Skip to main content

തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആവർത്തനമാകും തൃക്കാക്കര

27.05.2022

സവിശേഷ പ്രാധാന്യമുള്ളതാണ് തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ്‌ നൽകി എൽഡിഎഫിന് അഭിമാനവിജയവും തുടർഭരണവും കേരള ജനത സമ്മാനിച്ചു. അന്ന് കൈത്തെറ്റു സംഭവിച്ച തൃക്കാക്കര ശരിയിലേക്ക് എത്താൻ പോകുകയാണ്. അതിലൂടെ എൽഡിഎഫിന്റെ നിയമസഭാ അംഗബലം നൂറുതികയ്ക്കാനാണ് ജനമനസ്സിന്റെ ഉറപ്പ്. മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണങ്ങൾ അതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ജനഹൃദയങ്ങളിൽ സ്നേഹസാന്നിധ്യമായി നിറഞ്ഞിരിക്കുന്നു.

മൂന്നു മുന്നണി തമ്മിലുള്ള രാഷ്ട്രീയമത്സരത്തിനാണ് വേദിയായിരിക്കുന്നത്. മുഖ്യമത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെങ്കിലും ബിജെപിയും മത്സരരംഗത്തുണ്ട്. എന്നാൽ, ഉച്ചത്തിൽ പ്രസംഗിക്കുമെങ്കിലും മോദിയുടെ പടംവച്ച് കോൺഗ്രസിന് വോട്ടുമറിക്കാനുള്ള അവിശുദ്ധ ബന്ധത്തിലാണ് ഇരുകൂട്ടരും. ഇതിന്റെ പരസ്യപ്രതികരണമാണ് യുഡിഎഫ് സ്ഥാനാർഥി ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സൗഹൃദം പങ്കിട്ടതും വോട്ടുതേടിയതും. മോദി ഭരണത്തിൽ ജനങ്ങൾക്ക് പ്രീതി വർധിച്ചിരിക്കുന്നുവെന്നും അത് ബിജെപി വോട്ടിൽ പ്രതിഫലിക്കുമെന്നുമാണ് അവരുടെ ഒരു നേതാവ് അവകാശപ്പെടുന്നത്. എന്നാൽ, വോട്ടുകച്ചവടത്തിനുള്ള മറയാണ് അവർക്ക് മോദിയുടെ ചിത്രം. കാവി രാഷ്ട്രീയത്തോടുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും എതിർപ്പ് നാവിൽ മാത്രമാണ് പ്രവൃത്തിയിലില്ലെന്ന് സാരം. ഒരു ഭാഗത്ത് ബിജെപിയുമായും മറുഭാഗത്ത് എസ്ഡിപിഐയുമായും വോട്ടിനുവേണ്ടി യുഡിഎഫ് അവിശുദ്ധ സഖ്യത്തിലാണ്. ഇതൊന്നുംകൊണ്ട് യുഡിഎഫ് എന്ന മുങ്ങുന്ന കപ്പൽ രക്ഷപ്പെടില്ല.

മതതീവ്രവാദമെന്ന അപകടം

മതത്തിന്റെ മറവിലെ ഏത് വർഗീയശക്തികളുടെയും തീവ്രവാദപ്രവർത്തനങ്ങൾ അപകടകരമാണ്. കുഞ്ഞുങ്ങളെ ബന്ദികളാക്കി അക്രമം നടത്തുന്നതുപോലെ കുഞ്ഞുങ്ങളെ ആയുധമാക്കി തീവ്രവാദം പ്രചരിപ്പിക്കുന്നതും ആശാസ്യമല്ല. വ്യത്യസ്‌ത വർഗീയ തീവ്രവാദ സംഘടനകൾ ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഇമ്മാതിരി വഴിതെറ്റിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലപ്പുഴയിലെ ജാഥയിൽ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദവും അന്യമതവിദ്വേഷവും വിഷക്കാറ്റാക്കാൻ പരിശ്രമിച്ചു. ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവരുന്നുണ്ട്.

