Skip to main content

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ നാലുവർഷം തികയുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ നാലുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം 23-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം.

വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിബദ്ധതയുള്ളതുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിൽവരെ എത്തിച്ചത്‌. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്‌. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃപദവിയിലും ഉണ്ടായിരുന്നു. 1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട്‌ എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആദ്യകാലംമുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത്‌ അതിൽനിന്നാണ്‌ ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്‌. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു.

കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളിൽനിന്ന്‌ ഉയർന്ന വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടും അവഗണിച്ചുമാണ്‌ ജോസഫൈൻ പുരോഗമനപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും എത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായത്‌. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫൈൻ, വിവാഹത്തോടെ മത്തായിയുടെ നാടായ അങ്കമാലിയിലെത്തി. അങ്കമാലിയിൽ വച്ചാണ്‌ ജോസഫൈൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ആകൃഷ്‌ടയാകുന്നത്‌. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായ നിരവധി വിലക്കുകൾ നേരിടേണ്ടിവന്ന കാലത്ത്‌, അതിനെയെല്ലാം എതിർത്തുതോൽപ്പിച്ച സഖാവ്‌ മുഴുവൻസമയ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകയായി മാറുകയായിരുന്നു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരിക്കെത്തന്നെ രാജ്യത്ത്‌ സ്‌ത്രീസമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ സവിശേഷമായി ഇടപെടാൻ ജോസഫൈന്‌ കഴിഞ്ഞിരുന്നു. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷപദവിയിലേക്ക്‌ എത്തിയത്‌. ആ പദവിയിലിരുന്ന്‌ സുപ്രധാന ഇടപെടലുകൾ നടത്താനും കഴിഞ്ഞു. വനിതാ കമീഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതുമൂലം സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെടാൻ അവർക്ക്‌ കഴിഞ്ഞു. കേസ്‌ എടുക്കേണ്ടതാണെങ്കിൽ അങ്ങനെ, പൊലീസിനെയോ സർക്കാരിനെയോ ഇടപെടുവിക്കേണ്ടതാണെങ്കിൽ ആ വിധത്തിൽ. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണെങ്കിൽ മാധ്യമങ്ങളെ സമീപിച്ച്‌ അതിനും ശ്രമിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണാൻ നിരന്തരം ശ്രമിച്ച നേതാവിന്റെ അപ്രതീക്ഷിത വേർപാട്‌ ഉണ്ടാക്കിയ വിടവ്‌ എളുപ്പം പരിഹരിക്കാവുന്നതല്ല. എം സി ജോസഫൈന്റെ പാത പിന്തുടർന്ന്‌ കൂടുതൽ സജീവമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ്‌ നമ്മുടെ കടമ. സഖാവിന്റെ സ്‌മരണയ്‌ക്കുമുന്നിൽ ശോണാഭിവാദനങ്ങൾ.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.