Skip to main content

ജമ്മു-കശ്മീരിലെയും ഹരിയാനയിലെയും ജനങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നതിൽ സംശയമില്ല, ഇതോടെ മോദി സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുറപ്പാണ്

ജമ്മു -കശ്മീർ, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ജമ്മു -കശ്മീരിൽ മൂന്നു ഘട്ടത്തിലായും (സെപ്തംബർ 18, 25, ഒക്ടോബർ 1) ഹരിയാനയിൽ ഒറ്റ ഘട്ടമായി ഒക്ടോബർ ഒന്നിനുമാണ്‌ തെരഞ്ഞെടുപ്പ്. ഒക്ടോബർ നാലിനാണ് രണ്ടിടത്തും വോട്ടെണ്ണൽ. കഴിഞ്ഞ തവണ ഹരിയാനയോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ജനുവരി ആദ്യവാരം കാലാവധി തീരുന്ന ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് നടത്താമായിരുന്നെങ്കിലും പ്രഖ്യാപിച്ചില്ല. എല്ലാ സംസ്ഥാനങ്ങളിലും ഒന്നിച്ചു പരാജയമുണ്ടായാലുള്ള ആഘാതം ഭയന്നായിരിക്കാം കേന്ദ്രം മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്താതിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകവെ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജൻഡ ആവർത്തിക്കാൻ പ്രധാനമന്ത്രി മറന്നില്ല. എന്നാൽ, അത് പ്രാവർത്തികമല്ലെന്ന് തൊട്ടടുത്ത ദിവസംതന്നെ തെരഞ്ഞെടുപ്പ് കമീഷൻ രണ്ട് സംസ്ഥാനത്തെമാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കുകയും ചെയ്തു.
പത്ത് വർഷത്തിനു ശേഷമാണ് ജമ്മു -കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണ് നിലവിൽവന്നത്. മാസങ്ങൾക്കുശേഷം ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന പിഡിപിയും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും 2018ൽ നിലംപതിച്ചു. ബദൽ സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായെങ്കിലും നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് മോദിസർക്കാർ ചെയ്തത്. ഈ ജനാധിപത്യഹത്യക്ക് ശേഷം 2019 ആഗസ്ത് അഞ്ചിനാണ്, സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–--ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കിയതും സംസ്ഥാന പദവിപോലും എടുത്തുകളഞ്ഞ് ജമ്മു -കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതും. ഈ നടപടികൾ ജമ്മു -കശ്മീരിലെ ജനങ്ങളിൽ നിരാശ പടർത്തിയെന്നു മാത്രമല്ല, മുഖ്യധാരയിൽനിന്ന്‌ അകറ്റുകയും ചെയ്തെന്ന് "ദ ഹിന്ദു' ദിനപത്രം ശരിയായി വിലയിരുത്തുകയുണ്ടായി. യുഎപിഎയും പൊതുസുരക്ഷാ നിയമവും ഉപയോഗിച്ച് മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും പൗരാവകാശ മനഷ്യാവകാശ പ്രവർത്തകരെയും മോദി സർക്കാർ ജയിലിലടച്ചു. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് അവരുടെ ശബ്ദം കേൾപ്പിക്കാനുള്ള ഏക മാർഗം നിയമസഭയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ആ അവസരം സംസ്ഥാനത്തെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു.

ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് മോദി സർക്കാരിന്റെ ജനാധിപത്യ ബോധത്തിന്റെ പ്രകടനമായി വിലയിരുത്താനാകില്ല. മറിച്ച് കഴിഞ്ഞ വർഷം ഡിസംബർ 11ന്, ഭരണഘടനയിലെ 370–-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരി വച്ച്‌ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ ഈ വർഷം സെപ്തംബർ 30നകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കർശനമായ നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ ജമ്മു- കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നിയമസഭാ തെരഞ്ഞെടുപ്പില്ല. ഇതിനെതിരെ ആ മേഖലയിലെ ജനങ്ങളിൽ രോഷം പടരുകയാണ്. ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമാക്കുകയോ അല്ലെങ്കിൽ പ്രത്യേക സംസ്ഥാന പദവി നൽകുകയോ വേണമെന്ന ആവശ്യമാണ് ഇവിടെ ഉയരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ച് ജനങ്ങൾ അവരുടെ രോഷം പ്രകടിപ്പിച്ചതുമാണ്. മേൽപ്പറഞ്ഞ സുപ്രീംകോടതി വിധിയിൽത്തന്നെ സംസ്ഥാനപദവി തിരിച്ചു നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, കോടതി കാലപരിധി മുന്നോട്ടു വച്ചില്ല എന്ന ന്യായംപറഞ്ഞ് സംസ്ഥാനപദവി നൽകുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് മോദി സർക്കാർ. തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന പദവി നൽകിയാൽ അത് പ്രതിപക്ഷ മുന്നേറ്റത്തിന്‌ അവസരമൊരുക്കുമെന്നതിനാലാണ് മോദിഭരണം തീരുമാനം വൈകിപ്പിക്കുന്നത് എന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും സംസ്ഥാന പദവിയും ഭരണഘടനയിലെ 370–--ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവിയും തന്നെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ഉറപ്പാണ്. നാഷണൽ കോൺഫറൻസ് പാർടി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഈ രണ്ട് വിഷയത്തിനാണ് പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ മുന്നേറ്റം നേടാൻ ധൃതിപിടിച്ച് മണ്ഡല പുനർനിർണയം നടത്തിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുസ്ലിങ്ങൾ ഏറെയുള്ള, ബിജെപി ഇതര കക്ഷികൾക്ക് നല്ല സ്വാധീനമുള്ള കശ്മീർ മേഖലയിൽ ഒരു സീറ്റുമാത്രം വർധിച്ചപ്പോൾ ഹിന്ദു ജനസംഖ്യ കൂടുതലുള്ള, ബിജെപിക്ക് സ്വാധീനമുള്ള ജമ്മു മേഖലയിൽ ആറ് സീറ്റ് വർധിപ്പിച്ചു. എന്നാലും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകില്ലെന്നാണ് മാധ്യമങ്ങൾ നൽകുന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കശ്മീരിലെ മൂന്ന് സീറ്റിൽ സ്ഥാനാർഥിയെ നിർത്താൻപോലും ബിജെപിക്ക് ആർജവമുണ്ടായില്ല. കനത്ത തോൽവി ഭയന്നാണ് ഈ പിന്മാറ്റം. ലഡാക്കിലാണെങ്കിൽ ദയനീയമായി തോൽക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 58.46 ശതമാനം പോളിങ് രേഖപ്പെടുത്തിയത് സംസ്ഥാനം സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന ആഖ്യാനം സൃഷ്ടിക്കാൻ മോദിയും അമിത് ഷായും ഉപയോഗിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം മറ്റൊന്നാണെന്ന് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ തെളിയിക്കുന്നു. കശ്മീർ താഴ്‌വരയെക്കാൾ ഇപ്പോൾ ജമ്മു മേഖലയിലാണ് ആക്രമണങ്ങൾ വർധിക്കുന്നത്. മോദി സർക്കാർ അധികാരമേറ്റശേഷം വ്യത്യസ്ത ആക്രമണങ്ങളിലായി 371 സാധാരണക്കാരും 613 സുരക്ഷാ ഭടന്മാരും 1787 ഭീകരവാദികളും കൊല്ലപ്പെട്ടതായി ‘സൗത്ത് ഏഷ്യ ടെററിസം പോർട്ടൽ’ രേഖപ്പെടുത്തുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് മോദി സർക്കാരിന്റെ അവകാശവാദങ്ങളിൽ കഴമ്പില്ലെന്നാണ്. ഏതായാലും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. ജനങ്ങൾക്ക് അവരുടെ വികാരവും ചിന്തയും പ്രകടിപ്പിക്കാനും ആവലാതികൾ ഉന്നയിക്കാനും ഒരു വേദി ലഭിക്കുക എന്നത് ജനാധിപത്യത്തിൽ വളരെ പ്രധാനം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ച സംസ്ഥാനമായിരുന്നു ഹരിയാന. 2014ലും 19ലും ബിജെപിക്ക് 10ൽ 10 സീറ്റും നേടാനായ സംസ്ഥാനത്ത് ഇക്കുറി അഞ്ച്‌ മാത്രമാണ് കിട്ടിയത്. സീറ്റിൽ മാത്രമല്ല വോട്ടിലും വൻ കുറവുണ്ടായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 58.21 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് ഇക്കുറി 46.11 ശതമാനം വോട്ടാണ് ലഭിച്ചത്. 