സഖാവ് പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്‌ എത്തിയത്. പൊതുപ്രവർത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി, അദ്ദേഹം വഹിച്ച ഓരോ സ്ഥാനവുംമാറി. അമ്പലപ്പുഴയെ പ്രതിനിധാനംചെയ്ത് നിയമസഭയിൽ എത്തിയ സഖാവ്, നല്ല പാർലമെന്റേറിയനായിരുന്നു. ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പികെസി മുന്നിൽത്തന്നെ ഉണ്ടായി. ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കാനും കൂടുതൽ പതിപ്പ്‌ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. 1989 ജനുവരി നാലിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ചപ്പോൾ വർഷങ്ങളോളം മാനേജരായി പ്രവർത്തിച്ചു. രാവിലെ ആരംഭിക്കുന്ന പത്രത്തിന്റെ ഓഫീസ് ജോലിമുതൽ അവസാന എഡിഷൻ അടിച്ചുതീരുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ജാഗ്രതയോടെ നേതൃത്വം നൽകാൻ പി കെ സി ഉണ്ടായിരുന്നു. ചിന്താ പബ്ലിഷേഴ്സിന്റെ അമരക്കാരനായും പ്രവർത്തിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആ സ്ഥാനത്തുനിന്ന് അദ്ദേഹം നേടിയെടുത്ത ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ശബരിമലയിൽ ഒരു റോഡുതന്നെ ഉണ്ടായിയെന്നത്. എത്തുന്ന ഏതു മേഖലയിലും തന്റെ അർപ്പണംകൊണ്ടും സ്നേഹസവിശേഷമായ ഇടപെടൽ കൊണ്ടും ആദരം പിടിച്ചുപറ്റി. അതേസമയം, വർഗതാൽപ്പര്യങ്ങൾ ബലികഴിക്കാതെ മുന്നോട്ടുപോകുന്നതിലും ജാഗ്രത കാണിച്ചു. പികെസിയെ പോലെയുള്ള മഹാരഥന്മാർ കാട്ടിത്തന്ന പാതയിലൂടെയാണ് കേരളത്തിൽ രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത്. ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും പുതിയ വികസന പന്ഥാവുകളിലേക്ക് കേരളത്തെ നയിച്ചും എൽഡിഎഫ് സർക്കാർ മുന്നോട്ടുനീങ്ങുകയാണ്. സർക്കാരിന്റെ ജനപിന്തുണ കൂടുതൽ വർധിച്ചുവരികയാണ്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ കാത്തുസൂക്ഷിച്ച സർക്കാർ അതേ ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാകട്ടെ സാധാരണ ജനങ്ങളെ എത്രകണ്ട് പിഴിഞ്ഞെടുക്കാമെന്നാണ് ആലോചിക്കുന്നത്. കെടുതികളിൽപ്പെട്ട് വലയുന്ന ജനതയ്ക്ക് ആശ്വാസമേകുന്നതിനു പകരം കോർപറേറ്റുകൾക്ക് ഗുണം കിട്ടുന്നതരത്തിലാണ് കേന്ദ്ര സർക്കാർ എല്ലാ പദ്ധതിയും ആവിഷ്കരിക്കുന്നത്.കേരളം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നൂതനാശയങ്ങൾ പ്രാവർത്തികമാക്കിയും വികസനവഴികളിൽ അനുദിനം മുന്നേറിയും ജനകീയ സർക്കാർ മാതൃക തീർക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തിൽ പികെസിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.