Skip to main content

സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വാക്കുകൾ വേദവാക്യംപോലെ സ്വീകരിക്കുന്ന പ്രതിപക്ഷനേതാക്കൾ ഡൽഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും പരസ്പര വൈരികളെപ്പോലെ പെരുമാറുന്നവരാണ്

18.06.2022

സാമാന്യബുദ്ധിയുള്ളവർക്ക് ഒറ്റനോട്ടത്തിൽത്തന്നെ അസംബന്ധമെന്നു വ്യക്തമാകുന്നവയാണ്, ‘സ്വപ്നയുടെ വെളിപ്പെടുത്തൽ’ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ. എങ്കിലും അതിനെപ്പറ്റി ഈ കുറിപ്പ് എഴുതേണ്ടിവരുന്നത് മൂന്നുകാരണംകൊണ്ടാണ്. ഒരു കൂട്ടം മാധ്യമങ്ങൾ “സ്തോഭജനകമായ വെളിപ്പെടുത്തൽ” എന്ന മട്ടിൽ ഇത് ഒരാഴ്ചയിലേറെയായി ആഘോഷിച്ചുകൊണ്ടിരിക്കുന്നു; ഇവയെ മുൻനിർത്തി അക്രമാസക്തമായ സമരപ്പേക്കൂത്തുകൾ കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും മറ്റും ചേർന്ന് നടത്തുന്നു; ഇതുരണ്ടും ചേർന്ന് ചില ശുദ്ധാത്മാക്കളിൽ തീയില്ലാതെ പുകയുണ്ടാകുമോയെന്ന മട്ടിലുള്ള ചില സംശയങ്ങൾ ഉയർന്നേക്കുമോയെന്ന ആശങ്ക, ഇവയാണ് ആ കാരണങ്ങൾ.

മാധ്യമങ്ങളുടെ സ്തോഭജനകമായ വെളിപ്പെടുത്തലുകൾ !

സിപിഐ എമ്മിനെതിരെയാണെങ്കിൽ ഒരു പത്രധർമവും നോക്കാതെ എന്തും നൽകുന്നതാണ് ശരി എന്ന് കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങൾ തീരുമാനിച്ചത് ഇന്നും ഇന്നലെയും അല്ല. "വിമോചനസമരകാലം' മുതൽ ആരംഭിച്ച പ്രതിലോമശക്തികളുടെ അതിനിന്ദ്യനയത്തിന്റെ തുടർച്ച മാത്രമാണ് ഇത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് കേന്ദ്രമാക്കി വിമാനത്താവളങ്ങൾ വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയ വിചിത്രമായ "വെളിപ്പെടുത്തലുകളും' അവയെ മാധ്യമങ്ങൾ പ്രത്യേകതരത്തിൽ ആഘോഷിക്കുന്നതും ഈ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. സ്വർണക്കടത്തുകേസിൽ കേന്ദ്രഏജൻസികളുടെ അന്വേഷണത്തെതുടർന്ന് പ്രതിയായി അറസ്റ്റുചെയ്യപ്പെട്ട് ജയിലിൽ കിടന്ന മാന്യവനിതയുടെ വാക്കുകൾ ഈ മാധ്യമങ്ങൾ വേദവാക്യംപോലെ സ്വീകരിക്കുന്നു. പ്രതിക്ക് കേന്ദ്ര ഏജൻസികളുടെ താളത്തിനു തുള്ളേണ്ട കാരണമുണ്ടോയെന്ന് നോക്കേണ്ട പത്രധർമം ബാധകമല്ല എന്നാണോ പുതുതലമുറ പത്രപ്രവർത്തകർ പഠിച്ചിരിക്കുന്നത്?

