കർഷകരെ എന്നും ചേർത്തുപിടിച്ച പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും. കേരളത്തിൽ ഭൂരിപക്ഷം ഭൂരഹിതർക്കും ഭൂമി നൽകിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുകളാണ്. ഭൂപരിഷ്‌കരണ ബിൽ കൊണ്ടുവന്നപ്പോൾ മണ്ണിൽ പണിയുന്ന കർഷകന് ഭൂമി നൽകുന്നതിനെതിരെ ‘വിമോചനസമരം’ നയിച്ചത് ആരാണെന്നും എല്ലാവർക്കും അറിയാം. അതിനാൽ മലയോര കർഷകരെയും അവരുടെ കുടുംബാംഗങ്ങളെയും പെരുവഴിയിലിറക്കാൻ കേരളത്തിലെ ഭരണമുന്നണിയും പിണറായി വിജയൻ സർക്കാരും തയ്യാറാകുന്നുവെന്ന പ്രചാരവേല നിക്ഷിപ്‌ത രാഷ്ട്രീയ താൽപ്പര്യക്കാരുടേതാണെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചില തെറ്റായ പ്രചാരണത്തെക്കുറിച്ചാണ്. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാണെന്നുള്ള കഴിഞ്ഞ ജൂൺ മൂന്നിന്റെ സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ചാണ് സർക്കാർവിരുദ്ധ പ്രചാരവേലയുമായി ചിലർ രംഗത്തുവന്നിട്ടുള്ളത്. വീടും കിടപ്പാടവും ഉപേക്ഷിച്ച് ജനങ്ങൾ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും വാഹനങ്ങൾക്കും കൃഷിക്കും നിയന്ത്രണം വരുമെന്നും മറ്റുമുള്ള പ്രചാരണമാണ് ഇക്കൂട്ടർ ബോധപൂർവം നടത്തുന്നത്.
ഒരാളുടെയും കൃഷിഭൂമിയും പുരയിടവും ബഫർ സോണിൽ ഉൾപ്പെടില്ലെന്ന ഉറപ്പാണ് ഇവിടെ നൽകാനുള്ളത്. അതൊക്കെ ഒഴിവാക്കിക്കൊണ്ടേ ബഫർ സോൺ പ്രഖ്യാപിക്കൂ എന്നതാണ് കേരള സർക്കാരിന്റെ നയം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗവും ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമർപ്പിക്കുക ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയുള്ള ഭൂപടമായിരിക്കുമെന്ന ഉറപ്പും സർക്കാർ നൽകി. പ്രതിപക്ഷമടക്കം തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യത്തിൽ 2020–21 ൽ തയ്യാറാക്കി കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വനം, തദ്ദേശം, റവന്യു വകുപ്പുകൾ ചേർന്ന് സംയുക്ത ഭൂതല സർവേ നടത്താനും ധാരണയായി.
ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരമോ, പരാതികളോ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിമാർക്കും വനംവകുപ്പിനും ജനുവരി ഏഴുവരെ വിവരങ്ങൾ നൽകാമെന്നും സുപ്രീംകോടതിയിൽ വിവരം കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാൻ അപേക്ഷ നൽകുമെന്നും സർക്കാർ വ്യക്തമാക്കി. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടാനും തീരുമാനമായി. ആശങ്കയിലാഴ്‌ന്ന ജനങ്ങളെ സഹായിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ആത്മാർഥമായും ചെയ്യുമെന്ന സന്ദേശമാണ് സർക്കാർ ഇതുവഴി നൽകിയിട്ടുള്ളത്. ഇത് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുമുണ്ട്.
സുപ്രീംകോടതി ജൂൺ മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ച വേളയിൽത്തന്നെ എൽഡിഎഫ് സർക്കാർ വലിയൊരു ജനവിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിനും ജീവനോപാധി നഷ്ടത്തിനും ഇത് വഴിവയ്‌ക്കുമെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. ജൂൺ അഞ്ചിന് കണ്ണൂരിൽ, ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ വനവും മലയോരമേഖലയിലെ ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സുപ്രീംകോടതി വിധി വന്ന് അഞ്ചാംദിവസംതന്നെ ഉന്നതതലയോഗം ചേരുകയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതിന് സുപ്രീംകോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാനും നിശ്ചയിച്ചു. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കേന്ദ്രം നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു. ആഗസ്‌തിൽ പുനഃപരിശോധനാ ഹർജിയും സമർപ്പിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ വിധിന്യായത്തിന്മേൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ച ഏക സംസ്ഥാനം കേരളമാണ് എന്നതിൽനിന്നുതന്നെ സർക്കാർ ആരുടെ ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാകും. കോടതി വിധിയുടെ അപ്രായോഗികത ബോധ്യപ്പെടുത്തുന്നതിന് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ തിട്ടപ്പെടുത്തി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിന് ആദ്യം തീരുമാനിച്ചതും കേരള സർക്കാരാണ്. നിർമാണങ്ങളുടെ ഉപഗ്രഹ–-ഡ്രോൺ ചിത്രങ്ങൾ മൂന്നു മാസത്തിനകം സമർപ്പിക്കണമെന്ന് കോടതിയാണ് നിർദേശിച്ചത്. അതനുസരിച്ച് നടത്തിയ ഉപഗ്രഹ സർവേ സമ്പൂർണമാണെന്നോ, അന്തിമമാണെന്നോ സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് അതുയർത്തി കോലാഹലം സൃഷ്ടിക്കുന്നത്. സർക്കാരിന് എതിരായി തെറ്റായ പ്രചാരവേല നടത്തുന്നവരുടെ താൽപ്പര്യം കർഷകരെ രക്ഷിക്കലോ പരിസ്ഥിതിയെ സംരക്ഷിക്കലോ അല്ല. മറിച്ച് സ്വകാര്യ, രാഷ്ട്രീയ താൽപ്പര്യസംരക്ഷണം മാത്രമാണ്. ഇത് ജനങ്ങൾ തിരിച്ചറിയണം.