ഇത്തരം അപകടകരമായ വർഗീയതയെ വളർത്തുന്ന എസ്ഡിപിഐയുമായി തദ്ദേശഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കി. അതിനെത്തുടർന്നുള്ള സ്വാതന്ത്ര്യവും അവസരവും ഉപയോഗപ്പെടുത്തിയാണ് ആലപ്പുഴയിലും പാലക്കാടും കൊലപാതകരാഷ്ട്രീയം തീവ്രമാക്കിയത്. ആർഎസ്എസിന്റെ ഹിന്ദുത്വത്തെ നേരിടാൻ ന്യൂനപക്ഷത്തിന്റെ പേരിലുള്ള തീവ്രവാദമോ ന്യൂനപക്ഷ വർഗീയതയെ നേരിടാൻ ആർഎസ്എസ് തീവ്രവാദമോ മരുന്നല്ല. അതിനുവേണ്ടത് അടിയുറച്ച മതനിരപേക്ഷ രാഷ്ട്രീയമാണ്. അതാണ് എൽഡിഎഫും പിണറായി സർക്കാരും മുറുകെപ്പിടിക്കുന്നത്.

ഈ ബാലറ്റ് അങ്കത്തെ തികഞ്ഞ രാഷ്ട്രീയപോരാട്ടമായാണ് എൽഡിഎഫ് സമീപിക്കുന്നത്. എന്നാൽ, രാഷ്ട്രീയത്തെ ഒഴിവാക്കി സഹതാപത്തെയും അവിശുദ്ധ ബാന്ധവത്തെയും ആശ്രയിക്കുകയാണ് യുഡിഎഫ്. നിലവിലുള്ള രാഷ്ട്രീയസ്ഥിതി കോൺഗ്രസിനും അതിന്റെ മുന്നണിക്കും പ്രതികൂലമാണ് എന്നതിനാലാണ് സഹതാപത്തെ മുഖ്യമായി ആശ്രയിക്കുന്നത്. സംസ്ഥാനഭരണത്തിന്റെ നേട്ടവും വിലയിരുത്തലും പ്രധാനമായിരിക്കുമ്പോൾത്തന്നെ ദേശീയരാഷ്ട്രീയ പശ്ചാത്തലത്തിന് ഗൗരവമായ സ്ഥാനമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കാണാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. ബാബ്‌റി മസ്ജിദിന്റെ വഴിയിലേക്ക് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങളെ എത്തിക്കാനാണ് ബിജെപി ഭരണത്തിന്റെ പിന്തുണയോടെ സംഘപരിവാർ കച്ചമുറുക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കോടതികളെയും നിയമസംവിധാനങ്ങളെയും കാവിപ്പട കീഴ്പ്പെടുത്താനും നോക്കുന്നു.

മോദി ഭരണവും മതനിരപേക്ഷതയും

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജ്ഞാൻവാപി പള്ളി വളപ്പിലെ കുളത്തിൽ, കോടതിക്കേസ് മുറുകുന്നതിനിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ചില ഹിന്ദു സംഘടനകൾ രംഗത്തുവന്നു. ഇതോടെ മസ്ജിദിൽ പ്രവേശനവിലക്കായി. കേസ് സുപ്രീംകോടതിയിൽവരെ എത്തി. അതുപോലെ, മഥുരയിലെ പള്ളിയുടെ മേലുള്ള അവകാശവാദവും കോടതിയിലാണ്. മുഗൾഭരണകാലത്ത് നിർമിച്ച ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ശിവക്ഷേത്രമാണെന്ന സംഘപരിവാർ അവകാശവാദം ഹർജിയുടെ രൂപത്തിൽ അലഹബാദ് ഹൈക്കോടതിയിൽ എത്തിയെങ്കിലും, ഹർജി വിവരക്കേടാണെന്ന് സൂചിപ്പിച്ച് തൽക്കാലം കോടതി തള്ളിയിരിക്കുകയാണ്. ഇതെല്ലാം നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങളും ഏതുവിധേനയും പിടിച്ചെടുക്കും എന്നതിലാണ് സംഘപരിവാറും അവരുടെ സർക്കാരുകളും.

