Skip to main content

കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്

കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്. കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല; മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നത്. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, ഹോം സ്‌റ്റേയിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗം എന്നീ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ഇതെഴുതുമ്പോഴും എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല എന്നുമാത്രമല്ല, കോൺഗ്രസിൽ അംഗമായി തുടരുകയുമാണ്. രണ്ട് യുവതികൾ പരാതി നൽകിയിട്ടും ഉചിതമായ നടപടി എടുക്കുമെന്നു പറഞ്ഞ് കൈകഴുകുകയാണ് കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചുവെന്നും രാഹുലിനെ പാർടിയിൽനിന്ന്‌ സസ്‌പെൻഡ് ചെയ്തുവെന്നും പറഞ്ഞ് മേനിനടിക്കുകയാണ് നേതൃത്വം.

രാഹുലിന് ഇപ്പോഴും സംരക്ഷണകവചം ഒരുക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. രാഹുൽ കർണാടകത്തിലേക്ക്‌ കടന്നുവെന്നാണ് മാധ്യമവാർത്ത. ക്രിമിനൽപ്രവർത്തനം നടത്തിയ രാഹുലിന്‌ കർണാടകത്തിലേക്ക് പോകാൻ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലായിരിക്കാം കർണാടകത്തിലേക്ക് രക്ഷതേടി പോയത്. പരാതി നൽകിയ അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നതും ഇതേ നേതൃത്വത്തിന്റെ അറിവോടെയാണ്. രാഹുലിന്റെ കാമഭ്രാന്തിന് ഇരയായ പെൺകുട്ടികൾ കൂടുതൽ കൂടുതൽ പരാതിയുമായി ഇനിയും വരുന്നത് തടയാനാണ് പരാതി നൽകിയവരെ തേജോവധം ചെയ്തുള്ള സൈബർ ആക്രമണം. എന്നാൽ, ഇതൊന്നും വകവയ്‌ക്കാതെ പരാതിയുമായി യുവതികൾ മുന്നോട്ടുവരുന്നത് തങ്ങൾക്കുണ്ടായ ദുരനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്ന് കരുതിയായിരിക്കണം.

രാഹുൽ എന്ന ക്രിമിനലിനെ വളർത്തിയത് കോൺഗ്രസ് നേതൃത്വമല്ലാതെ മറ്റാരുമല്ല. വ്യാജ ഐഡി കാർഡ് അച്ചടിച്ച് വളഞ്ഞ വഴിയിലൂടെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം പിടിച്ചെടുത്തതിനെതിരെ നടപടി എടുക്കുന്നതിനു പകരം നേതൃത്വം പ്രോത്സാഹനം നൽകി. വ്യാജ തിരിച്ചറിയൽ കാർഡ് അടിക്കാൻ രാഹുലിനെ സഹായിച്ച വ്യക്തിയാണ് ബലാത്സംഗം ചെയ്യപ്പെട്ട ഇരുപത്തിമൂന്നുകാരിയെ റിസോർട്ടിലേക്ക് കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അടൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ സ്ഥാനാർഥിയാണ് ഈ സഹായി എന്നതിൽനിന്ന്‌ കോൺഗ്രസ് ആരുടെ കൂടെയാണെന്ന് വ്യക്തം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വളരെ നേരത്തേതന്നെ പല പെൺകുട്ടികളും നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതികൾ നിലനിൽക്കെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കുന്നതും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതും. മകളോട്‌ രാഹുൽ മോശമായി പെരുമാറിയതിനെതിരെ കോൺഗ്രസ് നേതാവിന്റെ പരാതിതന്നെ കെപിസിസിക്ക് ലഭിച്ച ഘട്ടത്തിലാണ് ഈ സ്ഥാനലബ്ധികളെല്ലാം രാഹുലിന് ലഭിച്ചത്. അതിൽനിന്ന്‌ കോൺഗ്രസ് നേതൃത്വം ഇരയുടെ കൂടെയല്ലെന്ന് വ്യക്തം. പ്രതിപക്ഷനേതാവ് വി ഡി സതീശൻതന്നെ ഒരു പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ചിരുന്നു. അന്ന്‌ സതീശൻ പറഞ്ഞത് പിതാവിനെപ്പോലെ പ്രശ്നം പരിഹരിച്ചുവെന്നാണ്. അതായത് രാഹുലിനെ രക്ഷിച്ചെടുത്തുവെന്ന് സാരം. അതിനുശേഷം കൂടുതൽ അക്രമാസക്തമായി പെൺകുട്ടികളെ രാഹുൽ വേട്ടയാടാൻ തുടങ്ങിയെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയ ഘട്ടത്തിൽത്തന്നെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും പരാതി നൽകിയിട്ടും അത് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. അതിജീവിതയുടെ ശബ്ദം നിർമിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് പറഞ്ഞ് യുഡിഎഫ് കൺവീനറും രാഹുൽ പ്രചാരണത്തിറങ്ങണമോ വേണ്ടയോ എന്നത് പ്രാദേശികഘടകമാണ് തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് കെ സി വേണുഗോപാലും തെറ്റിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. രാഹുലിനെതിരെ കോൺഗ്രസിലെ വനിതാനേതാക്കൾ പ്രതികരിച്ചപ്പോൾ അവരെ നിശ്ശബ്ദമാക്കാനും ഇതേ നേതാക്കൾ ഇടപെട്ടു. ഇരകളാക്കപ്പെട്ട സ്ത്രീകളുടെ പക്ഷത്തല്ല, വേട്ടക്കാരന്റെ കൂടെയാണ് നേതാക്കൾ നിലകൊണ്ടത്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അതിജീവിത പരാതി അയച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

