Skip to main content

സഖാവ് ഇ എം എസ് ദിനം

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം. ഭാവികേരളത്തിന്റെ ദിശാസൂചികയാകുന്ന മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് നാം മഹാരഥനായ ഇ എം എസിന്റെ സ്മരണ പുതുക്കുന്നത്. കഴിഞ്ഞ 10 വർഷം ഈ നാടിനെ സംബന്ധിച്ചിടത്തോളം വികസനക്കുതിപ്പിന്റെയും ക്ഷേമ ഐശ്വര്യങ്ങളുടെയും കാലമായിരുന്നു. ഇരുണ്ട കാലത്തിൽനിന്ന്‌ ഈ നാട് മോചിതമായ സമയം. എല്ലാ മനുഷ്യരും ചേർത്തുനിർത്തപ്പെട്ട എൽഡിഎഫ് ഭരണകാലം. അതിന്‌ തുടർച്ചയുണ്ടാകണം. സാമൂഹ്യവികസന സൂചികകളിലെല്ലാം ഈ നാട് ഉയർന്നുതന്നെ നിൽക്കണം. അതിന് ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകണം. ആ പോരാട്ടപാതയിൽ ഏവരും കൈകോർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കീഴിൽ അണിനിരക്കണം. ആ ചരിത്രനിയോഗമാണ് നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടത്.

​ഇന്ത്യൻ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതിൽ ഇ എം എസ് വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം, സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം 1992ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും വിശ്രമിച്ചില്ല. കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിർത്തുന്നതിൽ സഖാവിന്റെ നേതൃത്വവും പ്രവർത്തനവും ഇടപെടലും പ്രധാനമാണ്. നിരവധി പതിറ്റാണ്ടുകളിൽ കേരളരാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിച്ചത് ഇ എം എസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യതലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകി. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നത നേതാക്കളിൽ ഒരാളായി മാറി.

അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയിൽനിന്ന് നാടിനെ മോചിപ്പിക്കാനും ജാതി–ജന്മി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും വലിയതോതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ജനിച്ച സമുദായത്തിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഏർപ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനുവേണ്ടി പ്രക്ഷോഭം നയിച്ചവരുടെ നിരയിൽ ഇ എം എസ് ഉൾപ്പെടെ ധാരാളംപേരുണ്ട്. ഇവരുടെയെല്ലാം പ്രവർത്തനഫലമായി, വിധവാവിവാഹത്തിന് അനുകൂലവും ‘സംബന്ധ ഇടപാടി’ന് എതിരെയും ഇംഗ്ലീഷ് പഠനം, സ്ത്രീകളുടെ വിദ്യാഭ്യാസം, വേഷപരിഷ്കാരം എന്നിവയ്‌ക്ക്‌ അനുകൂലവുമായ നടപടികളുണ്ടായി. വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇ എം എസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും കഴിഞ്ഞു. അതിലൂടെ ആദ്യം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു. ഇതിലൂടെ തെളിയുന്ന വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ ഊർജപ്രവാഹമായി മാറും എന്നതാണ്.

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യൻകാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയിൽ കുമാരഗുരുവും കാവാരികുളം കണ്ടൻ കുമാരനുമെല്ലാം നേതൃത്വം നൽകിയ നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും യത്നിച്ചു. ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നൽകിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നത്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരിൽ പൊതുവിൽ ഇന്നും സ്വാധീനം ചെലുത്തുന്നതും വർഗീയതകളിൽനിന്ന് സംസ്ഥാനത്തെ അകറ്റിനിർത്തുന്നതും കേരളസമൂഹത്തിൽ ഇടതുപക്ഷത്തിന് മേധാവിത്വം ഉള്ളതുകൊണ്ടുമാത്രമാണ്.

കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട്ട്‌ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഇ എം എസ് കോഴിക്കോട് സബ്ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ്ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന് വെല്ലൂർ ജയിലിലേക്കും ഇ എം എസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽവച്ചാണ് എ കെ ജിയെ കണ്ടുമുട്ടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇ എം എസിനെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയനേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു.

1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു ഇ എം എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇ എം എസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകർച്ചയെ തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശി. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ ഉപദേശിച്ച് മനോരമ മുഖപ്രസംഗം എഴുതി. എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നും ഇ എം എസ് വ്യക്തമാക്കി. ദേശീയ–അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇ എം എസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.

ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ടു മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന മുൻ അനുഭവം ഉണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ മാതൃക കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. ഭൂമിയിൽനിന്ന് മണ്ണിന്റെ മക്കളെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടൻ മുഖ്യമന്ത്രി ഒപ്പിട്ടത്. കേരളത്തിൽ ജന്മിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇ എം എസ് സർക്കാരിന്‌ കഴിഞ്ഞു.

ആറടി മണ്ണുപോലും സ്വന്തമെന്നു പറയാനില്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകി എന്നതാണ് ഇ എം എസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണവുമായ നടപടി. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണത്തിനുവേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായിരുന്ന ഭരണകൂടനിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. ഭൂപരിഷ്കരണരംഗത്ത് ഉൾപ്പെടെ രണ്ടാം ഇ എം എസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസനചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇ എം എസിന്റെ ചിന്ത വഴികാട്ടിയായി. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുഖ്യസംഘാടകരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചു. കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരിക്കുന്ന അവസ്ഥയ്ക്കെതിരെ, അത് തൊഴിലാളിവർഗത്തിന്റെ വിമോചനപോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി.

കേരളം തെരഞ്ഞെടുപ്പുചൂടിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപി നയിക്കുന്ന എൻഡിഎയും പതിവുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്. വാഗ്ദാനങ്ങൾ നൽകുകമാത്രമേ അവർ ചെയ്യുന്നുള്ളൂ. അത് പാലിക്കാനുള്ള ഒരു ശ്രമവും നടത്താറില്ല. വയനാട് ദുരന്തത്തിൽ ഉൾപ്പെടെ കേരളം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനകീയ വിഷയങ്ങളിൽ എൽഡിഎഫ് സ്വീകരിച്ച നിലപാടും വലതുപക്ഷത്തിന്റെ തന്ത്രവും ജനത തിരിച്ചറിയുമെന്ന് ഉറപ്പാണ്. കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ, ആർജവത്തോടെ ജനങ്ങളെ സമീപിക്കാനുള്ള കരുത്ത് ഓരോ ഇടതുപക്ഷ സ്ഥാനാർഥിക്കുമുണ്ട്. അത് വോട്ടെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിയുംവിധം ഓരോരുത്തരും സ്വയം മുന്നോട്ടുവരണം. എൽഡിഎഫിന് വൻഭൂരിപക്ഷം ഉറപ്പാക്കണം. ആ പോരാട്ടത്തിന് സഖാവ് ഇ എം എസിന്റെ പാതയും സ്മരണയും നമുക്ക് കരുത്തേകുമെന്ന്‌ ഉറപ്പാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.