Skip to main content

സ. കെ രാധാകൃഷ്‌ണൻ എഴുതുന്നു

"മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം‌‍" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്‌ത്‌ ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്. തനത്‌ സംസ്കാരം, പാരമ്പര്യം, ഭാഷ അറിവുകൾ തുടങ്ങി വ്യത്യസ്തമായ കഴിവുകളുടെ അക്ഷയഖനിയാണ് കേരളത്തിലെ തദ്ദേശീയരായ പട്ടികവർഗ ജനസമൂഹം. പൊതു സമൂഹത്തിന്റെ പുരോഗതിക്കൊപ്പം ഇവരെയും ചേർത്തുനിർത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1994 ഡിസംബർ 23-ന് ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് തദ്ദേശീയ ജനതയ്ക്കായി ഒരു ദിനം പിറക്കുന്നത്. കേരളത്തിലിന്ന് 1,07,965 കുടുംബത്തിലായി 4,84,839 പട്ടികവർഗത്തിൽപ്പെട്ടവരാണുള്ളത്. കേരള ജനതയുടെ 1.44 ശതമാനം വരുമിത്.

സാമൂഹ്യ സാമ്പത്തിക സഹകരണം, പങ്കാളിത്തം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശം, വികസനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശീയ ജനതയെക്കൂടി ഉൾപ്പെടുത്തിയുള്ള വികസനമാണ് ഉണ്ടാക്കേണ്ടത്. എന്നാൽ, ദശാബ്ദങ്ങളായി വികസന വിഷയങ്ങളിൽ ഈ സമൂഹം പിൻനിരയിൽ ആയിരുന്നു. മുതലാളിത്ത അധിനിവേശമുണ്ടായ എല്ലാ രാജ്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും തദ്ദേശീയ ജനത ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ മുൻഗാമികൾ നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും പിന്മുറക്കാർ പരിഹാരംചെയ്ത് മാപ്പ് പറയുന്ന കാഴ്ചകളാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ കാണുന്നത്. അടിച്ചമർത്തപ്പെട്ടവർ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നത് നമുക്ക് മറക്കാനാകില്ല.

സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഇന്ത്യയിലെ പട്ടികജാതി –വർഗ- ജനസമൂഹം ദുരിതങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കപട വികസനത്തിൽ പിടിച്ചുനിൽക്കാനാകാതെ മണ്ണും കിടപ്പാടവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നവരുടെ ദുരന്തകഥകൾ ഇന്ത്യയിലെ പല ആദിവാസിമേഖലകളിൽനിന്നും വരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതിയായി പട്ടികവർഗ വനിത എത്തിയത് അഭിമാനകരമാണെങ്കിലും യഥാർഥ ആദിവാസികളുടെ ജീവിതനിലവാരം വളരെ ദുരിതപൂർണമാണെന്ന വസ്തുത നിലനിൽക്കുകയാണ്. എന്നാൽ, ഇന്ത്യൻ പൊതു അവസ്ഥയിൽനിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാനാണ് ഈ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡി -വരെയുള്ള പഠനത്തിനും വിദേശ പഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനുംവരെ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന എൽഡിഎഫ് നയത്തിൽ പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർ പിന്തള്ളപ്പെടുന്നില്ലെന്നും സർക്കാർ ഉറപ്പാക്കുന്നു. പട്ടികവർഗക്കാരായ ബിരുദധാരികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ഇന്ത്യയിലെവിടെയും ഐഎഎസ് പരീക്ഷാ പരിശീലനത്തിന് വിവിധ സിവിൽ സർവീസ് അക്കാദമികളിൽ സൗകര്യമൊരുക്കി.

ഈ സർക്കാർ 185 പട്ടികജാതി- പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം നൽകിയെന്നതും കേരളത്തിനാകെ അഭിമാനിക്കാവുന്ന ഇടപെടലാണ്. ഇതുവഴി ആ കുട്ടികൾ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ ജീവിതനിലവാരം കൂടിയാണ് ഉയരുന്നത്. ഒരുകാലത്ത് അറിവും അക്ഷരവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് എല്ലാവിധ പിന്തുണയും നൽകി അവരുടെ സോഷ്യൽ ക്യാപിറ്റൽ ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ. ഇ–ഗ്രാന്റ് സ്കോളർഷിപ്പിലൂടെ പട്ടികജാതി–പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ പത്തു ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളാണ് പഠിക്കുന്നത്. പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിന് മുഴുവൻ പട്ടിക ജാതി-പട്ടികവർഗക്കാർക്കും നാലു വർഷത്തിനുള്ളിൽ ഭൂമിയും വീടും ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഭവനപൂർത്തീകരണ പദ്ധതി കൂടുതൽ ജനകീയമാക്കി, സമഗ്ര ഭവനമാക്കുന്നതും രണ്ടാം പിണറായി സർക്കാരിന്റെ നയമാണ്.

സ്ഥിരവരുമാനദായകമായ മാന്യമായ തൊഴിലവസരങ്ങളുടെ കുറവാണ് ഈ സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. പട്ടികജാതി–- പട്ടികവർഗ വകുപ്പിന്റെ ഐടിഐകൾ നവീകരിച്ച് എല്ലായിടത്തും നിലവിലുള്ള ട്രേഡുകളിൽ കോഴ്സുകൾ കൂട്ടിച്ചേർത്ത് ഈ അധ്യയനവർഷംതന്നെ ആരംഭിക്കും. പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്ക് സർക്കാർ സംവിധാനത്തിലുള്ള തൊഴിലവസരവും പരിശീലനം നൽകുന്നതിനും അവസരമൊരുക്കുന്നു. അക്രഡിറ്റഡ് എൻജിനിയർമാർ, പാരാമെഡിക്കൽ ജീവനക്കാർ, സോഷ്യൽ വർക്കർമാർ, അധ്യാപകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കി. ഇതിനുപുറമേ എസ്‌സി പ്രൊമോട്ടർമാരായി 1231 പേരെയും പട്ടികവർഗ പ്രൊമോട്ടർമാരായി 1182 പേരെയും നിയമിച്ചു. സർക്കാരിന്റെ വികസന പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തിക്കുന്ന വകുപ്പിന്റെ തേരാളികളാകുകയാണ് ഈ പ്രൊമോട്ടർമാർ. മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്ന സന്ദേശമുയർത്തി ആഗസ്ത്‌ 15-വരെ മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ 140 മണ്ഡലത്തിലും തദ്ദേശീയ ദിനാചരണ പരിപാടികൾ നടത്തും. വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ സാമൂഹ്യമൂലധനം ഉയർത്തണം. ദാരിദ്ര്യവും അവഗണനയും അസമത്വവും സാമ്പത്തിക അരക്ഷിതാവസ്ഥകളും അനുഭവിച്ച ഇവരെക്കൂടി സമഭാവനയോടെ പൊതുസമൂഹത്തിനൊപ്പം ചേർത്തുനിർത്താനാണ് എൽഡിഎഫ് സർക്കാരിന്റെ പരിശ്രമം. അതിനുള്ള പ്രചോദനവുമാകുകയാണ് തദ്ദേശീയ ദിനാചരണ പരിപാടികൾ.

സ. കെ രാധാകൃഷ്‌ണൻ
ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി 

 



കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.