കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ നൽകിയ വാർത്തകളും വിശകലനങ്ങളും. ഡിസംബർ 28നാണ് പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച കോടതിവിധി വന്നത്. അതേദിവസംതന്നെയാണ് വയനാട്ടിലെ കോൺഗ്രസ് നേതാവും ഡിസിസി ട്രഷററുമായ ബത്തേരി മണിച്ചിറക്കൽ എൻ എം വിജയനും മകൻ ജിജേഷും വിഷം അകത്തു ചെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുന്നത്.
സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന വയനാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു മരിച്ച വിജയൻ. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ വാങ്ങിയെന്ന വൻ അഴിമതിയാണ് ഇവരുടെ മരണത്തോടൊപ്പം പുറത്തുവന്നത്. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് മുൻ ഡിസിസി പ്രസിഡന്റും ഇപ്പോൾ എംഎൽഎയുമായ ഐ സി ബാലകൃഷ്ണന് ഉദ്യോഗാർഥികളിൽനിന്ന് വാങ്ങി നൽകിയ തുക തിരികെ നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിജയൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിക്കു നൽകിയ കത്തും പണം നൽകിയ ഉദ്യോഗാർഥിയുടെ പിതാവുമായി വിജയൻ ഉണ്ടാക്കിയ കരാറിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പുവരെ പണം തിരിച്ചു ലഭിക്കാൻ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും ഫലം കാണാത്ത നിരാശയിൽനിന്നാണ് വിജയൻ മരണത്തെ പുൽകിയതെന്നാണ് സംശയിക്കപ്പെടുന്നത്. വിജയന്റെ ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. നിയമനത്തിന് ഐ സി ബാലകൃഷ്ണൻ 17 പേരുടെ പട്ടിക നൽകിയെന്നും റാങ്ക് ലിസ്റ്റിൽ ഏറെ താഴെയുള്ളവരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തതുമായ പേരുകളാണ് നൽകിയതെന്നും ബാങ്ക് ചെയർമാനായിരുന്ന ഡോ. സണ്ണി ജോർജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കോഴ നിയമനത്തിന് തയ്യാറാകാത്തതിനാൽ ബാങ്ക് ചെയർമാൻ സ്ഥാനത്തുനിന്ന് താൻ പുറത്താക്കപ്പെട്ടെന്നും ഇയാൾ പറഞ്ഞു.
സുൽത്താൻ ബത്തേരിയിലെ കോൺഗ്രസ് നേതാക്കൾ നിയമനം നൽകാമെന്ന് പറഞ്ഞ് മൂന്നു തവണയായി 17 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് ബത്തേരിയിലെ ഒരു കർഷകനും വെളിപ്പെടുത്തി. അതായത് കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് വൻ കോഴയാണ് വാങ്ങുന്നതെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു. കരുവന്നൂർ ബാങ്ക് വിഷയം വന്നപ്പോൾ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ തുനിഞ്ഞിറങ്ങിയ കോൺഗ്രസ് നേതൃത്വത്തിനും മാധ്യമങ്ങൾക്കും ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.
കരുവന്നൂരിൽ ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ കെപിസിസി നേതൃത്വം എന്ത് നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. കെപിസിസി ഈ വിഷയത്തിൽ അന്വേഷണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, എന്ത് നടപടിയാണ് അവർ സ്വീകരിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ എന്തേ ഇതേക്കുറിച്ച് മൗനം പാലിക്കുന്നു. എന്നാൽ, പെരിയ കൊലക്കേസ് വാർത്തയിൽ "കണ്ണീർമഴ’യും "കണ്ണീർപ്പുഴ’യും ഒരേസമയം ഒഴുക്കിയ മാധ്യമങ്ങൾ, ബത്തേരിയിലെ കോൺഗ്രസ് കുടുംബത്തിലെ കണ്ണീർ കണ്ടതേയില്ല.
ഈ രണ്ടു വാർത്തയും നിഷ്‌പക്ഷമെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന ചോദ്യമാണ് ഞാനിവിടെ ഉന്നയിക്കുന്നത്. സിപിഐ എമ്മുമായി ബന്ധമുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലക്കേസ് പ്രമുഖ പത്രങ്ങളുടെയെല്ലാം തലക്കെട്ടായപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിന് ഇരകളായി ജീവൻ വെടിഞ്ഞ വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും ആത്മഹത്യ ചെയ്ത വാർത്ത അവരുടെ കണ്ണിൽപ്പെട്ടതേയില്ല. "ഇവർ കൊന്നതാണ്’ എന്ന തലക്കെട്ടിൽ പെരിയ കേസ് വാർത്ത നൽകിയ "മലയാള മനോരമ’യിൽ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യാവാർത്ത ചരമക്കോളത്തിൽപ്പോലും ഇടം പിടിച്ചില്ല. (എന്റെ വീടുള്ള മോറാഴയിൽ വന്ന പത്രത്തിൽ). പെരിയ കേസിലെ പ്രതികൾക്ക് സിപിഐ എം ബന്ധമുള്ളതിനാൽ "അവർ കൊന്നതാണ്’ എന്ന തലക്കെട്ട് നൽകിയ മനോരമ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒന്നാം പ്രതിയായ സൊഹ്റാബുദീൻ ഏറ്റുമുട്ടൽ കൊലക്കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്‌ജി ബ്രിജ് ഭൂഷൺ ലോയ സംശയകരമായ സാഹചര്യത്തിൽ നാഗ്പുരിൽ മരിച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച സംഘപരിവാറിനെതിരെ വിരൽ ചൂണ്ടിയുള്ള സ്വന്തം ലേഖകന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻപോലും ധൈര്യം കാട്ടിയില്ലെന്ന കാര്യംകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം. കേന്ദ്രം ഭരിക്കുന്ന കക്ഷിക്കു മുമ്പിൽ വണങ്ങാൻ മാത്രമല്ല, മുട്ടിലിഴയാനും മടിയില്ലാത്ത പത്രമാണ് തങ്ങളുടേതെന്ന് പലവട്ടം മനോരമ തെളിയിച്ചിട്ടുണ്ട്.
