Skip to main content

നവംബർ 26 ഭരണഘടന ദിനം

ഇന്ത്യൻ ജനത ഇന്ന് ഭരണഘടനാ ദിവസമായി ആചരിക്കുകയാണ്. ഭരണഘടനാ നിർമാണസഭ മൂന്നു വർഷത്തോളം നീണ്ട ചർച്ചകളിലൂടെ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26നായിരുന്നു. തുടർന്ന് 1950 ജനുവരി 26ന് ഭരണഘടനാപ്രകാരമുള്ള ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നു. നമ്മുടെ എല്ലാ അവകാശങ്ങൾക്കും അടിസ്ഥാനമെന്ന നിലയിൽ, ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രേഖയാണ് ഭരണഘടന. തുല്യതയും നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സ്വതന്ത്ര ജുഡീഷ്യറിയും ഉൾപ്പടെ ഒരുപാട് അടിസ്ഥാനപ്രമാണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബൃഹദ്‌രേഖയാണ് ഇന്ത്യൻ ഭരണഘടന.

ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യം എഴുപതു വർഷങ്ങൾക്കിപ്പുറവും കെട്ടുറപ്പോടെ നിലനിർത്തുന്നതിൽ ഭരണഘടന വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ, അടിയന്തിരാവസ്ഥാ കാലത്തെന്നപോലെ ഇന്നും ഇന്ത്യൻ ഭരണഘടന അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷത ഏറ്റവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. തുല്യത എന്ന അവകാശവും പൗരത്വനിയമത്തിലൂടെ അട്ടിമറിക്കപ്പെട്ടു. ആവശ്യമായ ചർച്ചകളോ, മതിയായ പാർലമെന്ററി പരിശോധനകളോ കൂടാതെ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയെടുത്ത കാർഷികനിയമങ്ങൾ വമ്പിച്ച ജനകീയപ്രതിഷേധത്തിനൊടുവിൽ പിൻവലിക്കേണ്ടി വന്നതും നമ്മൾ കണ്ടു. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതത്ര്യത്തിനുമെതിരെയുള്ള ഏറ്റവും വലിയ കടന്നുകയറ്റം നടക്കുകയാണ്.

ഭൂപരിഷ്‌കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ സ്വാതന്ത്ര്യത്തിനുശേഷം തുടരുകയാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയ ഭരണഘടന അവര്‍ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ബഹുജനപ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന എന്നീ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. അതിന് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിര്‍പ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണ്. നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പന്‍ ആശയങ്ങള്‍ വരുംതലമുറയുടെ മനസ്സില്‍ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്നതടക്കമുള്ള അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തര്‍ക്കാനുള്ള പരീക്ഷണങ്ങളും ശക്തമാണ്. ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അത് തൃണവല്‍ഗണിക്കപ്പെടുകയും കാലം പുറംതള്ളിയ പിന്തിരിപ്പൻ ആശയങ്ങളെ എഴുന്നള്ളിച്ച് കൊണ്ടുവരികയും ചെയ്യുന്നു .

സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറല്‍ സങ്കല്‍പ്പം സാര്‍ഥകമാകാതിരിക്കാൻ ആസൂത്രിതമായി തടസങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസന യജ്ഞത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണ്.

ഉന്നതമായ ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു രാജ്യത്തെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളാണ് ഈ സംവിധാനത്തിന്റെ കാതൽ. ഇതിൽ ഗവർണമാരുടെ ഇടപെടൽ ഇന്ന് വലിയ വിവാദമായി പലയിടങ്ങളിലും മാറിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പാവകളായി പ്രവർത്തിച്ച് അവരുടെ രാഷ്ട്രീയ അജണ്ടകൾ സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങളായി പല ഗവർണമാരും പ്രവർത്തിക്കുന്നു. ഇത് പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ഭരണസംവിധാനങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലും ഇത്തരമൊരു സവിശേഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ നമ്മുടെ ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്റെ 73-ാം വാര്‍ഷികത്തിലും നേരിടുന്ന വെല്ലുവിളികള്‍ നിസാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കുകയും നമ്മുടെ ഭരണഘടനക്കും അത് ഉറപ്പു നൽകുന്ന അവകാശങ്ങൾക്കും പ്രതിരോധം തീർക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ജനങ്ങളിലും പുരോഗമനപ്രസ്ഥാനങ്ങളിലും നിക്ഷിപ്തമാണ്. ജനങ്ങളാൽ നിർമ്മിച്ച് ജനങ്ങൾ അവർക്കായി സമർപ്പിച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടനയെ അതിന്റെ എല്ലാ ഗരിമയിലും നിലനിർത്തുന്നതിനുള്ള പോരാട്ടം തുടരും എന്ന നിശ്ചയദാർഢ്യമാണ് ഈ ഭരണഘടനാ ദിനത്തിൽ നാം പുലർത്തേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.