Skip to main content

ഡിസംബർ 6 - ബാബറി മസ്ജിദ് തകർക്കലിന് മുപ്പതാണ്ട്

മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് ഇന്ന് മുപ്പതാണ്ട് തികയുന്നു. ബാബറി മസ്ജിദ് 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി. ആർഎസ്എസും ഹിന്ദുമഹാസഭയും  നേതൃത്വം നൽകിയ  തീവ്ര ഹിന്ദുത്വവാദികൾ 1949ൽ തുടങ്ങിയ ശ്രമങ്ങളാണ് അന്ന് ഫലപ്രാപ്തിയിലെത്തിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വർഗ്ഗീയ സംഘർഷങ്ങളിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിനായി സംഘപരിവാർ സമരപരിപാടിയുടെ ഫലമായിട്ടായിരുന്നു കുപ്രസിദ്ധമായ ബോംബെ കലാപങ്ങൾ  ഉൾപ്പെടെയുള്ള നിരവധി കൂട്ടക്കൊലകൾ നടന്നത്. ഇന്ത്യയുടെ മതേതര സ്വഭാവം തുടർച്ചയായി തകർക്കുന്നതിൽ  അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്.

കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബറി മസ്ജിദിന് അന്ന് വേണ്ട രീതിയിൽ സംരക്ഷണം ലഭിക്കാഞ്ഞതും കർസേവകർക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തിൽ കേസന്വേഷിച്ച് ബാബറി മസ്ജിദ് തകർത്ത മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. ഇവരെ കുറ്റവിമുക്തരാക്കികൊണ്ട് 2020ൽ  വന്ന സുപ്രീംകോടതി വിധിയിലൂടെ ബാബറി മസ്ജിദ് സംഭവത്തിലെ നീതി നിഷേധം തുടർന്നു. ബാബറി മസ്ജിദ് സംഭവത്തിൻറെ ആവർത്തനം രാജ്യത്തെ മറ്റ് ന്യൂനപക്ഷ ആരാധനനാലയങ്ങളിലും ഉണ്ടാകാതിരിക്കുന്നതിനായി 1991ൽ കൊണ്ടുവന്ന നിയമവും ഇപ്പോൾ സംഘപരിവാർ ശക്തികളുടെ കടന്നാക്രമണത്തിലാണ്. 

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെടുത്തിയുണ്ടായ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മാതൃകയിൽ കൂടുതൽ കുത്തിത്തിരിപ്പുകൾ നടത്തുകയാണ് സംഘപരിവാർ. രണ്ടാം മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ വാരണാസി ഗ്യാൻ വാപി മസ്ജിദിലും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിലും ഇപ്പോൾ വർഗ്ഗീയപ്രകോപനങ്ങളുണ്ടായി കൊണ്ടിരിക്കുകയാണ്. ക്ഷേത്രനിർമ്മാണത്തിനായി ഹിന്ദുമതവിശ്വാസികളെ ഇളക്കിവിട്ടുകൊണ്ട് നൂറ്റാണ്ടുകളായി ഹിന്ദു, ഇസ്ലാം മതവിശ്വാസികൾക്കിടയിൽ നിലനിന്ന സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും വലിയ വിള്ളലുകൾ വീഴ്ത്തി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള കുടില ശ്രമങ്ങളാണ് സംഘപരിവാർ ഇവിടങ്ങളിലും തുടരുന്നത്. 

ബാബറി മസ്ജിദ് പൊളിക്കുന്നതിലും രാമക്ഷേത്ര നിർമ്മാണം പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയായി മാറ്റിയതിലുമുള്ള കോൺഗ്രസിന്റെ പങ്ക് നാം മറന്നുകൂടാത്തതാണ്. ഒരു പ്രാദേശിക പ്രശ്നമായി തുടങ്ങിയ ബാബറി മസ്ജിദ് തർക്കത്തെ പല തവണ രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ഉപയോഗപ്പെടുത്തി. 1949ൽ പള്ളി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി  ജവാഹർ ലാൽ നെഹ്രുവിനെ  അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ലിടലിന്‌ അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് പ്രചരണങ്ങൾ അയോദ്ധ്യയിൽ വച്ച് അന്ന് ഉദ്ഘാടനം ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കർസേവകർക്ക് ഒത്താശ ചെയ്ത കോൺഗ്രസ് പ്രധാമന്ത്രി നരസിംഹ റാവുവും ഇപ്പോൾ അയോദ്ധ്യയിൽ തുടങ്ങിവച്ച രാമക്ഷേത്ര നിർമ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ള  നേതാക്കളും വർഗീയ രാഷ്ട്രീയത്തിന് കുട പിടിച്ച കോൺഗ്രസ് പാരമ്പര്യത്തിന്റെ തുടർച്ചക്കാരാണ്.  

മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങൾ മനസ്സിലാക്കുന്നതിൽ  ബാബറി മസ്ജിദിന്റെ ചരിത്രത്തിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല. വിഭജനത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബരി മസ്ജിദ് തകർക്കൽ. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടെയും നിഴലിൽ നിർത്താനാണ് ഇത് കാരണമായത്. ഇന്ത്യയുടെ മതേതരത്വത്തിന് അന്നേറ്റ മുറിവിൽ നിന്നും ഇന്നും രക്തം ഒഴുകുന്നുണ്ട്. കൂടുതൽ മതപരമായ ചേരിതിരിവുകൾ സൃഷ്ടിക്കാനും മനുഷ്യർക്കിടയിൽ വെറുപ്പ് പടർത്തി പരസ്പരം ശത്രുക്കളാക്കാനും അങ്ങനെ അധികാരം നിലനിർത്താനുമുള്ള സംഘപരിവാർ ശ്രമം വിജയം കണ്ട കാലമാണിത്. തീവ്രവർഗീയതയിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കാനുള്ള  തയ്യാറെടുപ്പിലാണ് സംഘപരിവാർ. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനോ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മനുഷ്യരെയാകെ ഒരുമിച്ചുചേർത്ത് മുന്നോട്ട് പോകാനോ നിർഭാഗ്യവശാൽ കോൺഗ്രസിന് താത്പര്യവുമില്ല. ബിജെപിയുടെ ബി ടീമായി ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയിലേക്കാണ് അവരുടെ പോക്ക്.

എല്ലാ വർഗീയ പിന്തിരിപ്പൻ ശക്തികളുടെയും രാഷ്ട്രീയ  ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് രാജ്യത്തെ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും എല്ലാം പോരാട്ടവുമായി മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. വർഗീയ വിരുദ്ധ പോരാട്ടത്തിൽ എല്ലാവരെയും കൂട്ടിച്ചേർത്ത് മുന്നോട്ട് പോകാതെ നമ്മുടെ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനാവില്ല.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.