പെരിയ കേസ് ഒന്നാം പേജിലെ വാർത്തയ്‌ക്ക് പുറമെ നാല് പേജാണ് മനോരമ നൽകിയത്. പി പി ദിവ്യ വിഷയത്തിലും ഇതു തന്നെയായിരുന്നു സമീപനം. സിറിയയിൽ ബാഷർ അൽ അസദും ബംഗ്ലാദേശിൽ ഷേയ്‌ക്ക് ഹസീനയും രാജ്യം വിട്ടോടിയതിനേക്കാൾ പ്രാധാന്യമാണ് സിപിഐ എം വിരുദ്ധവാർത്തകൾക്ക് നൽകിയ പ്രാധാന്യം. മനോരമ ഇത് ഇന്ന് തുടങ്ങിയതല്ലെന്ന് "ഇന്ത്യയിലെ പത്ര വിപ്ലവം’ എന്ന പുസ്തകത്തിൽ റോബിൻ ജെഫ്രി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കുലേഷൻ വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം പ്രാദേശികമായ വാർത്തകൾ (സിപിഐ എം വിരുദ്ധ വാർത്തകൾ) അമിത പ്രാധാന്യത്തോടെ നൽകുന്നതെന്നാണ് റോബിൻ ജെഫ്രിയുടെ വിലയിരുത്തൽ. അതോടൊപ്പം സിപിഐ എമ്മിനെ പ്രതിസന്ധിയിലാക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുകയെന്ന മനോഭാവവും ഈ സമീപനത്തിന് പിന്നിലുണ്ട്.
മാതൃഭൂമിയാകട്ടെ വയനാട് വാർത്ത അവസാന പേജിന്റെ മൂലയിൽ രണ്ടു കോളത്തിലൊതുക്കി എന്ന് മാത്രമല്ല, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സിപിഐ എം പ്രസ്താവനയാണ് വാർത്തയായി നൽകിയത്. അതായത് പത്രത്തിന്റെ സ്വന്തം വാർത്തയായി ഒരു വരിപോലും നൽകാൻ തയ്യാറായില്ല. മനുഷ്യാവകാശത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ഇടയ്‌ക്കിടയ്‌ക്ക് സിപിഐ എമ്മിന് ക്ലാസെടുക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ദിനപത്രം ഈ വാർത്തയേ നൽകിയില്ല. കേരള കൗമുദിയാകട്ടെ ഐ സി ബാലകൃഷ്ണന്റെ പ്രസ്താവന സിംഗിൾ കോളത്തിൽ നൽകി ഞങ്ങൾക്ക് ഈ വാർത്ത അറിയാമെന്നും സ്വന്തം നിലയിൽ നൽകാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കി. (മോറാഴയിൽ വന്ന പത്രങ്ങളിൽ)
പെരിയ കേസ് ലീഡ് വാർത്തയായി നൽകിയ മാധ്യമങ്ങൾ എന്തേ വയനാട്ടിൽ കോൺഗ്രസിന്റെ അഴിമതിയുടെ ഫലമായി രണ്ട് ജീവൻ നഷ്ടപ്പെട്ട വാർത്ത കണ്ടില്ലെന്ന് നടിക്കുകയോ അപ്രധാനമായി നൽകുകയോ ചെയ്തത്. ഇത് കോൺഗ്രസിന്റെ പക്ഷം പിടിക്കലല്ലാതെ മറ്റെന്താണ്. പെരിയ കേസ് വാർത്തയല്ലെന്നോ അത് കൊടുക്കേണ്ടതില്ലെന്നോ അല്ല ഞാൻ പറയുന്നത്. അതു കൊടുക്കുമ്പോൾ മറുഭാഗത്തെ തെറ്റ് കാണാതെ പോകുന്ന "നിഷ്പക്ഷ ’ മാധ്യമ പ്രവർത്തനത്തെക്കുറിച്ചാണ് പരാതി. വലതു പക്ഷത്തിന്റെ തെറ്റുകളും കുറ്റങ്ങളും പൊതുജനസമക്ഷത്തിൽനിന്ന് മറച്ചുവയ്‌ക്കാൻ കാട്ടുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രമം അപലപനീയമെന്നു മാത്രമല്ല, മാധ്യമ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. യഥാർഥ വസ്തുതകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുകയെന്ന മാധ്യമധർമമാണ് കേരളത്തിലെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും മറക്കുന്നത്. ഇത് ബോധപൂർവമാണ്. മാധ്യമ മുതലാളിമാരുടെ കോർപറേറ്റ് മൂലധന താൽപ്പര്യത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ എന്തു വിലകൊടുത്തും ദുർബലമാക്കുകയും തകർക്കുകയും ചെയ്യുക എന്നത് ഇവരുടെ അജൻഡയാണ്. അതാണ് ഇക്കാര്യത്തിലും നിഴലിച്ചു കാണുന്നത്. അതുകൊണ്ടൊന്നും ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോട്ടമുള്ള സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ തളർത്താനോ ദുർബലമാക്കാനോ കഴിയില്ല. യഥാർഥ വസ്തുതകൾ ജനങ്ങൾ മനസ്സിലാക്കുകതന്നെ ചെയ്യും.