Skip to main content

നവകേരള സദസ്സിനാൽ എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ന് ചോദിക്കുന്നവർക്ക് ഗുണഭോക്താക്കളായ ജനങ്ങൾ ഉത്തരം നൽകിക്കൊള്ളും

മുപ്പത്താറ് ദിവസം ഒരു ബസിൽ സംസ്ഥാനത്തെ മന്ത്രിസഭ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുക. 134 വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുക. എല്ലാ പ്രഭാതങ്ങളിലും ആ പ്രദേശങ്ങളിലെ നാനാതുറകളിൽപ്പെട്ട ജനവിഭാഗങ്ങളുമായി മന്ത്രിസഭയൊന്നാകെ സംവദിക്കുക. മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുക. പ്രത്യേക കൗണ്ടറുകളിൽ ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുക. ജനാധിപത്യം അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തെ ഏറ്റവും ശ്രദ്ധേയമായ ജനായത്ത പരീക്ഷണമാണ് നവംബർ 18 മുതൽ ഡിസംബർ 23 വരെ കേരളത്തിൽ നടന്നത്. ജനാധിപത്യത്തിന്റെ ചരിത്രം പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്ത പുതിയ അധ്യായം എഴുതിച്ചേർക്കുന്നതാണ് പിണറായി വിജയൻ മന്ത്രിസഭയുടെ നവകേരള സദസ്സ്. ജനാധിപത്യത്തിന്റേത് മാത്രമല്ല, ഭരണനിർവഹണത്തിന്റെയും പുതിയ കേരള മാതൃകയാണിത്. കേരള ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജനകീയ വികസന സംവാദമാണ് കഴിഞ്ഞ ഒരു മാസമായി നടന്നത്. കേരള മോഡലിലേക്കുള്ള കൂട്ടിച്ചേർക്കലാണ് നവകേരള സദസ്സ് എന്നുറപ്പിച്ച് പറയാം.

ഈ പുതിയ ജനാധിപത്യ പരീക്ഷണത്തെ രണ്ടു കൈയും നീട്ടിയാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്. മഞ്ചേശ്വരംമുതൽ വട്ടിയൂർക്കാവ് വരെ 136 മണ്ഡലത്തിലും (നാല് മണ്ഡലത്തിൽ ജനുവരി 1, 2 തീയതികളിലാണ് നവകേരള സദസ്സ്) പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് എത്തിയത്. മണിക്കൂറുകൾ വൈകിയാലും ക്ഷമയോടെ കാത്തിരുന്ന് മുഖ്യമന്ത്രിയെ കേട്ടതിനുശേഷം മാത്രമാണ് പിരിഞ്ഞുപോയത്. എല്ലാ വേദിയിലും ആയിരക്കണക്കിന് പരാതികളാണ് സമർപ്പിക്കപ്പെട്ടത്. മൊത്തം 6, 21,270 പരാതിയാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള മലപ്പുറത്താണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 80,885 എണ്ണം. ഇത് വ്യക്തമാക്കുന്നത് യുഡിഎഫിന്റെ ബഹിഷ്കരണാഹ്വാനത്തെ അവരെ പിന്തുണയ്‌ക്കുന്ന ജനങ്ങൾതന്നെ തള്ളിക്കളഞ്ഞുവെന്നാണ്. പലയിടങ്ങളിലും യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ നവകേരള സദസ്സിൽ പങ്കാളികളായി. സർക്കാരിലുള്ള ജനങ്ങളുടെ വർധിച്ച വിശ്വാസമാണ് ഇതു കാണിക്കുന്നത്. തങ്ങളുടെ പ്രശ്നം കേൾക്കാനും അത് പരിഹരിക്കാനും ഒരു സർക്കാർ കേരളത്തിലുണ്ടെന്ന വിശ്വാസ പ്രകടനമാണിത്. മറ്റൊർഥത്തിൽ പറഞ്ഞാൽ നാടിന്റെയാകെ ശബ്ദമാണ് പരാതികളിലൂടെ ഉയർന്നത്. പറയുന്നത് കേൾക്കാനാണ്, ഒളിച്ചോടാനല്ല പിണറായി സർക്കാർ തയ്യാറായത്. എല്ലാ പരാതികളും പരിഹരിക്കാൻ കഴിയില്ലെങ്കിലും അത് സ്വീകരിക്കാനും പരിഹാരമാർഗം ആരായാനും സർക്കാർ തയ്യാറായി. ജനങ്ങളിൽനിന്നുതന്നെ അവരുടെ ആവശ്യങ്ങൾ എന്തെന്ന് പഠിച്ച് അവർക്ക് വഴികാട്ടുകയെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

