Skip to main content

ജനുവരി 10 സഖാവ് ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം

ഇന്ന് അനശ്വര രക്തസാക്ഷി സ. ധീരജ് രാജേന്ദ്രൻ്റെ ഒന്നാം ചരമവാർഷികം. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ പതാകയേന്തിയ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ സ. ധീരജ് രാജേന്ദ്രനെ കോളേജ് ഇലക്ഷൻ ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. ഇലക്ഷന് ശേഷം ഭക്ഷണം കഴിക്കാൻ കോളേജിന് പുറത്തു വന്ന ധീരജിനെ പിടിച്ചുനിർത്തി നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയാണ് കോൺഗ്രസിന്റെ ഗുണ്ടാസംഘം ജീവനെടുത്തത്. ധീരജിനൊപ്പം എസ്എഫ്ഐ നേതാക്കളായ സ. അഭിജിത്, സ. അമൽ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

എസ് എഫ് ഐ കേരളഘടകത്തിന്റെ ചരിത്രത്തിലെ 35 ആമത്തെ രക്തസാക്ഷിയാണ് സ. ധീരജ്. പ്രിയസഖാക്കൾ പിടഞ്ഞുവീണപ്പോഴും സംയമനം പാലിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനത്തിൽ വീണുപോലും ഒരു ജീവൻ എടുത്തതായി ശത്രുക്കൾക്ക്‌ പറയാനില്ല. 1971ൽ തിരുവനന്തപുരം എംജി കോളേജിലെ ദേവപാലൻ മുതൽ ധീരജ്‌ വരെ നീളുന്ന പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളിൽ ഏറെ പേരെയും കൊലപ്പെടുത്തിയത്‌ കോൺഗ്രസ്‌–കെഎസ്‌യു സംഘങ്ങളാണ്‌. കഴിഞ്ഞ ഡിസംബറിൽ എസ്എഫ്ഐ വയനാട് ജോയിന്റ് സെക്രട്ടറിയായ സ. അപർണ ഗൗരിക്ക് നേരെയുണ്ടായ വധശ്രമമുൾപ്പെടെയുള്ള എണ്ണിയാലൊടുങ്ങാത്ത ക്രൂരമായ അക്രമങ്ങളെയും നേരിട്ട് കൊണ്ടാണ് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം നമ്മുടെ കലാലയങ്ങളിൽ പടർന്നു പന്തലിച്ചത്.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു എന്നിവരുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്‌ അക്രമിസംഘത്തിലെ പ്രധാനി നിഖിൽ പൈലി. നിഖിൽ പൈലിയെയും മറ്റ് കുറ്റവാളികളെയും പിന്തുണച്ചു സംസാരിക്കാൻ കെപിസിസി പ്രസിഡന്റ് സുധാകരൻ അടക്കമുള്ളവർ മുന്നിൽ വന്നുവെന്ന അസാധാരണസംഭവവും ഉണ്ടായി. കൊലയുടെ പിന്നിലെ രാഷ്ട്രീയതാല്പര്യങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമായ സംഭവങ്ങളായിരുന്നു ഇവ. ജാമ്യം ലഭിച്ച നിഖിൽ പൈലിക്കും മറ്റ് പ്രതികൾക്കും വൻ സ്വീകരണമൊരുക്കാനും രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയിൽ പങ്കെടുപ്പിക്കാനും വരെ കോൺഗ്രസ് തയ്യാറായി. സ. ധീരജിന്റെ മരണശേഷവും രക്തസാക്ഷിത്വത്തെ അധിക്ഷേപിക്കുകയാണ് കെ സുധാകരനും സി പി മാത്യുവും മറ്റും ചെയ്തത്. കോൺഗ്രസിന്റെ രാഷ്ട്രീയ നിലനില്പിനായി വിദ്യാർത്ഥികളുടെ വരെ ജീവനെടുത്ത, അതിനെ നിർലജ്ജം പിന്തുണയ്ക്കുന്ന രാഷ്ട്രീയശൈലി കേരളത്തിലെ കോൺഗ്രസിന്റെ സമ്പൂർണമായ തകർച്ചയിലേക്കാണ് നയിക്കുന്നത്.

സ. ധീരജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാനമൊട്ടുക്കെ എസ്എഫ്ഐ സംഘടിപ്പിക്കുന്നത്. തളിപ്പറമ്പ് തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ സ്‌തൂപം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കും. ഇടുക്കി ചെറുതോണിയിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥിറാലിയും പൊതുസമ്മേളനവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ സ. പി രാജീവ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയുമായി പ്രവര്‍ത്തിക്കാവുന്ന രീതിയിൽ സ. ധീരജിന്റെ സ്‌മരണയ്‌ക്കായി ചെറുതോണിയിൽ ഒരു സ്‌മാരകമന്ദിരവും തയ്യാറാവുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.