ഇത്തവണ രാമനവമി–-ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറവിൽ ഒമ്പത് സംസ്ഥാനത്ത്‌ ന്യൂനപക്ഷ വേട്ടയോ ഏകപക്ഷീയമായ വർഗീയാക്രമണമോ ഭരണസംവിധാനത്തിന്റെ പങ്കാളിത്തത്തോടെ സംഘപരിവാർ നടത്തി. ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഉൾപ്പെടെ ബുൾഡോസർരാജ് ഉണ്ടായി. ഇങ്ങനെ മതനിരപേക്ഷതയും സമാധാനജീവിതവും മോദി ഭരണത്തിൽ തകരുകയാണ്. എന്നാൽ, വർഗീയ ലഹളകളില്ലാത്ത, വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ പൊതുവിൽ ഒരുമയോടെ കഴിയുന്ന ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് ഭരണമുള്ള കേരളം. ഇത് കാണാതെ വോട്ടവകാശം എങ്ങനെ വിനിയോഗിക്കാനാകും.

മോദി ഭരണവും സംഘപരിവാറും മതനിരപേക്ഷത തകർക്കുകയും ന്യൂനപക്ഷങ്ങളെ വംശഹത്യ ലക്ഷ്യമാക്കി ആക്രമിക്കുകയും ചെയ്യുമ്പോൾ കോൺഗ്രസ് നിർജീവമായി മാറിനിൽക്കുകയാണ്. ചിലയിടങ്ങളിൽ ഹിന്ദുവർഗീയതയ്ക്ക് ഇന്ധനം പകരുകപോലും ചെയ്യുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ കഴിഞ്ഞപ്പോഴാണ് ജഹാംഗിർപുരിയിൽ മുസ്ലിം വീടുകൾ ഇടിച്ചുനിരത്തിയത്. അത് ചെയ്യുന്നതാണ് ക്രമസമാധാനപരിപാലനം എന്നാണോ കോൺഗ്രസ് കാഴ്ചപ്പാട്. അതുകൊണ്ടാകാം യന്ത്രക്കൈകളെ തടയാൻ രാഹുലോ കോൺഗ്രസ് നേതാക്കളോ അവിടെ എത്താത്തത്. എന്നാൽ, സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ജനങ്ങളോടൊപ്പം അവിടെയെത്തി സുപ്രീംകോടതി സ്റ്റേ ഉത്തരവ് ഉയർത്തിക്കാട്ടി ബുൾഡോസർ വാഴ്ചയ്ക്ക് അറുതിവരുത്തി.

കോൺഗ്രസിന് പുതിയ മുഖം നൽകുന്നതിനുവേണ്ടിയെന്ന് അവകാശപ്പെട്ട് ഉദയ്‌പുരിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരം മുഖം കൂടുതൽ വികൃതമാക്കിയില്ലേ. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പുണ്ടാകുന്ന രാജസ്ഥാനിലും കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്ന കാലുമാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അശോക് ഗെലോട്ടിനെ ഭരണത്തലപ്പത്തുനിന്ന് മാറ്റിയില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന മുന്നറിയിപ്പ് സച്ചിൻ പൈലറ്റ് സോണിയ ഗാന്ധിയെ നേരിൽക്കണ്ട് അറിയിച്ചിരിക്കുകയാണ്.

