Skip to main content

അദാനി ഗ്രൂപ്പിന്റെ ധനപ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു


 

അദാനി ഗ്രൂപ്പിന്റെ ധനപ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയ്ക്കുമേൽ എങ്ങനെ കരിനിഴൽ വീഴ്ത്തുന്നുവെന്നതിനു തെളിവാണ് റിസർവ്വ് ബാങ്ക് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച അധിക കരുതൽ തുക സംബന്ധിച്ച മാർഗ്ഗനിർദ്ദേശം. ഇന്ത്യയിലെ ബാങ്കുകൾ വിദേശത്തെ ബാങ്കുകളെപ്പോലെ അല്ല. കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളും മേൽനോട്ടവും ഉണ്ടെന്നാണ് പൊതുവേ കരുതുന്നത്.

ഇന്ത്യയിൽ ബാങ്കുകളിലെ നിക്ഷേത്തിന്റെ 4.5 ശതമാനം കരുതൽ ധനാനുപാതവും (അമേരിക്കയിൽ പൂജ്യം), 18 ശതമാനം സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപവും (അമേരിക്കയിൽ 250 ശതകോടിയിലധികം ആസ്തിയുള്ള ബാങ്കുകൾക്ക് 3 ശതമാനം, മറ്റുള്ളവയ്ക്ക് ഇല്ല) നിർബന്ധമാണ്. മൂലധന ആസ്തി അനുപാതം, ആസ്തി ബാധ്യത സന്തുലനം, ലിക്വിഡിറ്റി കവറേജ് റേഷ്യോ തുടങ്ങിയവയെല്ലാം തുടർച്ചയായി പരിശോധിക്കപ്പെടുന്നുമുണ്ട്. എല്ലാറ്റിനുമുപരി ഇന്ത്യയിലെ പ്രധാന ബാങ്കുകളെല്ലാം പൊതുമേഖലയിലാണ്. 2008ലെ ആഗോള സാമ്പത്തിക തകർച്ചയുടെ കാലത്ത് ഇന്ത്യയെ രക്ഷിച്ചത് നമ്മുടെ ബാങ്കുകളുടെ കരുത്തും അവ പൊതുമേഖലയിലാണ് എന്നുള്ളതും കൊണ്ടാണെന്ന് സാക്ഷാൽ ചിദംബരം തന്നെ പ്രസ്താവിക്കുകയുണ്ടായല്ലോ.

2008ലെ ബാങ്കുകളുടെ ആഗോള തകർച്ച ബാങ്കിംഗ് മേഖലയുടെ മേലുള്ള നിയന്ത്രണങ്ങൾ വരുത്തിയ അയവുകളാണെന്ന് ഏവരും അംഗീകരിച്ചു. ലാഭം പരമാവധിയാക്കുന്നതിനുള്ള തത്രപ്പാടിൽ ബാങ്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ചിന്ത ഇല്ലാതായി. എന്നാൽ ട്രംപിന്റെ ഭരണകാലത്ത് 2008ലെ പാഠങ്ങളെല്ലാം അമേരിക്ക മറന്നു. ചെറുകിട ബാങ്കുകളെ ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കി. എല്ലാ ബാങ്കുകളും തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചു നിയമപരമായി നടത്തേണ്ടുന്ന വാർഷിക സ്ട്രസ് ടെസ്റ്റ് എന്ന സുരക്ഷാ അവലോകനം ഉണ്ട്. ചെറുകിട ബാങ്കുകൾക്ക് ഇതിൽ നിന്നുപോലും ട്രംപ് ഒഴിവു നൽകി. ഇതാണ് അമേരിക്കയിലെ ഇന്നത്തെ ബാങ്കിംഗ് കുഴപ്പത്തിനു കാരണമെന്നാണ് പലരും കരുതുന്നത്.

യൂറോപ്പിൽ 2008ൽ നിലവിൽവന്ന നിയന്ത്രണങ്ങളെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, ബാങ്കുകളുടെ മാനേജ്മെന്റിൽ തികഞ്ഞ അരാജകത്വമാണെന്നാണു വ്യക്തമാകുന്നത്. കർശനമായ മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും അവ ബാങ്കുകൾ സ്വയം പാലിക്കുമെന്നാണ് അനുമാനം. അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പെന്നാണ് സ്വിറ്റ്സർലന്റിലെയും ജർമ്മനിയിലെയും ഏറ്റവും പ്രധാന ബാങ്കുകളായ ക്രെഡിറ്റ് സ്വീസിലെയും ഡോഷേ ബാങ്കിലെയും പ്രതിസന്ധികൾ തെളിയിക്കുന്നത്.

ഇന്ത്യയിലെ ബാങ്കുകളുടെ ദൗർബല്യം ഇവിടുത്തെ ബിസിനസ് ഗ്രൂപ്പുകൾക്കു നൽകുന്ന വായ്പകളുടെ കേന്ദ്രീകരണത്തിലാണ്. കിട്ടാക്കടം വളരെ ഉയർന്നു. എന്നാൽ അവ എഴുതിത്തളളിയും റീക്യാപിറ്റലൈസ് ചെയ്തും ബാങ്കുകളെ ശക്തിപ്പെടുത്താൻ സർക്കാർ നടപടിയെടുത്തു. അതുകൊണ്ട് ആഗോള ബാങ്കിംഗ് ഭൂകമ്പം ഇന്ത്യയെ ബാധിക്കില്ലായെന്നാണ് കേന്ദ്ര ധനമന്ത്രിയും മറ്റും വമ്പ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അദാനി ബിസിനസ് ഗ്രൂപ്പിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അവയ്ക്കു വായ്പ നൽകിയിട്ടുള്ള ബാങ്കുകളുടെ ഓഹരി വിലയെയും പ്രതികൂലമായി ബാധിച്ചു. അദാനി ബിസിനസ് ഗ്രൂപ്പ് തകർന്നാൽ ഏതൊക്കെ ബാങ്കുകളാണു പൊളിയുക?

കരിനാക്കുകൊണ്ടു പറയരുതേ എന്നായിരിക്കും നിങ്ങളിൽ ചിലർ മനസിൽ കരുതുക. പക്ഷേ, ഞാൻ അല്ല ഇങ്ങനെ ചിന്തിക്കുന്നത്. റിസർവ്വ് ബാങ്കാണ്. ആഗോള ബാങ്കിംഗ് കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്ക് ഏറ്റവും അവസാനം ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് 20 ബിസിനസ് ഗ്രൂപ്പുകൾക്ക് (അവ ഏതൊക്കെയെന്ന് നമുക്ക് അറിയില്ല) നൽകിയിട്ടുള്ള വായ്പകളുടെ സുരക്ഷിതത്വം പ്രത്യേകം പരിശോധിക്കണം എന്നാണ്. അവ കിട്ടാക്കടം ആയിട്ടില്ലെങ്കിലും അവയുടെ നേരെ പ്രത്യേക കരുതൽധനം പ്രൊവിഷനായി വയ്ക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ ഉപദേശിച്ചിട്ടുണ്ട്.





 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.