Skip to main content

2024 ലെ തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് വൈകാരിക, വർഗീയ വിഷയങ്ങളിൽ മോദിയും സംഘപരിവാറും ഊന്നുന്നത്

അയോധ്യയിൽ ബാബ്റി മസ്ജിദ് തകർത്തയിടത്ത് പണിത ശ്രീരാമ ക്ഷേത്രം 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യകാർമികത്വത്തിലാണ് പ്രാണ പ്രതിഷ്ഠാചടങ്ങ് നടന്നത്. പകുതിനിർമാണംപോലും പൂർത്തിയാകാത്ത ക്ഷേത്രമാണ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്. ശ്രീരാമ ജന്മദിനമായി അറിയപ്പെടുന്ന രാമനവമിവരെ കാത്തുനിൽക്കാതെ പ്രതിഷ്ഠ നടത്തിയതിനെ ശങ്കരാചാര്യ സ്വാമികൾ പോലും വിമർശിച്ചുവെങ്കിലും അതൊക്കെ തള്ളിക്കളഞ്ഞാണ് ചടങ്ങ് നടന്നത്. മതപരമായ ചടങ്ങ് ഔദ്യോഗിക പരിപാടിയായാണ് നടത്തിയത്. മതനിരപേക്ഷത അന്തഃസത്തയായ ഭരണഘടനയുള്ള രാജ്യത്താണ് അതിന് കടകവിരുദ്ധമായത്‌ നടന്നത്. മതവും ഭരണസംവിധാനവും ഒന്നായി മാറിയ ദൗർഭാഗ്യകരമായ കാഴ്ചയാണ് അയോധ്യയിൽ കണ്ടത്. രാഷ്ട്രപിതാവിനെ വധിച്ച പ്രത്യയശാസ്ത്രം രാജ്യത്ത് പ്രചരിപ്പിക്കുന്ന സംഘടനയുടെ തലവൻകൂടി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി പ്രതിഷ്ഠാച്ചടങ്ങ് നടത്തിയത്. മതനിരപേക്ഷ രാഷ്ട്രം മതരാഷ്ട്രമായിത്തീരുന്നതിനെ നിസ്സംഗതയോടെയാണ് നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായത് എന്നത് പ്രതിഷേധാർഹമാണ്.
പൂർത്തിയാകാത്ത ക്ഷേത്രം തുറന്നു കൊടുക്കുന്നതിന് പ്രധാനമന്ത്രി ധൃതി കാട്ടിയത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കുമറിയാം.

ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതിഷ്ഠാച്ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിൽ ഒരാളെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. മോദി മാത്രം. കാമറ മറ്റുള്ളവരിലേക്ക് തിരിയാതിരിക്കാൻ എല്ലാ മുൻകരുതലുകളും മോദി നടത്തിയിരുന്നു. അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും അമിത്ഷായെയും രാജ്നാഥ് സിങ്ങിനെയും നദ്ദയെയും അയോധ്യക്ക് പുറത്ത് നിർത്തി. ഹൈന്ദവ ജനതയ്‌ക്ക് "നഷ്ടപ്പെട്ട’ രാമനെ അയോധ്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്നും അതിനാൽ മൂന്നാംതവണയും പ്രധാനമന്ത്രിക്കസേരയിൽ മോദിയെ പ്രതിഷ്ഠിക്കാൻ ഹൈന്ദവ ജനത തയ്യാറാകണമെന്നുമുള്ള ആഹ്വാനമാണ് അയോധ്യയിൽനിന്ന് ഉയർന്നത്. വർഗീയ ധ്രുവീകരണം ആളിക്കത്തിച്ച് പരമാവധി വോട്ട് പെട്ടിയിലാക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം എന്ന് വ്യക്‌തം. മധ്യപ്രദേശിൽ നാല് ക്രിസ്ത്യൻ പള്ളികളുടെ മുകളിൽ കാവിക്കൊടി ഉയർത്തിയതും ഉത്തർപ്രദേശിലെ ആഗ്രയിൽ മസ്ജിദിന് മുകളിൽ കാവിക്കൊടി ഉയർത്തിയതുംമറ്റും വർഗീയ ധ്രുവീകരണ വല വ്യാപിപ്പിച്ച് നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമിക്കുമെന്നതിന്റെ സൂചനയാണ്. എന്നാൽ, ഇതുകൊണ്ട് മാത്രം 2024 ലെ തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ മോദിക്ക് കഴിയുമോ എന്നതാണ് മില്യൻ ഡോളർ ചോദ്യം.

ആർഎസ്എസിനും ബിജെപിക്കും 2024 ലെ തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്. അടുത്ത വർഷമാണ് ആർഎസ്എസിന്റെ ശതാബ്ദി . ആ ഘട്ടത്തിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലുണ്ടായാലേ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഔദ്യോഗികമായി നടത്താൻ കഴിയൂ. അതിനാൽ എന്തു വിലകൊടുത്തും അവർക്ക് ജയിച്ചേ മതിയാകൂ. മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകിയാണ് 2014ൽ മോദി അധികാരത്തിൽ വന്നത്. സബ്കാ സാഥ് സബ്കാ വികാസ്, ഗുഡ് ഗവേണൻസ്, അഴിമതി മുക്ത ഭരണം, വർഷംതോറും രണ്ട് കോടി തൊഴിൽ, വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ കുടുംബത്തിന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉദാഹരണം. എന്നാൽ പത്ത് വർഷത്തെ ഭരണത്തിനിടയിൽ ഈ വാഗ്ദാനങ്ങളെല്ലാം ജലരേഖകളായി . ഇനി ഇക്കാര്യം ആവർത്തിച്ച് വിജയം അസാധ്യമാണെന്ന് കണ്ടതോടെയാണ് വർഗീയ ധ്രുവീകരണം എന്ന പതിവ് അജൻഡയിലേക്ക് മോദിയും ബിജെപിയും മാറിയത്. അതിന്റെ ഭാഗമാണ് ധൃതിപിടിച്ചുള്ള അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. 2024 ലെ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ കഴിയുമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് വൈകാരിക, വർഗീയ വിഷയങ്ങളിൽ മോദിയും സംഘപരിവാറും ഊന്നുന്നത്.

കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി ഇന്ത്യ എന്ന പ്രതിപക്ഷ കൂട്ടായ്മയുടെ രൂപീകരണവും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ കൂട്ടായ്മയ്‌ക്ക് കഴിയും എന്ന് ബിജെപിക്ക് നന്നായി അറിയാം. ബിഹാർ, മഹാരാഷ്ട്ര, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും. അയോധ്യ വിഷയം ഏറ്റവും കൂടുതൽ സ്വാധീനിക്കുക ഹിന്ദി മേഖലയിലാണ്. തെക്ക് - കിഴക്ക് ഇന്ത്യയിൽ ഇതിന്റെ സ്വാധീനം തുലോം കുറവായിരിക്കും. ഹിന്ദി മേഖലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് പരമാവധി സീറ്റ് ലഭിച്ചിട്ടുണ്ട്. അയോധ്യ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇനി സീറ്റ് വർധിപ്പിക്കാൻ കഴിയില്ല. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, രാജസ്ഥാൻ ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാമാവധി സീറ്റ് ബിജെപിക്കാണുള്ളത്. യുപിയിൽ 80 ൽ 64 ഉം ഉത്തരാഖണ്ഡിൽ 5ൽ 5 ഉം മധ്യപ്രദേശിൽ 29 ൽ 28 ഉം രാജസ്ഥാനിൽ 25 ൽ 25 ഉം ഛത്തീസ്ഗഢിൽ 11 ൽ 9 ഉം ഗുജറാത്തിൽ 26ൽ 26 ഉം ഹരിയാനയിൽ 10 ൽ 10 ഉം