കോൺഗ്രസിന്റെ പിടിപ്പുകേടുകൊണ്ട് പഞ്ചാബിൽ ഭരണം പോയെന്നു മാത്രമല്ല, പാർടിയുടെ അസ്‌തിവാരംതന്നെ തോണ്ടി. ഇത് രാജസ്ഥാനിൽ ആവർത്തിക്കാൻ പോകുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഗുജറാത്ത് പിസിസി വൈസ്‌ പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ രാജിവച്ചു. ലക്ഷ്യം ബിജെപിയാണ്. ബിജെപിക്ക് നേതാക്കളെയും എംഎൽഎമാരെയും സംഭാവന ചെയ്യുന്ന പാർടിയായി അധഃപതിച്ചിരിക്കുന്ന കോൺഗ്രസിനെ ജനാധിപത്യവിശ്വാസികൾക്ക് നമ്പാൻ പറ്റില്ല. ഈ പശ്ചാത്തലത്തിലാണ് 30 വർഷമായി കോൺഗ്രസിന്റെ ശബ്ദമായിരുന്ന കപിൽ സിബൽ കോൺഗ്രസ് വിട്ടത്. ഈ രാഷ്ട്രീയം തൃക്കാക്കരയിലും സജീവമാണ്.

എൽഡിഎഫിന്‌ മുഖ്യം വികസനം

വികസനത്തിലും ജനക്ഷേമത്തിലും ദേശീയ മാതൃകയായ എൽഡിഎഫ് സർക്കാരിന് ജനസമ്മതി നാൾക്കുനാൾ വർധിക്കുകയാണ്. എന്നാൽ, കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള പ്രതിപക്ഷമുന്നണികളാകട്ടെ സംസ്ഥാനസർക്കാരിനെതിരെ ഉത്തരവാദിത്വരഹിതമായ പ്രചാരണവും സമരാഭാസങ്ങളും നടത്തി സ്വയം ഒറ്റപ്പെടുകയാണ്. കേരളത്തെ മുന്നോട്ടുനയിച്ച ആറു വർഷത്തെ സദ്ഭരണമാണ് പിണറായിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത്. എന്നാൽ, കേരളത്തെ പുറകോട്ടടിച്ച ആറു വർഷം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കണ്ടുപിടിത്തം. കണ്ണുള്ള ആർക്കും കാണാൻ കഴിയുന്ന നേട്ടങ്ങളുടെ നീണ്ട പട്ടികയാണ് മുന്നിലുള്ളത്. അതിലൊന്നുപോലും ഇദ്ദേഹത്തിന്റെ നോട്ടത്തിൽ തെളിയുന്നില്ല. അത് എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയതിമിരംകൊണ്ടാണ്.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ വെള്ളൂർ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറിയുടെ പുനർജനന വാർത്ത പത്രങ്ങളുടെ ഒന്നാംപേജിൽ വന്നു. 2019 ജനുവരി ഒന്നിന്‌ കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി കേരള പേപ്പർ പ്രോഡക്ട്സ് കമ്പനിയായി പുനർജനിച്ചു. ജനോപകാരപ്രദമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള മോദി സർക്കാരിന്റെ യത്നത്തെ സംസ്ഥാനസർക്കാർ ദൃഢനിശ്ചയംകൊണ്ട് തോൽപ്പിക്കുകയായിരുന്നു. അച്ചടിക്കടലാസിന്‌ കനത്ത വിലയും ക്ഷാമവും നേരിടുമ്പോഴാണ് പൊതുമേഖലയിൽ കേരളത്തിൽ പേപ്പർ ഉൽപ്പാദനം പുനരാരംഭിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ന്യൂസ്‌ പ്രിന്റിന്റെ 70 ശതമാനവും ഇറക്കുമതിയാണ്. ഉക്രയ്ൻ യുദ്ധം ഇറക്കുമതിയെ സാരമായി ബാധിച്ചു.

