മഹത്തായ ഒക്ടോബർ വിപ്ലവം മർദ്ദിത ജനവിഭാഗങ്ങൾക്ക് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ ഉത്തേജിപ്പിക്കുകയും ചെയ്ത അനശ്വരമായ അദ്ധ്യായമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ സംഭവമായിരുന്നു അത്. 1917ൽ മഹാനായ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ ആ സമത്വ സുന്ദര സ്വപ്നത്തിലേക്ക് ചിറകടിച്ചുയർന്നു. സാർ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബോൾഷെവിക്കുകൾ സമത്വാധിഷ്ഠിതമായ ഒരു ലോകം സൃഷ്ടിച്ചു. ഭക്ഷണം, സമാധാനം, ഭൂമി തുടങ്ങിയ മുദ്രാവാക്യങ്ങൾ അലയടിച്ച മഹത്തായ ജനകീയ ഉയിർപ്പ്. വിവേചനങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് സമത്വാധിഷ്‌ഠിതമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുക എന്നതായിരുന്നു വിപ്ലവത്തിന്റെ അടിസ്ഥാനപരമായ ആശയം. വിമോചന പോരാട്ടങ്ങളിൽ ചോര ചിന്തുന്ന ലോകത്തിലെ പോരാളികളായ മുഴുവൻ ജനതയുടേയും ആവേശമാണ് ഒക്ടോബർ വിപ്ലവം. അത് ചരിത്രത്തിലും വർത്തമാനത്തിലും ഭാവിയിലും പ്രസക്തമായ മനുഷ്യമുന്നേറ്റമാണ്.