ഏതൊരു പുതിയ പരീക്ഷണത്തെയും സമൂഹത്തിലെ പിന്തിരിപ്പൻ ശക്തികൾ, ചരിത്രത്തെ പിറകോട്ട് വലിക്കാനാഗ്രഹിക്കുന്നവർ എതിർക്കുമെന്നത് ചരിത്രം. നവകേരള സദസ്സിനു നേരെയും വലിയ ആക്രമണമുണ്ടായി. മന്ത്രിസഭ സഞ്ചരിച്ച ബസ് മുതൽ തുടങ്ങിയ ഈ അപവാദപ്രചാരണം വട്ടിയൂർക്കാവ് വരെയും തുടർന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കോടികൾ പൊടിച്ച് മന്ത്രിമാർ ഉല്ലാസയാത്ര നടത്തുകയാണെന്ന് വരെ നീണ്ടു ഈ അസഭ്യവർഷങ്ങൾ. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് മാത്രമല്ല, കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഈ രണ്ട് കക്ഷികളിലുംപെട്ടവർ ഉടമകളായ അച്ചടി, ടെലിവിഷൻ മാധ്യമങ്ങളും നവകേരള സദസ്സിനെ ഇകഴ്ത്തിക്കാണിക്കാൻ മത്സരിച്ചു. ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങുന്നത് ധൂർത്താണെന്നാണ് ഈ മുക്കൂട്ട് മുന്നണി മുന്നോട്ടുവച്ച വിചിത്രവാദം. ജനാധിപത്യം കൂടുതൽ ജനകീയമാകുന്നത് ധൂർത്താണെന്ന ആഖ്യാനം ആരെ സഹായിക്കാനാണ്. ചെലവ് കുറയ്‌ക്കാനെന്ന പേരിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണമെന്ന് പറയുന്ന ബിജെപിയുടെ വാദത്തെ ഇതേ കൂട്ടർ നാളെ പിന്തുണച്ചേക്കാം. തെരഞ്ഞെടുപ്പ്തന്നെ ധൂർത്താണെന്ന വാദത്തെയും നാളെ ഇവർ അംഗീകരിച്ചേക്കാം. അതായത് ഏകാധിപത്യത്തിലേക്ക് അടിവച്ച് അടിവച്ച് നീങ്ങുന്ന ആർഎസ്എസ്–- - ബിജെപി വാദങ്ങൾക്ക് പൊതുസമ്മതി നിർമിച്ചെടുക്കുകയാണിവർ. അതായത് ജനാധിപത്യഹത്യയെ പിന്തുണയ്‌ക്കുന്ന സമീപനമാണ് യുഡിഎഫും മാധ്യമങ്ങളും സ്വീകരിക്കുന്നത്.

സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലാണ് നവകേരള സദസ്സ് നടത്താൻ സർക്കാർ തീരുമാനിച്ചത്. വിജ്ഞാന സമ്പദ്ഘടനയും നൂതന സമൂഹവും സൃഷ്ടിച്ച് തൊഴിലില്ലായ്മയ്‌ക്ക് പരിഹാരം കാണാനും പശ്ചാത്തല വികസന സൗകര്യങ്ങളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാനും പൊതുസേവന മേഖല ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ, കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നിഷേധിച്ചും കേരളത്തിനു മാത്രമായി കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയും സാമ്പത്തികമായി സംസ്ഥാനത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. ഈ വസ്തുത ജനങ്ങളിലെത്തിക്കാൻ പ്രതിപക്ഷത്തെ അന്ധമായി പിന്തുണയ്‌ക്കുന്ന ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നില്ല. അതോടൊപ്പം കഴിഞ്ഞ ഏഴര വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെയും ഇവർ അവഗണിക്കുന്നു. ഈ ഘട്ടത്തിലാണ് ഭരണനേട്ടങ്ങളും കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനവും ജനങ്ങളിലെത്തിക്കാൻ നവകേരള സദസ്സ് നടത്തിയത്.

കേരളത്തെ അവഗണിക്കുന്ന കേന്ദ്രസമീപനം ഇടതുപക്ഷത്തിന്റെമാത്രം വിഷയമല്ല. കേരളത്തിൽ ജീവിക്കുന്ന ഓരോ പൗരന്റെയും ഭാവിതലമുറയെപ്പോലും ബാധിക്കുന്ന വിഷയമാണ്. എന്നിട്ടുപോലും ഇതിനോട് സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ബിജെപിയുടെ കേരളവിരുദ്ധ മനോഭാവത്തിൽ പല കാരണങ്ങളുമുണ്ട്. അതിൽ പ്രധാനം കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സംസ്കാരമാണ്. ബിജെപി പ്രതിനിധാനംചെയ്യുന്ന ഭൂരിപക്ഷ വർഗീയതയ്‌ക്ക് ഇവിടെ വേരോട്ടം ലഭിക്കാത്തത് ഇതുകൊണ്ടാണ്. രണ്ടാമത്തെ കാരണം മോദി സർക്കാരിന്റെ നിയോ ലിബറൽ സാമ്പത്തികനയങ്ങൾക്ക് ബദൽ ഉയർത്തുന്നത് കേരളമാണ്. മൂന്നാമതായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനാധിപത്യ മാതൃകയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ടുവയ്‌ക്കുന്നത്. അതായത് കേരളത്തിന്റെ മുഖമുദ്ര എന്നുപറയുന്നത് മതനിരപേക്ഷതയും വിശാല ജനാധിപത്യബോധവും ബദൽനയങ്ങളുമാണ്. ഇതു മൂന്നും ബിജെപിയെ വിറളിപിടിപ്പിക്കുന്നു. അതിനാലാണ് കേരളത്തെ തകർക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നത്.

ബിജെപിയുടെ ഈ നയത്തെയാണ് കേരളത്തിലെ യുഡിഎഫ് പിന്തുണയ്‌ക്കുന്നത്. ഇവർ തമ്മിലുള്ള അന്തർധാരയാണ് നവകേരള സദസ്സ് വേളയിൽ മറനീക്കി പുറത്തുവന്നത്. സദസ്സിനുനേരെ കരിങ്കൊടിയും ആക്രമണവും നടത്താൻ ഒരു വശത്ത് യൂത്ത് കോൺഗ്രസുകാർ ഇറങ്ങി. മറുവശത്ത് ഗവർണറും. കേരളത്തിൽ ക്രമസമാധാനം തകർന്നെന്നു വരുത്തിത്തീർക്കാനുള്ള കൂട്ടായ ശ്രമമാണ് അരങ്ങേറിയത്. പൊലീസും ജനങ്ങളും സംയമനം പാലിച്ചതിനാൽ അതൊന്നും ലക്ഷ്യം കണ്ടില്ലെന്നുമാത്രം. കേരളത്തിലെ യുഡിഎഫും ബിജെപിയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് പോയത് ഇതിന്റെ ഭാഗമായി വേണം കരുതാൻ. കെ എസ് രാധാകൃഷ്ണനും ടോം വടക്കനും അനിൽ ആന്റണിയും നേരത്തേ ബിജെപിയിൽ എത്തിയവരാണ്. എനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്പോലും പറയുന്നത്. കേരളത്തിലെ കോൺഗ്രസ് ഇന്നല്ലെങ്കിൽ നാളെ ബിജെപിക്ക് വളമാകുമെന്ന് മോദിക്ക് നന്നായി അറിയാം.