ഇന്നത്തെ തലമുറ ടെലിവിഷൻ മാധ്യമപ്രവർത്തകരുടെ ഗുരുക്കന്മാരുടെ ഗുരുവായ ശശികുമാർ ഈ നിരർഥകനാടകപരമ്പരയിലെ മാധ്യമങ്ങളുടെ പങ്കിനെപ്പറ്റി കൃത്യമായ വിമർശം ഉന്നയിക്കുകയുണ്ടായി. മുൻകൂട്ടി സെറ്റ് ചെയ്തുവച്ച വാർത്തയ്ക്കുവേണ്ടി സ്വപ്നയെക്കൊണ്ട് തങ്ങൾക്കാവശ്യമുള്ളവമാത്രം പറയിച്ചെടുക്കുകയായിരുന്നോയെന്ന ചോദ്യമാണ് ശശികുമാർ ഉന്നയിച്ചത്. മാധ്യമങ്ങൾ ആരുടെയോ കളിപ്പാവയാകുകയാണെന്നും സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ മാധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നും ശശികുമാർ കൂട്ടിച്ചേർത്തു. “വർഗീയകോമരമായ അഭിഭാഷകൻ ഒരു ‘തള്ളു'കാരനിൽ സ്വർണക്കടത്തുകാരിയെ ഉപയോഗിച്ചുനടത്തിയ ‘സ്റ്റിങ്‌ ഓപ്പറേഷൻ' കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ദേശാഭിമാനിയിലെ തന്റെ ലേഖനം ആരംഭിക്കുന്ന എം വി നികേഷ്‌കുമാർ, “ടെലിവിഷൻ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തിൽ വർഗീയ രാഷ്ട്രീയം പടർന്നു പന്തലിച്ചതെന്ന് ഭാവികേരളം നിരീക്ഷിക്കുമെന്ന ആശങ്ക എനിക്കുണ്ട്” എന്നും വ്യക്തമാക്കുന്നു. അതിനുമുമ്പ് ജോൺ ബ്രിട്ടാസ് എഴുതിയ ലേഖനത്തിൽ “അസുഖകരമാകുന്ന ഈ ചോദ്യങ്ങളെ വകഞ്ഞുമാറ്റി മസാലത്തുണ്ടുകൾ വറുത്തുകോരാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്” എന്നും പറഞ്ഞു. സിപിഐ എമ്മിനോട് ദയാദാക്ഷിണ്യവുമില്ലാത്ത 24 ചാനലിന്റെ ഹാഷ്മി താജ് ഇബ്രാഹിമും ഏഷ്യാനെറ്റിന്റെ വിനു വി ജോണും വരെ അന്തസ്സാരശൂന്യമായ, പഴകിപ്പുളിച്ച ഈ ആക്ഷേപങ്ങളുടെ പിന്നാലെ പായുന്ന അധമമാധ്യമസംസ്കാരത്തെ വിമർശിച്ചു.

ഒരു കേസിലെ പ്രതി, അത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ മേലാളന്മാരുടെ താളത്തിനൊത്ത വാക്കുകളാണ് പലപ്പോഴും പറയുകയെന്നത് ഇനിയെങ്കിലും മാധ്യമപ്രവർത്തകർ പരിഗണിക്കണം. കോൺഗ്രസും ബിജെപിയും മുസ്ലിംലീഗും തുടർച്ചയായി നടത്തുന്നത്‌ അത്യന്തം അക്രമാസക്തമായ സമരപ്പേക്കൂത്തുകളാണ്‌. കോൺഗ്രസ്, -ലീഗ്, -ബിജെപി നേതാക്കൾ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി “സ്വപ്നയുടെ വെളിപ്പെടുത്തൽ” മഹാസംഭവമെന്നമട്ടിൽ അവതരിപ്പിക്കുന്നത് അവരുടെ ചിന്താമണ്ഡലത്തിന്റെ സങ്കുചിതത്വവും ബാലിശത്വവുമാണ് വെളിപ്പെടുത്തുന്നത്.