ഈ പശ്ചാത്തലത്തിൽ വെള്ളൂർ ഫാക്ടറിയുടെ പ്രാധാന്യം വർധിക്കുന്നു. പേപ്പർ ഉൽപ്പാദനത്തിനായി പഴയ പത്രങ്ങൾ വിലകൊടുത്തു വാങ്ങാൻ കുടുംബശ്രീയെ നിയോഗിക്കാനുള്ള പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അതുവഴി പത്രവായനക്കാർക്കും കുടുംബശ്രീ അംഗങ്ങൾക്കും വരുമാനം ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയെന്ന കോൺഗ്രസ് നയമാണ് മോദി സർക്കാർ തീവ്രമായി നടപ്പാക്കുന്നത്. ധീരമായ ഇടപെടലുകൾ നടത്തിയാണ് പിണറായി സർക്കാർ സ്വകാര്യവൽക്കരണത്തിൽനിന്ന് രക്ഷിച്ച് കമ്പനിയെ ഏറ്റെടുത്തത്. എൽഡിഎഫ് സർക്കാർ കേരളം ഭരിച്ചതുകൊണ്ടു മാത്രമാണ് ഇത് സംഭവിച്ചത്. ആറ് വർഷത്തെ ഭരണനേട്ടത്തിൽ ഇതും ഉൾപ്പെടും. നാടിന് പ്രയോജനകരമായ സംഭവമാണ് ഇത് എന്നതുകൊണ്ടാണല്ലോ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത ചടങ്ങിൽ ഈ സംരംഭത്തെ അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തത്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി വർഗീയതയെയും നവലിബറൽ സാമ്പത്തികനയങ്ങളെയും വലിയൊരു പരിധിവരെ പ്രതിരോധിക്കാൻ എൽഡിഎഫ് ഭരണമുള്ളതുകൊണ്ട് കേരളത്തിന് കഴിയുന്നു. അപ്പം വീതംവയ്ക്കാൻ നിങ്ങൾക്കറിയാം എന്നാൽ അപ്പമുണ്ടാക്കാൻ അറിയില്ലെന്ന വിമർശം ചില സാമ്പത്തികശാസ്ത്രജ്ഞർ സംസ്ഥാനത്തിനെതിരെ ഉന്നയിച്ചിരുന്നു. അതിന് നല്ല മാറ്റം സൃഷ്ടിക്കുകയാണ്. 25 വർഷം മുന്നിൽക്കണ്ടുള്ള വികസനപരിപാടികളും ഉൽപ്പാദന വർധനയ്‌ക്കും അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിനുമുള്ള ജ്ഞാനസമൂഹം വാർത്തെടുക്കലും ഭരണകർമപരിപാടിയായി മുന്നോട്ടുകൊണ്ടുപോകുകയാണ്. സിൽവർലൈൻ, കെ -ഫോൺ തുടങ്ങിയതെല്ലാം ഇതിന്റെ ഭാഗമാണ്. അതിദരിദ്രരെ സമൂഹത്തിന്റെ സാമൂഹ്യശ്രേണിയിൽ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. ഇപ്രകാരം മുതലാളിത്തസമ്പദ്ഘടനയുടെ ഉള്ളിൽനിന്നുകൊണ്ടുതന്നെ മാതൃകാപരമായ ഇടതുപക്ഷബദലാണ് എൽഡിഎഫ് സർക്കാർ ഇന്ത്യക്ക്‌ കാഴ്ചവയ്ക്കുന്നത്. ഈ ഭരണത്തിനുള്ള കലവറയില്ലാത്ത പിന്തുണയാണ് തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ പ്രകടമായത്. അതിന്റെ ആവർത്തനമാകും തൃക്കാക്കര ഫലം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയത് ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശം

സ. ബൃന്ദ കാരാട്ട്

ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന്‌ പിന്തുണ നൽകുന്ന പരാമർശമാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട്‌ രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ്‌ കേന്ദ്ര നേതൃത്വം ഇടപെടണം.

എന്തു ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽ മനസുമായി നടക്കുന്ന കോൺഗ്രസിൻ്റെ ഉന്നതനേതൃത്വം പ്രതികൂട്ടിലാണ്

സ. എം സ്വരാജ്

'കോട്ടയം കുഞ്ഞച്ചൻ'മാർ കോൺഗ്രസിനെ നയിക്കുമ്പോൾ ...

തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിൻ്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.

കേരളം സ്നേഹാദരങ്ങളോടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ശക്തമായ നടപടി വേണം, സ്‌കൂൾ അധികൃതർക്കെതിരെ എടുത്ത എഫ്‌ഐആർ പിൻവലിക്കണം എന്നിവ ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു

തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദർ തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് സ. ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചു.