22.06.2022
കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല. മണിക്കൂറുകൾ ഇടവിട്ട് സ്വപ്‌ന സുരേഷ് നടത്തുന്ന ‘വെളിപ്പെടുത്തൽ നാടകത്തിനു’ പിന്നിൽ യുഡിഎഫ്–ബിജെപി ഗൂഢാലോചനയാണ്. സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണ്. കേന്ദ്ര ഏജൻസികളിലാണ് വിശ്വാസം എന്നാണ് ഇപ്പോൾ അവർ പറയുന്നത്. ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയപ്പോൾ സമനില തെറ്റിയവർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണ്. ഇത്രകാലം അന്വേഷിച്ചിട്ടും സ്വർണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോൾ കേസ് അട്ടിമറിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുഷ്‌പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ് യുഡിഎഫ് നേതാവ് പറഞ്ഞത്. എന്നാൽ, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനതയാണ് കേരളത്തിലുള്ളത്. ഭൂരിപക്ഷം ഉള്ളിടത്തോളം എൽഡിഎഫ് കേരളം ഭരിക്കും. സമരത്തെ ഭയന്ന് ഒളിച്ചോടുന്നവരല്ല എൽഡിഎഫ് സർക്കാർ. രാജ്യത്ത് കേട്ടുകേൾവിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തെ അപലപിക്കാൻപോലും കോൺഗ്രസ് തയ്യാറായില്ല. അപസർപ്പക കഥകളെ വെല്ലുന്ന കഥകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.