സുപ്രീംകോടതി വിധി വന്ന ഘട്ടത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്‌താവനയിൽ, ബഫർ സോൺ നിശ്ചയിക്കുമ്പോൾ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് വ്യക്തമായും ആവശ്യപ്പെട്ടിരുന്നു. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുകയാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിത നയം. തുടർച്ചയായ പ്രളയം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് 2019ൽ 12 കിലോമീറ്ററിനു പകരം ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സമീപനം സിപിഐ എം സ്വീകരിച്ചിരുന്നത്. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പിന്നീട് ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന നിലപാടിലേക്ക് പാർടിയെത്തി. 2020ൽ ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് വീണ്ടും ഭേദഗതി സമർപ്പിച്ചു
ഈ വിഷയം പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല. കാലാവസ്ഥാ മാറ്റമെന്ന പ്രതിഭാസവുമായി ഇതിനു ബന്ധമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ രൂക്ഷത കുറയ്‌ക്കുക ലക്ഷ്യമാക്കി ലോകമെമ്പാടും വനസംരക്ഷണവും പരിസ്ഥിതിലോല പ്രദേശ സംരക്ഷണവും പ്രധാന വിഷയങ്ങളായി മാറിയിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയ്‌ക്കു ചുറ്റും ബഫർ സോൺ എന്ന സങ്കൽപ്പം ഉരുത്തിരിഞ്ഞത്. മാധവ് ഗാഡ്‌ഗിൽ, കസ്‌തൂരി രംഗൻ സമിതി റിപ്പോർട്ടുകളും സംരക്ഷിത വനമേഖലയെന്ന ആശയം ശക്തമായി മുന്നോട്ടുവച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണവും ഈ റിപ്പോർട്ടുകളിൽ വിഷയമായി. ഈയൊരു പശ്ചാത്തലത്തിലാണ് ബഫർ സോൺ ഇന്ത്യയിലും അവതരിപ്പിക്കപ്പെടുന്നത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് വനം–-പരിസ്ഥിതി മന്ത്രിയായിരുന്ന ജയ്‌റാം രമേഷാണ് സംരക്ഷിത വനപ്രദേശത്തിനു ചുറ്റും 10 കിലോമീറ്റർ വരെ ബഫർ സോൺ വേണമെന്ന് ഉത്തരവിറക്കുന്നത് (ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിച്ചതിനാലാണ് ബഫർ സോൺ 10 കിലോമീറ്റർ വരെ ആക്കാമെന്ന തീരുമാനം രണ്ടാം യുപിഎ സർക്കാരിന് കൈക്കൊള്ളാനായത്.) ഈ ഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു. ജയ്‌റാം രമേഷിന്റെ തീരുമാനത്തിന് പൂർണ പിന്തുണയാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്നത്.
ജയ്‌റാം രമേഷിന്റെ ഈ തീരുമാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ ഉമ്മൻചാണ്ടി സർക്കാർ പരാജയപ്പെട്ടെന്ന് മാത്രമല്ല, കേന്ദ്ര തീരുമാനത്തിന്റെ ചുവടുപിടിച്ച് ബഫർ സോൺ പൂജ്യംമുതൽ 12 കിലോമീറ്റർ ആക്കാൻ ഉമ്മൻചാണ്ടി മന്ത്രിസഭ തീരുമാനിക്കുകയും ചെയ്‌തു. 2013 മെയ് എട്ടിനു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ജയ്‌റാം രമേഷ് ഇറക്കിയ ഉത്തരവ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച മൂന്ന് കമ്മിറ്റിയിൽ ഒന്നിന്റെ ചെയർമാൻ ഇന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശനായിരുന്നു. കേന്ദ്രതീരുമാനം നടപ്പാക്കാൻ പിന്തുണ നൽകുകയായിരുന്നില്ലേ വി ഡി സതീശൻ അന്ന് ചെയ്‌തത്. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ഗാഡ്‌ഗിൽ റിപ്പോർട്ടിന് പൂർണപിന്തുണ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയെ മുഴുവൻ പരിസ്ഥിതിലോല പ്രദേശമാക്കാൻ കൂട്ടുനിന്നതും ഇതേ കോൺഗ്രസ് നേതൃത്വമായിരുന്നുവെന്ന കാര്യം ജനങ്ങൾ മറക്കില്ല. ജനങ്ങളെ ചേർത്തുപിടിക്കാതെ അവരുടെ ആശങ്കകൾ പരിഹരിക്കാതെ ഉമ്മൻചാണ്ടി സർക്കാർ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് ഏറ്റവും ഒടുവിലത്തെ സുപ്രീംകോടതി വിധിയെന്നർഥം. മലയോരമേഖലയിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന വേദനയ്‌ക്ക് ഉത്തരവാദികൾ മുമ്പേ ഭരിച്ച ഉമ്മൻചാണ്ടി സർക്കാരാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.