Skip to main content

നോട്ട് നിരോധനം സുപ്രീം കോടതി വിധിയും ബാക്കി നിൽക്കുന്ന ചോദ്യങ്ങളും

2016 നവംബർ 8-ാം തീയതി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള മോദി സർക്കാരിൻറെ പ്രഖ്യാപനമുണ്ടായിട്ട് 6 വർഷം പിന്നിട്ടു; ഈ നടപടിയുടെ ന്യായാന്യായങ്ങൾ പരിശോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം വന്നുവെങ്കിലും നോട്ട് നിരോധിക്കാനുള്ള മോദി സർക്കാരിൻറെ തീരുമാനത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരെയും ഇത്രമേൽ പിടിച്ചുലച്ച ഒരു നടപടി വേറെയുണ്ടായിട്ടില്ല എന്ന് പറയാം. കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും വിനിമയം അവസാനിപ്പിക്കാൻ എന്ന് പറഞ്ഞു തിടുക്കത്തിൽ തുടങ്ങിയ നോട്ട് നിരോധനം അതിൻറെ പ്രഖ്യാപിത ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ നേടാതെ അവസാനിച്ചപ്പോൾ അതുമൂലമുള്ള നഷ്ടങ്ങൾ മാത്രമേ ബാക്കി നിന്നുള്ളൂ. ഇന്ത്യൻ പൗരന്മാർക്ക് വിവരണാതീതമായ ദുരിതങ്ങളും സാമ്പത്തികത്തകർച്ചയും രാജ്യത്തിന് സമ്മാനിച്ച ഈ അമിതാധികാര നടപടി പരിശോധിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പക്ഷെ ഇതുമൂലം ഉണ്ടായ പ്രത്യാഘാതങ്ങൾ പരിശോധിച്ചില്ല. നോട്ടുനിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികൾ സ്വീകരിക്കാൻ സർക്കാരിനുള്ള അധികാരം ശരിവച്ചുകൊണ്ടാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വന്നതെങ്കിലും നിരോധനത്തിന്റെ ഉദ്ദേശ്യം പ്രാവർത്തികമായില്ലെന്നത് പ്രസക്തമല്ലെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്.

ക്യൂവിൽ നിന്നും നോട്ട് മാറാനായി ഉത്തരേന്ത്യൻ ശൈത്യത്തിൽ ചുറ്റിത്തിരിഞ്ഞും മാനസികക്ഷോഭത്തിലും മറ്റും 170 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വളർച്ചയുടെ പാതയിലായിരുന്ന രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയിൽ നോട്ട് നിരോധനം മൂലമുണ്ടായ നഷ്ടം 15 ലക്ഷം കോടിയിൽ പരം രൂപയുടേതാണ്. രാജ്യത്തെ കോടിക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട്‌ നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. വിളവെടുപ്പ് കാലത്തിന് ശേഷമായിരുന്നതിനാൽ കൃഷി വിളകളുടെ വിലയും നോട്ട് നിരോധനത്തിന് ശേഷം കുത്തനെ ഇടിഞ്ഞു. ബാങ്ക് നിക്ഷേപങ്ങളിൽ വൻ ഇടിവുണ്ടാവുകയും ചെയ്തു. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ 83% വർധിച്ചുവെന്ന് റിസേർവ് ബാങ്കിന്റെ 2017-18 വർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ഒരു ഘട്ടത്തിൽ ഡിജിറ്റൽ കറൻസി വ്യാപകമാക്കാൻ വേണ്ടിയാണ് നോട്ട് നിരോധനമെന്നൊരു ന്യായം സർക്കാർ പറഞ്ഞെങ്കിലും നോട്ട് നിരോധനത്തിന് ശേഷം കറൻസിയായി കുടുംബംങ്ങൾ സൂക്ഷിക്കുന്ന തുക രണ്ടര മടങ്ങ് വർധിച്ചെന്നും റിസേർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർബിഐ കണക്ക് അനുസരിച്ച് 2016ൽ 17.74 ലക്ഷം കോടി രൂപ കറൻസി വിനിമയത്തിലുണ്ടായിരുന്ന ഇടത്ത് ഇപ്പോൾ 32.42 ലക്ഷം കോടി രൂപ കറൻസിയായി വിനിമയത്തിലുണ്ട്. കള്ളപ്പണമായി പ്രചാരത്തിലുള്ള അഞ്ചു ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും മടങ്ങിവരികയില്ലെന്നും ഇത് രാജ്യത്തിന്‌ വൻ നേട്ടമാകുമെന്നും സർക്കാരും ബിജെപിയും അവകാശപ്പെട്ടിരുന്നതെങ്കിലും നിരോധിച്ച നോട്ടിന്റെ 99.3% ത്തിൽ അധികവും തിരിച്ചെത്തിയതായി റിസേർവ് ബാങ്ക് സാക്ഷ്യപ്പെടുത്തി. കള്ളനോട്ടുകളും കള്ളപ്പണവും ഉപയോഗിക്കുന്ന ഭീകരവാദ, ദേശവിരുദ്ധ പ്രവർത്തനങ്ങളിലും യാതൊരു കുറവുമുണ്ടായില്ല. 2016ന് ശേഷം 245.33 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ കണക്കുകൾ.

