Skip to main content

തുടർച്ചയായ വാഗ്ദാനലംഘനങ്ങൾ

2023ൽ ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പുതിയ അവകാശവാദം. G20, ഷാങ്ങ്ഹായ് സഹകരണ സംഘടന കൂട്ടായ്മകളുടെ നേതൃസ്ഥാനം ലഭിച്ചത് ഇതിന്റെ സൂചനയായും വ്യാഖാനിക്കുന്നു. ഇതേ കുറിച്ച് ആർഎസ്എസ് നേതാവ് രാം മാധവ് ഇന്ത്യൻ എക്‌സ്പ്രസ്സിൽ എഴുതിയ ലേഖനം അവസാനിക്കുന്നത് "മോദിയുണ്ടെങ്കിൽ സാധിക്കും" എന്ന വാചകം വെച്ചാണ്.

എന്നാൽ അധികാരത്തിൽ വന്നതിനു ശേഷം മോദിയും കൂട്ടരും ഇത്തരത്തിലുള്ള പല വീരവാദങ്ങളും നടത്തിയിട്ടുണ്ട്. കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരിൽ നോട്ട് നിരോധനം നടപ്പിലാക്കിയത് മുതൽ ജനങ്ങൾക്ക് മുൻപാകെ പറഞ്ഞതെല്ലാം വ്യാജ വാഗ്ദാനങ്ങളായിരുന്നു. G20 സമ്മേളനത്തോട് അനുബന്ധിച്ച് മുംബൈയിൽ വച്ചു നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാനായി എത്തുന്ന വിദേശപ്രതിനിധികളിൽ നിന്ന് നഗരത്തിലെ ദാരിദ്ര്യവും ശോച്യാവസ്ഥയും മറച്ചു പിടിക്കാനായി നഗരമാകെ കർട്ടനുകളും ബാരിക്കേടുകളും മുംബൈ നഗരസഭ സ്ഥാപിച്ചിരിന്നു. മുമ്പ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ അഹമ്മദാബാദിലെ ചേരികളെ മതിൽ കെട്ടി മറച്ച ഗുജറാത്ത് മോഡൽ തന്നെയാണ് മുംബൈയിലും നടന്നത്.

വീമ്പ്പറച്ചിലിലും കൊട്ടിഘോഷിക്കലുകളിലും രാഷ്ട്രീയ നിലനിൽപ്പ് കണ്ടെത്തുന്ന മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളുടെ വർഷമാണ് കഴിഞ്ഞു പോയത്. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻ നിരയിലെത്തിക്കുന്നതിനും പൊതുജനങ്ങളുടെ ക്ഷേമം സംബന്ധിച്ചും മോദി നടത്തിയ പല വമ്പൻ പ്രഖ്യാപനങ്ങളും 2022 ഓടെ പൂർത്തിയാവേണ്ടതായിരുന്നു. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും ശുദ്ധജലം, എല്ലാ വീട്ടിലും ശൗചാലയം, രാജ്യത്തെ മുഴുവൻ വീടുകളിലും തടസമില്ലാതെ വൈദ്യുതി വിതരണം, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നീ സൗകര്യങ്ങൾ എത്തിക്കുക, പോഷകാഹാരക്കുറവ് തുടച്ചു നീക്കുക എന്നിവയോടൊപ്പം ഇന്ത്യൻ സമ്പദ്‌രംഗത്തെ ഇരട്ടിപ്പിച്ച് അഞ്ച് ലക്ഷം കോടിയിൽ കൊണ്ടെത്തിക്കും, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നീ വമ്പൻ പ്രഖ്യാപനങ്ങളും മോദിയും മോദി സർക്കാരിലെ വിവിധ മന്ത്രിമാരും നടത്തിയിരുന്നു.

ഇവയ്ക്ക് പുറമെ ഇന്ത്യയിൽ 2022 ഓട് കൂടെ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് വൻനേട്ടങ്ങൾ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ത്യക്കാരെ 2022ൽ ബഹിരാകാശത്തെത്തിക്കുമെന്ന വാഗ്ദാനമാണ് മോദി രാജ്യത്തിന് നൽകിയത്. എന്നാൽ 2022 അവസാനിച്ചപ്പോഴും വലിയ വായിൽ നടത്തിയ ഒരു പ്രഖ്യാപനം പോലും നടപ്പിലാക്കാൻ സാധിക്കാത്ത ദയനീയ സാഹചര്യത്തിലാണ് മോദി സർക്കാർ. കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരിൽ നോട്ട് നിരോധനം നടത്തിയതിന്റെ ആവർത്തനാമാണ് മേല്പറഞ്ഞ വാഗ്ദാനങ്ങളുടെ കാര്യത്തിലും സംഭവിച്ചത്.

കേന്ദ്രപദ്ധതികൾ എല്ലാം പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിൻറെ പാർട്ടിക്കാരുടെയോ പേരിൽ നടപ്പിലാക്കാൻ ആണ് സർക്കാർ ശ്രമം. പ്രതിവർഷം രണ്ട് കോടി ജോലികൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ ഭരണകാലത്ത് തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2022 ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സമീപകാലത്തെ റെക്കോർഡ് ഭേദിച്ചു 8.3 ശതമാനത്തിലെത്തി. 121 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ഇപ്പോൾ 107-ാം സ്ഥാനത്താണ്.

ഇത്തരത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനവും നിറവേറ്റാൻ സാധിക്കാതിരിക്കുകയും സാധാരണക്കാരുടെ ജീവിതം ദുരിത പൂര്ണമാകുകയും ചെയ്യുമ്പോൾ ഇവയിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി വർഗീയ വൽക്കരണ ശ്രമങ്ങൾ സർക്കാർ പിന്തുണയിൽ കെട്ടഴിച്ചു വിടുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനു ശേഷം ഏക സിവില്കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം നടപടികൾ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന കാര്യത്തിൽ തർക്കമേതുമില്ല.

അതെ സമയം കേരളം ഇന്ത്യക്കാകെ മാതൃകയാവുന്ന തരത്തിൽ വികസന കാര്യങ്ങളിൽ മുന്നേറുകയാണ്. എല്ലാവർക്കും വീട് എന്ന സ്വപ്നം നിറവേറ്റുന്നതിന് ലൈഫ് പാർപ്പിട പദ്ധതി, എല്ലാവർക്കും ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്താദ്യമായി ഇന്റർനെറ്റ് മൗലികാവകാശമാക്കി കെ ഫോൺ ആരംഭിച്ചു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഇപ്പോൾ അത് പൂർണ്ണമായി തുടച്ചുമാറ്റാനുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നു. കോവിഡ് കാലഘട്ടത്തെ പട്ടിണിയില്ലാതെ മറികടന്നു. കർഷകരുടെ വരുമാന വർദ്ധനവ് ലക്‌ഷ്യം വെച്ച് കൊണ്ട് നെല്ല്, നാളികേരം, ഇരുപതിന പച്ചക്കറികൾക്ക് മിനിമം താങ്ങു വില പ്രഖ്യാപിക്കുകയും ചെയ്തു. 6 വർഷം കൊണ്ട് രണ്ടു ലക്ഷം പേർക്കാണ് പിണറായി സർക്കാർ പിഎസ്‌സി വഴി നിയമനം നൽകിയത്.

ഇങ്ങനെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രമാകട്ടെ പൊള്ളയായ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നു.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.