സ്നേഹസമ്പന്നമായ ഇടപെടലുകളാലും പോരാട്ടവീര്യത്താലും ജനഹൃദയങ്ങളിൽ ഇടം നേടിയ പയ്യന്നൂരിലെ പ്രിയ സഖാവാണ് കെ ആർ എന്നറിയപ്പെട്ട കെ രാഘവേട്ടൻ. സൈക്കിൾ യാത്രയെ ഹൃദയതാളമാക്കിയ പയ്യന്നൂരിൻ്റെ ജനകീയ മാതൃക കൂടിയാണ് 1968 ൽ പാർടി അംഗമായ സ. കെ ആർ ഗണേഷ് ബീഡി തൊഴിലാളിയായിരുന്ന അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായത്.
സിപിഐ എം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബീഡി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വമായി പ്രവർത്തിച്ച കെആർസിഐടിയു പയ്യന്നൂർ ഏരിയ പ്രസിഡന്റും ആയിരുന്നു.
എ വി, പി കണ്ണൻ നായർ, സുബ്രഹമണ്യ ഷേണായി, സി പി നാരായണൻ, ടി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് കെ ആറിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകിയതെന്ന് പറയാം. ഭക്ഷ്യ സമരം, മിച്ച ഭൂമി സമരം, പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തതിന് ജയിൽ വാസവുമനുഭവിച്ചു .
മികച്ച കർഷകനായിരുന്ന കെ ആർ പ്രായം വക വെക്കാതെ സൈക്കിളിൽ സഞ്ചരിച്ചാണ് പലപ്പോഴും പാർടി യോഗങ്ങളിലും പരിപാടികളിലും എത്തിയിരുന്നത്. മികച്ച സഹകാരിയെന്ന രീതിയിലും ഭരണപരമായ ഇടപെടലിലും കഴിവ് തെളിയിച്ച കെ ആറിൻ്റെ വേർപാട് പയ്യന്നൂരിനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്.
സഖാവിൻ്റെ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