ഇത്രത്തോളം വിനാശകരമായ നടപടി എന്തിനായിരുന്നുവെന്നതിൽ ഔദ്യോഗിക തലത്തിൽ ഇനിയും ഒരു തീർപ്പുണ്ടാക്കാനായിട്ടില്ല. നോട്ട് നിരോധനത്തിന്റെ ഉദ്ദേശത്തെ കുറിച്ച് സർക്കാറിൻറെയും റിസേർവ് ബാങ്കിന്റെയും സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിരുദ്ധമാണെന്ന് ജസ്റ്റിസ് നാഗരത്ന തന്റെ ഭിന്നവിധിയിൽ എടുത്ത് എഴുതിയിട്ടുണ്ട്. വമ്പൻ പ്രഖ്യാപനങ്ങളുമായി ജനങ്ങളെ കബളിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പതിവ് രീതിയുടെ തുടർച്ചയാണ് നോട്ട് നിരോധനത്തിലും കാണാനാകുക. രാജ്യത്ത് നിന്ന് വിദേശത്തേക്ക് കടത്തിയ മുഴുവൻ കള്ളപ്പണവും തിരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായ മോദി എന്നാൽ കള്ളപ്പണം തിരഞ്ഞത് രാജ്യത്തിനുള്ളിലായിരുന്നു. കള്ളപ്പണം ധാരാളമായും കറൻസിയായിട്ടല്ല സൂക്ഷിക്കുന്നതെന്ന് വ്യക്തമായിരിക്കുമ്പോഴും നോട്ട് നിരോധനം എന്ന അസംബന്ധനാടകത്തിലൂടെ അഴിമതിരഹിത പ്രതിഛായ സൃഷ്ടിക്കാനായിരുന്നു മോദിയുടെ ശ്രമം. ഇതിന്റെ പൊള്ളത്തരം പൊതുസമൂഹത്തോട് ആദ്യം വിശദീകരിച്ചത് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗമായ സ. ടി എം തോമസ് ഐസക്ക് ആയിരുന്നു. വ്യാജവും ഗൃഹപാഠങ്ങൾ ഇല്ലാതെയെടുക്കുന്നവയുമായ പ്രഖ്യാപനങ്ങൾക്ക്‌ പിന്നാലെ അതിന്റെ നടത്തിപ്പിനായി ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്‌ഥയെയും അട്ടിമറിച്ച് അധികാരകേന്ദ്രീകരണത്തിന് ആക്കം കൂട്ടുക, ഇതുമൂലമുണ്ടാകുന്ന അവ്യക്തതയുടെ മറവിൽ സ്വകാര്യലാഭങ്ങൾ കൊയ്യുക എന്നിങ്ങനെയുള്ള ഒരു പ്രവർത്തനരീതി മോദി സർക്കാർ ആവർത്തിക്കുന്നുണ്ട്.

എന്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം എന്നതോടൊപ്പം തന്നെ ഉയരുന്ന അനവധി ചോദ്യങ്ങളുണ്ട്. നോട്ട് നിരോധനത്തിന്റെ കെടുതികൾ അനുഭവിച്ച നമ്മുടെ ജനതയ്ക്ക് പരിഹാരമായി നീതി ആര് കൊടുക്കും; ഭരണഘടന വ്യവസ്‌ഥ ചെയ്ത സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര നിയന്ത്രണവും സംതുലനവും ഇനിയും അട്ടിമറിക്കപ്പെടാതെ നോക്കുന്നതെങ്ങനെ; അഴിമതി അവസാനിപ്പിക്കാൻ അവതരിച്ചവനെന്നും രാജ്യത്തിന്റെ കാവൽക്കരനെന്നും പറഞ്ഞു ജനങ്ങളെ കബളിപ്പിക്കാൻ കഴിയുന്ന സാഹചര്യം എന്തുകൊണ്ട് തുടരുന്നു; എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. വർഗീയ ദൃഷ്ടി മാറ്റിവച്ച് മനുഷ്യർ അവരവരുടെ യഥാർത്ഥ സാഹചര്യങ്ങൾ നോക്കികണ്ട് തിരിച്ചറിയുമ്പോഴേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പദ്ധതികളെ പരാജയപ്പെടുത്താൻ ആവൂവെന്ന തിരിച്ചറിവ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിൽ നിന്ന് നമുക്ക് നേടാനാകും.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.