കോൺഗ്രസിന്റെ നിസ്സംഗ സമീപനം ഇതാദ്യമല്ല. നൈന സാഹ്നിയെന്ന ഇരുപത്തൊന്പതുകാരിയെ ഡൽഹിയിലെ തന്തൂരി അടുപ്പിൽ കത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ ശർമയുടെ പാരമ്പര്യം പേറുന്ന കോൺഗ്രസിൽനിന്ന് നന്മ പ്രതീക്ഷിക്കാനാകില്ല. രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിയായിരുന്ന മഹിപാൽ മദേർണയാകട്ടെ ഭൻവാരി ദേവിയെന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊന്നുതള്ളിയ സംഭവവും ഭീതിയോടെമാത്രമേ ഓർക്കാനാകൂ. നിലമ്പൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ രാധ എന്ന വനിത, നേതാക്കളാൽ കൊല്ലപ്പെടുകയും ചെയ്തു. അപവാദക്കേസിൽപ്പെട്ട് ഗവർണർസ്ഥാനം രാജിവച്ച എൻ ഡി തിവാരിയും കോൺഗ്രസ് വക്താവ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന മനു അഭിഷേക് സിങ്‌വിയുംവരെ നീളുന്നതാണ് ഈ പട്ടിക. ഇപ്പോൾ ഇതാ രാഹുൽ മാങ്കൂട്ടത്തിലും. രാഹുലിന്റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നുവരുന്നത് സിപിഐ എം ഭീതിയോടെ കാണുന്നു എന്നാണ്‌ കോൺഗ്രസ് മുഖപത്രത്തിന്റെ വിവാദ മുഖപ്രസംഗത്തിൽ പറഞ്ഞത്‌. എന്നാൽ, അവരെ ഭീതിയോടെ കാണുന്നത്‌ ഓരോ കേരളീയനുമാണ്‌. പെൺകുട്ടികളുള്ള ഓരോ കുടുംബവുമാണ്. അതിനാൽ ഇത്തരം കള്ളനാണയങ്ങളെ, ക്രിമിനലുകളെ, ലൈംഗികവേട്ടക്കാരെ സംരക്ഷിക്കുന്നിടത്തോളം കോൺഗ്രസിന്റെ മുഖം വികൃതമായി തുടരും. ഗാന്ധിജിയും നെഹ്റുവും അബുൾ കലാം ആസാദും നയിച്ച കോൺഗ്രസ് കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളാൽ നയിക്കപ്പെടുമ്പോൾ ഈ അധഃപതനം സ്വാഭാവികം മാത്രം. കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അത്രയും ആഴമേറിയ കുഴിയിലേക്കാണ് അത് വീണുകൊണ്ടിരിക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.