സ്വർണക്കടത്തുകേസിലെ പ്രതിയുടെ വാക്കുകൾ വേദവാക്യംപോലെ സ്വീകരിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയനേതാക്കൾ ഡൽഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും പരസ്പരവൈരികളെപ്പോലെ പെരുമാറുന്നവരാണ്!. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇഡി ചോദ്യം ചെയ്യലിനുവിധേയമാകുമ്പോൾ അവർക്ക് അന്വേഷണഏജൻസിയെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന് തെളിഞ്ഞുവരും. പക്ഷേ, അതേ ഏജൻസിയുടെ ദുർബലയായ പ്രതിയെ ഉപയോഗിച്ച് ബിജെപി കേരള മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിക്കുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം ചേരും. പക്ഷേ, അവർ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഈ പ്രതി ഇപ്പോൾ 164–-ാം വകുപ്പ് പ്രകാരം നൽകിയ സത്യവാങ്മൂലത്തിലെ എല്ലാ ആരോപണവും വളരെ മുന്നേതന്നെ കേന്ദ്ര അന്വേഷകസംഘങ്ങൾക്കുമുന്നിൽ പറഞ്ഞതാണ്. അവർ അന്വേഷിച്ച് തെളിവും തുമ്പുമില്ലെന്നു മനസ്സിലാക്കി ഉപേക്ഷിച്ചതാണ്. കേന്ദ്ര ബിജെപിയുടെ ഭരണത്തിൻകീഴിലെ ഉദ്യോഗസ്ഥരായിരുന്നു അന്വേഷകർ എന്നത് മറന്നുകൂടാ. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അപകീർത്തിപ്പെടുത്താനുള്ള ഒരവസരവും ബിജെപി ഭരണവും അതിന്റെ അമിതവിധേയരായ ഉദ്യോഗസ്ഥരും പാഴാക്കില്ലെന്ന് കോൺഗ്രസുകാർക്ക് അറിയാഞ്ഞിട്ടല്ല.

രാഷ്ട്രവിരുദ്ധ ഭീകരവാദപ്രവർത്തനങ്ങൾക്ക് സ്വർണക്കടത്തിലെ വരുമാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുമെന്ന് അന്വേഷണ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കേസിലെ പ്രതികൾ ആർഎസ്എസ് നിയന്ത്രിത ഏജൻസിയായ എച്ച്ആർഡിഎസിൽ നിയമിക്കപ്പെടുക! അവരുടെ ജോലിയുടെയും ശമ്പളത്തിന്റെയും മറ്റുവാഗ്ദാനങ്ങളുടെയും തണലിൽ മുഖ്യമന്ത്രിക്ക് എതിരെ നേരത്തേ തട്ടിവിട്ട അസത്യാരോപണങ്ങൾ മേമ്പൊടികൾ ചേർത്ത് ആവർത്തിക്കുക, എന്നിട്ടു കൂട്ടിച്ചേർക്കുന്നു–-‘തനിക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിലും സംസ്ഥാനപൊലീസല്ല, കേന്ദ്ര ഏജൻസികളുടെ സംരക്ഷണമാണ് വേണ്ട’തെന്ന്! ഒറ്റനോട്ടത്തിൽ കള്ളിവെളിച്ചത്താകുന്ന തിരക്കഥ തിരിച്ചറിയാനാകാത്തപോലെ ഒരുകൂട്ടം മാധ്യമങ്ങളും പ്രതിപക്ഷനേതാവും കോൺഗ്രസ്, -ലീഗ്, ബിജെപി നേതൃത്വവും "ഞെട്ടുന്നു'. അണികളെ സംയുക്തകലാപത്തിന് ആഹ്വാനം ചെയ്യുന്നു. വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിച്ച അത്യസാധാരണമായ അതിക്രമത്തെ “ആകാശപ്രതിഷേധ”മായി വിശേഷിപ്പിക്കുന്നു. മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ട്. എന്നാൽ, അത് ഇതുപോലെ ആലോചനാശൂന്യമായും നിരുത്തരവാദപരമായും ദുർവിനിയോഗം ചെയ്യുന്നത് ജനാധിപത്യപ്രക്രിയയെ കോമാളിത്തമായി അധഃപതിപ്പിക്കും. നാടിനെ കലാപഭൂമിയാക്കാൻ ദുരുപയോഗപ്പെടുത്തുന്ന കോ ലീ ബി സംഖ്യത്തിന് സാക്ഷരകേരളം മാപ്പുനൽകില്ല. കോൺഗ്രസ് അഖിലേന്ത്യാനേതൃത്വവും എ കെ ആന്റണിയും മറ്റും ഇതൊന്നും അറിയുന്നില്ലെന്നാണോ കരുതേണ്ടത്?

