സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പാര്‍ടി നേതാവ്, സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനും പ്രക്ഷോഭം നയിക്കാനും മുന്നില്‍ നിന്ന സംഘടാക, ജനപ്രതിനിധി തുടങ്ങി വിവിധ മേഖലകളില്‍ മികച്ച രീതിയില്‍ സംഭാവന നല്‍കി. പ്രാദേശിക തദ്ദേശ ഭരണ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വളര്‍ന്നതാണ് സരോജിനി ബാലാനന്ദന്റെ രാഷ്ട്രീയ ജീവിതം. ത്യാഗസമ്പന്നമായതും മര്‍ദ്ദനം ഏറ്റുവാങ്ങിയതുമായ ചരിത്രം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാണാം.
ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി ചുമതലകള്‍ വഹിച്ചുകൊണ്ട് ഇന്ത്യയിലെ മഹാളാ വിമോചന പ്രസ്ഥാനത്തിന് കൃത്യമായ ദിശാബോധം നല്‍കുന്നതിലും സരോജിനി ബാലാനന്ദന്റെ ഇടപെടലുണ്ട്. സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്‌ചവച്ചത്.
സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന. അത് എക്കാലവും സ്‌മരിക്കപ്പെടും.