ജനാധിപത്യത്തിന് ജനകീയ ഉള്ളടക്കം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ സംരംഭത്തെ പുച്ഛിച്ചു തള്ളാനാണ്‌ മുക്കൂട്ട് മുന്നണി കിണഞ്ഞു ശ്രമിച്ചത്. പ്രത്യേകിച്ചും നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ യുഡിഎഫ് മാധ്യമങ്ങൾ. കോൺഗ്രസിന്റെ മുഖപത്രം ഡിസംബർ 23നു പ്രസിദ്ധീകരിച്ച വാർത്താ ജാക്കറ്റിൽ നവകേരള സദസ്സുകൊണ്ട് ഈ നാടിന് എന്തു ഗുണമാണ് ലഭിച്ചതെന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. രണ്ടു ദിവസത്തിനുശേഷം ഇതേ ചോദ്യം കൂടുതൽ രൂക്ഷമായ ഭാഷയിൽ നിഷ്പക്ഷതയുടെ മുഖംമൂടിയണിയുന്ന മലയാള മനോരമയും മാതൃഭൂമിയും ആവർത്തിച്ച് തങ്ങളുടെ കൂറ് വ്യക്തമാക്കി. ബിജെപി, മുസ്ലിംലീഗ് മുഖപത്രങ്ങൾക്കും ഇതേ സ്വരമായിരുന്നു. അതായത് യുഡിഎഫും ബിജെപിയും മുഖ്യധാരാ മാധ്യമങ്ങളും ഒരേ വീക്ഷണവും അഭിപ്രായവുമാണ് പങ്കുവയ്‌ക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആഹ്വാനംചെയ്ത ഇടതുപക്ഷ ഉന്മൂലനത്തിനായാണ് ഈ മുക്കൂട്ട് മുന്നണിയും നിലകൊള്ളുന്നത് എന്നതിന് ഇതിലേറെ എന്ത് തെളിവാണ് വേണ്ടത്.

എന്നാൽ, എൽഡിഎഫ് സർക്കാരിൽനിന്ന്‌ ഗുണം ലഭിച്ചവരും അതറിയുന്ന ജനങ്ങളും ഈ മുക്കൂട്ട് മുന്നണിയെ തള്ളിപ്പറയും എന്നതിൽ സംശയമില്ല. കാസർകോട് മുളിയാർ പഞ്ചായത്തിലെ എരിഞ്ചേരിയിൽ ആയുർവേദാശുപത്രിക്ക് റവന്യു ഭൂമി അനുവദിച്ചതും ഉദുമ മൈലാട്ടിയിലെ എം ദിവാകരന് തകർന്ന വീട് പുനർനിർമിക്കാൻ സഹായം ഉറപ്പായതും തൃശൂർ ഒളകര ആദിവാസി കോളനിയിലെ 44 കുടുംബത്തിന്‌ ഭൂമി നൽകാനാവശ്യമായ നടപടികൾ വേഗത്തിലാക്കിയതും കണ്ണൂർ പേരാവൂർ എടത്തൊട്ടി വിനീതക്ക്‌ ഭവനവായ്‌പ കുടിശികയിൽ 2.5 ലക്ഷം രൂപയുടെ ഇളവ് ലഭിച്ചതും പരാതി പരിഹാരം ദ്രുതഗതിയിൽ നീങ്ങുന്നുവെന്നതിന്റെ ഉദാഹരണമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾക്ക് പരിഹാരമാകും. എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ന് ചോദിക്കുന്നവർക്ക് ഗുണഭോക്താക്കളായ ജനങ്ങൾ ഉത്തരം നൽകിക്കൊള്ളും. ജനാധിപത്യത്തിന്റെ കരുത്തും ശോഭയും അതാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.