തന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും കൈകൾ സ്വർണക്കടത്തുസംഭവത്തിൽ സംശുദ്ധമാണെന്ന സത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഏത് കേന്ദ്ര അന്വേഷകസംഘങ്ങളെയും ഇക്കാര്യമന്വേഷിക്കാൻ നിയോഗിക്കാവുന്നതാണെന്ന് രേഖാമൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഈ മാന്യവനിതയും സഹകുറ്റാരോപിതനും പറയുന്ന അസത്യാരോപണങ്ങൾ അരഡസനോളം കേന്ദ്ര അന്വേഷകസംഘങ്ങൾ അന്വേഷിച്ച് തെളിവില്ലെന്നു കണ്ട് ഉപേക്ഷിച്ചവയാണെന്ന് ആവർത്തിച്ച് ഓർക്കുക. ഈ ആരോപണങ്ങൾക്കുപിന്നിൽ സ്ഥാപിതതാൽപ്പര്യങ്ങളാണ് എന്നതിന് ഇതിൽക്കൂടുതൽ വ്യക്തത വേണോ? ഗൂഢതന്ത്രങ്ങൾക്ക്‌ കുപ്രസിദ്ധരായ ആർഎസ്എസ് –ബിജെപി നേതൃത്വം ചെയ്തതെന്താണ്? സ്വർണക്കടത്തുകേസിലെ പ്രതിയായ മാന്യവനിതയെയും കൂട്ടുപ്രതികളെയും മൊത്തമായി ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വ്യക്തിപരമായി മാനഹാനിപ്പെടുത്താൻ ആർഎസ്എസ് തയ്യാറാക്കുന്ന പദ്ധതികളിൽനിന്ന് കോൺഗ്രസും മുസ്ലിംലീഗും മാറിനിന്നില്ലെങ്കിൽ കേരളം അവർക്ക് മാപ്പു നൽകില്ല. കാരണം ഈ സ്വർണക്കടത്തുകേസിൽ കേരള സർക്കാരിന്റെയും സിപിഐ എമ്മിന്റെയും കരങ്ങൾ പൂർണമായും ശുദ്ധമാണ്.

അന്വേഷിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ

സ്വർണക്കടത്തുകേസിൽ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും ഉത്തരമില്ല. ആർക്കുവേണ്ടി കൊണ്ടുവന്ന സ്വർണമാണ്? സ്വർണം അയച്ചത് ആരാണ്? ഇവരിലേക്കൊന്നും അന്വേഷണം എത്തിയിട്ടില്ല. യഥാർഥ കുറ്റവാളികൾ വിലസിനടക്കുകയാണ്. അവരിലേക്കെത്താവുന്ന മൊഴികളും തെളിവുകളുമുണ്ടെങ്കിലും ആ ദിശയിൽ അന്വേഷിക്കാൻ ഏജൻസികൾക്ക് അനുവാദമില്ല. വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും ഇന്ത്യയിലേക്കു നടക്കുന്ന കള്ളക്കടത്തുകൾ ദേശവിരുദ്ധശക്തികൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, പല സ്വർണക്കച്ചവടക്കാരും ആർഎസ്എസിന്റെ പ്രധാന ധനസ്രോതസ്സുകളാണ്. ഈയിടെ തിരുവനന്തപുരത്തു സംഘടിപ്പിക്കപ്പെട്ട, മാരകമായ വർഗീയപ്രസംഗങ്ങൾ ഉണ്ടായ സമ്മേളനം, ഒരു സ്വർണക്കടയുടെ ചെലവിലാണ് നടത്തിയത്. മറ്റൊരു പ്രധാന സ്വർണക്കടഗ്രൂപ്പും തങ്ങളുടെ ആർഎസ്എസ് വിധേയത്വം മറച്ചുവയ്ക്കാറില്ല. ഇതാണോ സ്വർണക്കടത്തിന്റെ യഥാർഥപ്രതികളിലേക്ക് പോകാതിരിക്കാൻ കേന്ദ്ര ഏജൻസികളെ നിർബന്ധിതരാക്കുന്നത്?