12 ശതമാനം വോട്ടാണ് കുറഞ്ഞത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പരാജയം മണത്തതുകൊണ്ടാണ് മനോഹർ ലാൽ ഖട്ടറെ മാറ്റി ഒബിസി വോട്ടിൽ കണ്ണുനട്ട് നയിബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, ആ തന്ത്രം ഫലിച്ചില്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽത്തന്നെ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. 90 അംഗ നിയമസഭയിൽ 40 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഇന്ത്യൻ നാഷണൽ ലോക്ദളിൽനിന്ന്‌ ഭിന്നിച്ച് ദുഷ്യന്ത് ചൗട്ടാല രൂപം നൽകിയ ജനനായക് ജനശക്തി പാർടിയുടെ പത്ത് സീറ്റിന്റെ പിന്തുണ ലഭിച്ചതിനാലാണ് സർക്കാർ ഉണ്ടാക്കാനായത്. ആ പാർടി പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭാവി തുലാസിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ ജാട്ട് വിഭാഗത്തിന്റെ പാർടിയായി അറിയപ്പെടുന്ന ഐഎൻഎൽഡിയും ജെജെപിയും തകർന്നടിയുകയും ചെയ്തു. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് വേദിയാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിയും കോൺഗ്രസും സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള സാധ്യത ഇരുകക്ഷികളും തള്ളിക്കളയുകയാണ്. കർഷകസമരത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ട ബിജെപി സർക്കാരിന്റെ നയമാണ് ജാട്ട് കർഷകരെ അവരിൽനിന്ന്‌ അകറ്റിയത്. റബർ ബുള്ളറ്റും കണ്ണീർവാതക ഷെല്ലുകളും ഉപയോഗിച്ചാണ് ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിനെ ഖട്ടർ സർക്കാർ തടഞ്ഞത്. പൊലീസ് വെടിവയ്‌പിൽ ഒരു യുവ കർഷകൻ കൊല്ലപ്പെടുകയും ചെയ്തു. കർഷകരോഷം തണുപ്പിക്കാൻ 24 വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻ സൈനി സർക്കാർ തയ്യാറായെങ്കിലും ഇത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ അഭിപ്രായം. തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുമുണ്ട്. അഗ്നിപഥ് പദ്ധതിയാണ് ബിജെപിയെ അലട്ടുന്ന മറ്റൊരു വിഷയം. പട്ടാളത്തിലേക്ക് ഏറ്റവും കൂടുതൽ യുവാക്കൾ ചേരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. പട്ടാള സേവനം നാലു വർഷമാക്കി ചുരുക്കുന്ന, സ്ഥിരം ജോലിയെന്ന സ്വപ്നം തകർക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരാണ് ഹരിയാനയിലെ യുവാക്കളും ജനങ്ങളും. ഇന്ത്യാ സഖ്യമാകട്ടെ ഈ പദ്ധതിക്ക് എതിരുമാണ്. വിനേഷ് ഫോഗട്ടിന് ഗുസ്‌തിമെഡൽ നഷ്ടപ്പെടുത്തിയതും ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോൾ ഹരിയാന സർക്കാരിന്റെ നിഷേധാത്മക സമീപനവും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും.

എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് അവരുടെ മുന്നേറ്റം തടയുന്നത്. പ്രതിപക്ഷ നേതാവ് ഭുപീന്ദർ സിങ് ഹൂഡ, സിർസ എംപി കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളാണ് കോൺഗ്രസിന്റെ ശാപവും ബിജെപിയുടെ പ്രതീക്ഷയും. ഏതായാലും ഈ രണ്ട് സംസ്ഥാനത്തെയും ജനങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നതിൽ സംശയമില്ല. ഇതോടെ മോദി സർക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുറപ്പ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.