രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഹിന്ദുത്വരാഷ്‌ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവിൽ കോഡ്. ബാബറി മസ്‌ജിദ് തകർത്തതും കശ്‌മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ 2024ൽ ബിജെപി പരാജയപ്പെടണം.
ഫാസിസത്തിനെതിരെ ഫലപ്രദമായ യോജിപ്പാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ സംഘർഷങ്ങളുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ കാലാകാലങ്ങളായി ആർഎസ്‌എസ് നടപ്പാക്കിവരുന്നത്. മണിപ്പുരിൽ സംഘർഷം തുടങ്ങി രണ്ട് മാസമായിട്ടും പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. ഇതേപോലെ അദ്ദേഹം മൗനം പാലിച്ചത് ഗുജറാത്ത് വംശഹത്യക്കാലത്താണ്. റബറിന് 300 രൂപ ലഭിച്ചാൽ ബിജെപിക്ക് എംപിയെ തരാമെന്ന് പറഞ്ഞവർക്ക് ഇപ്പോഴത് മാറ്റിപ്പറയേണ്ടിവന്നു. ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. മുസ്ലിം ലീഗ് അവരുടെ നിലവിലെ രാഷ്‌ട്രീയസഖ്യം വിട്ട് ഇങ്ങോട്ട് വരാൻ ഒരഭ്യർഥനയും സിപിഐ എം നടത്തിയിട്ടില്ല. ആർഎസ്‌എസ് ഫാസിസത്തിനെതിരെ അതിവിപുലമായ ജനകീയ പ്രസ്ഥാനമാണ് ഞങ്ങളാഗ്രഹിക്കുന്നത്. അതിന് അനുകൂലമാണ് തങ്ങളുടെ നിലപാടെന്നാണ് ലീഗ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏക സിവിൽ കോഡിനെതിരായി എല്ലാ ജില്ലകളിലും സെമിനാറുകളുമായി മുന്നോട്ട് പോകും.
മറുനാടൻ മലയാളി നടത്തുന്നത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന് കോടതിവരെ പറഞ്ഞിട്ടും ഷാജൻ സ്‌കറിയക്ക് എല്ലാ പിന്തുണയും നൽകുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. തെറ്റിനെ അംഗീകരിച്ച് അതിനുവേണ്ടി വാദിക്കുന്ന സംസ്‌കാരമാണ് കെപിസിസി പ്രസിഡന്റിന്.