ഈ പ്രതികളിൽ ചിലരുടെ ആർഎസ്എസ് ബന്ധം നേരത്തേതന്നെ വ്യക്തമായിരുന്നു. കുമ്മനം രാജശേഖരന്റെ ഉറ്റസഹായിയായിരുന്ന സന്ദീപ് നായരാണ് സ്വർണക്കടത്തിലെ ഒരു നിർണായകകണ്ണി. സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നതിനു മുമ്പ് അവർ ഫോണിൽ ഉപദേശത്തിനു ബന്ധപ്പെട്ടത് ബിജെപി നിയന്ത്രിക്കുന്ന ജനം ടിവിയിലെ അനിൽ നമ്പ്യാരെയാണ്. സ്വർണം പിടികൂടിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നല്ല എന്നൊരു പ്രസ്താവന കോൺസൽ ജനറലിനെക്കൊണ്ട് ഇറക്കിക്കണമെന്ന് അനിൽ നമ്പ്യാർ തന്നോട് ആവശ്യപ്പെട്ടുവെന്ന് സ്വപ്നയുടെതന്നെ മൊഴിയുണ്ട്. പിടിച്ചെടുത്തത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് ആവർത്തിച്ചു വാദിച്ചുകൊണ്ടിരുന്നത് കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരനാണ്. മുരളീധരന്റെ വാദവും അനിൽ നമ്പ്യാർ സ്വപ്നയ്ക്ക്‌ ഉപദേശിച്ചുകൊടുത്ത തന്ത്രവും ഒന്നായതിന്റെ ഗുട്ടൻസ് എന്താണ്?

ഈ കേസിലെ നിർണായകസ്ഥാനത്തുള്ള കോൺസൽ ജനറലും അറ്റാഷെയും രാജ്യം വിട്ടു. ചോദ്യം ചെയ്യൽപോലും നേരിടേണ്ടി വന്നില്ല. കോൺസുലേറ്റ് കേന്ദ്രീകരിച്ച് നയതന്ത്രപരിരക്ഷയുടെ മറവിൽ സ്വർണക്കടത്ത്‌ നടക്കുന്നുവെന്നും രാജ്യസുരക്ഷയും തീവ്രവാദബന്ധവുമടക്കമുള്ള ഗുരുതരമായ വിഷയങ്ങൾ ഉന്നയിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇവരെങ്ങനെ രാജ്യം വിട്ടു? ആരാണ് അവരെ രായ്ക്കുരാമാനം നാടുകടത്തിയത്? കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യം വിടാനാകില്ലല്ലോ. കസ്റ്റംസ് എടുത്ത കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദാണ് കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് അന്വേഷണഏജൻസികൾ പറഞ്ഞത്. ഫൈസൽ ഫരീദിനെ പിടിക്കാനുള്ള ശ്രമങ്ങൾ നിർത്തിയത് ആർഎസ്എസിന് ഫണ്ട് ചെയ്യുന്നവരിലേക്ക് ഫൈസൽ ഫരീദ് വഴി എത്തുമെന്ന് ഭയന്നിട്ടാണോ?

ഇതൊക്കെ വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമൊന്നും അന്വേഷണ ഏജൻസികളുടെ പക്കലില്ല. മാധ്യമങ്ങൾക്ക് അതിന്റെ കാരണമന്വേഷിക്കാൻ താൽപ്പര്യവുമില്ല. യഥാർഥ കുറ്റവാളികളെ കാണാമറയത്തുതന്നെ നിർത്തുകയെന്ന ഉദ്ദേശ്യംകൂടി ഇപ്പോൾ നടക്കുന്ന "വെളിപ്പെടുത്തൽ' മഹോത്സവത്തിനുണ്ടെന്നുംകൂടി മനസ്സിലാക്കേണ്ടതാണ്. ആർഎസ്എസ് ആണ് സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്നയെ ഏറ്റെടുത്ത് കോൺഗ്രസ്‌ ഒത്താശയോടെ അസംബദ്ധനാടകം സംവിധാനം ചെയ്യുന്നത്. ആർഎസ്എസിന്റെ എന്നതിന്റെ വിപുലീകരണം രാഷ്ട്രീയ സ്വപ്ന സംഘ് എന്ന് കേരളത്തിലെങ്കിലും മാറാനിടയുണ്ടെന്ന് ഒരു സരസൻ അഭിപ്രായപ്പെടുകയുണ്ടായി. കെപിസിസിക്കും സ്വപ്നയുടെ വാക്കുകളാണ് സർവപ്രധാനം. ഇതൊന്നും മനസ്സിലാക്കാനാകാത്തവിധം സാമാന്യബുദ്ധി ഇല്ലാത്തവരാണ് കേരളീയരെന്ന ബിജെപി, യുഡിഎഫ് വ്യാമോഹം തകരുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.