ബിജെപിക്കാണ് ലഭിച്ചത്. ഇവിടെ എവിടെയും സീറ്റ് വർധിക്കാനില്ല. എന്നാൽ കഴിഞ്ഞ തവണ വൻവിജയം നേടിയ മഹാരാഷ്ട്രയിലും ബിഹാറിലും വൻ സീറ്റ് ചോർച്ചയുണ്ടാകും. ഇതാണ് ബിജെപിയുടെയും മോദിയുടെയും വെപ്രാളത്തിന് കാരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെഡിയുമായി സഖ്യത്തിലാണ് ബിജെപി ബിഹാറിൽ മത്സരിച്ചത് 40ൽ 39 സീറ്റും ഈ സഖ്യത്തിനാണ് ലഭിച്ചത്. എന്നാൽ ഇക്കുറി നിതീഷ് കുമാറിന്റെ പിന്തുണ ബിജെപിക്കില്ല. ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപക്ഷം എന്നിവ ചേർന്നുള്ള മഹാസഖ്യം ഭൂരിപക്ഷം സീറ്റുകളും വിജയിക്കും. ചുരുങ്ങിയത് 30 സീറ്റെങ്കിലും ഇവിടെ എൻഡിഎക്ക് നഷ്ടമാകും. ഈ ഭീതിയാണ് അയോധ്യയിലെ പ്രതിഷ്ഠയ്‌ക്ക് തൊട്ടുപുറകെ കർപ്പൂരി താക്കൂറിന് ഭാരതരത്നം നൽകാൻ ബിജെപിയെ പ്രേരിപ്പിച്ചത്. 1978 ലാണ് മുംഗേരി ലാൽ കമീഷൻ റിപ്പോർട്ടിന്റെ ശുപാർശയനുസരിച്ച് 26 ശതമാനം സംവരണം ഏർപ്പെടുത്തിയത്. മണ്ഡൽ കമീഷൻ റിപ്പോർട്ടിന് മുമ്പായിരുന്നു ബിഹാറിൽ കർപ്പൂരി താക്കൂർ സംവരണം ഏർപ്പെടുത്തിയത്. ബുധനാഴ്ച മോദി എഴുതിയ ലേഖനത്തിൽ കർപ്പൂരി താക്കൂറിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് കൈലാസപതി മിശ്രയിൽ നിന്നാണെന്ന് പറയുന്നുണ്ട്. അന്ന് മിശ്ര കർപ്പൂരി താക്കൂർ മന്ത്രിസഭയിൽ അംഗമായിരുന്നു. എന്നാൽ, സംവരണത്തെ നഖശിഖാന്തം എതിർക്കാനാണ് ജനസംഘക്കാരനായ കൈലാസ് പതി മിശ്ര തയ്യാറായിരുന്നത്. കർപ്പൂരി താക്കൂറിനെ വ്യക്തിപരമായിപോലും അധിക്ഷേപിക്കാൻ ആർഎസ്എസുകാർ തയ്യാറായി." ഈ സംവരണം എവിടെനിന്നു വന്നു. കർപ്പൂരി താക്കൂറിന്റെ അമ്മ പ്രസവിച്ചതായിരിക്കാം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ആർഎസ്എസും ജനസംഘവും അന്ന് ഉയർത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ സാമൂഹ്യനീതി രാഷ്ട്രീയത്തെ ബിജെപിക്ക് ഇന്നും അംഗീകരിക്കാൻ കഴിയുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജാതിസെൻസസിനെ അംഗീകരിക്കാത്ത സമീപനം. നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സർവേ നടത്തിയെന്ന് മാത്രമല്ല ആ റിപ്പോർട്ട് പുറത്തുവിടുകയും, അതിപിന്നാക്ക, പിന്നാക്ക വിഭാഗത്തിനായി 65 ശതമാനം സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ബിജെപിയുടെ വിജയ പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിക്കുന്നു. ദയനീയമായ തോൽവിയിൽനിന്നും രക്ഷപ്പെടാനുള്ള മാർഗം തേടുന്നതിന്റെ ഭാഗമായാണ് കർപ്പൂരി താക്കൂറിനെ ഭാരതരത്നം നൽകി ആദരിക്കുന്നത്.

ബിജെപിയെ അലട്ടുന്ന മറ്റൊരു സംസ്ഥാനം മഹാരാഷ്ട്രയാണ്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ 2019 ൽ 48 ൽ 42 സീറ്റും എൻഡിഎയ്‌ക്ക് നേടാൻ കഴിഞ്ഞിരുന്നു. ശിവസേനയേയും എൻസിപിയെയും പിളർത്തി അധികാരം നേടിയെങ്കിലും 2019 ലെ സീറ്റ് നിലനിർത്താൻ ബിജെപിക്ക് കഴിയില്ല. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം കർണാടകവും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട് -2019 ൽ 28 സീറ്റിൽ 26 ഉം നേടിയ ബിജെപിക്ക് അതും നിലനിർത്തുക പ്രയാസമാണ്. ദേവഗൗഡയുടെ ജെഡിഎസുമായി കൈകോർത്തുവെങ്കിലും സംസ്ഥാനത്ത് മേൽക്കൈ നേടാൻ ബിജെപിക്ക് പ്രയാസമായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പശ്ചിമ ബംഗാളിൽ നേടിയ 18 സീറ്റ് നിലനിർത്താനും ബിജെപിക്ക് ഇന്നത്തെ നിലയിൽ കഴിയില്ല. എവിടെനിന്നെങ്കിലും സീറ്റ് കൂടണമെങ്കിൽ അത് തെക്കേ ഇന്ത്യയിൽനിന്നാണ്. ഇതിനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ മോദി നടത്തിയത്. കേരളത്തിൽ രണ്ട് തവണ സന്ദർശനം നടത്തിയതും തമിഴ്നാട്ടിലും ആന്ധ്രയിലും ക്ഷേത്രങ്ങൾ സന്ദർശിച്ചതും ഭക്തിയേക്കാൻ രാഷ്ട്രീയം ലക്ഷ്യമാക്കിയുള്ള യാത്രകളാണ്. എന്നാൽ, ഈ ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ജനങ്ങളെ ദീർഘകാലം വിഡ്ഢികളാക്കാൻ പറ്റില്ല. കേരളത്തിൽനിന്നും ഒരു സീറ്റും ബിജെപിക്ക് ലഭിക്കില്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റ് വർധിപ്പിക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബിജെപിക്ക് ജയിക്കാൻ കഴിയാത്ത 200 സീറ്റുകൾ ഉണ്ടെന്നാണ് "ദ പ്രിന്റ്‌’ എന്ന ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തത്. അതായത് 343 സീറ്റിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാൻ കഴിയുന്ന സീറ്റുള്ളത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ സീറ്റുകൾ മുഴുവൻ ബിജെപിക്ക് ജയിക്കാൻ കഴിയുമെന്ന് ആർക്കും പറയാനാകില്ല. ബിജെപിയുടെ റിപ്പോർട്ട് അനുസരിച്ച് തന്നെ വിജയസാധ്യത വിരളമായ 160 സീറ്റുണ്ടെന്ന് മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതെല്ലാം വിരൽ ചൂണ്ടുന്നത് 2024 ൽ ബിജെപിക്ക് വിജയം അത്ര എളുപ്പമല്ലെന്നാണ്. ഈപശ്ചാത്തലത്തിലാണ് കോർപറേറ്റുകളെയും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളെയും കൂട്ടുപിടിച്ച് അയോധ്യയിലെ ക്ഷേത്രനിർമാണം ചരിത്രസംഭവമാക്കാൻ മോദിയും സംഘപരിവാറും ശ്രമിക്കുന്നത്. അയോധ്യ മോദിയുടെ മൂന്നാം ഊഴത്തിന് ഒരു ഗ്യാരന്റിയും നൽകുന്നില്ലെന്ന് നിലവിലെ ഇന്ത്യൻ രാഷ്ട്രീയം സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.