Skip to main content

ബിജെപിയുടെ ക്രൈസ്തവ സ്നേഹം ആട്ടിൻതോലിട്ട ചെന്നായകൾക്ക് സമാനം

കഴിഞ്ഞ ഞായറാഴ്‌ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രട്ട്‌ ഹാർട്ട്‌ ചർച്ചിൽ നടത്തിയ സന്ദർശനവും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ചില ബിഷപ് ഹൗസുകളിലും അരമനകളിലും നടത്തിയ സന്ദർശനവും വാർത്തയാകുകയുണ്ടായി. സാധാരണനിലയിൽ ഇത്തരം സന്ദർശനങ്ങൾ വലിയ വാർത്തയാകാറില്ല. പല രാഷ്ട്രീയ നേതാക്കളും ആരാധനാലയങ്ങൾ സന്ദർശിക്കുക നമ്മുടെ രാജ്യത്ത്‌ പതിവ്‌ രീതിയാണ്‌. അതിന്റെ ശരിതെറ്റുകൾ ഇഴകീറി പരിശോധിക്കാൻ ആരും തയ്യാറാകാറുമില്ല. എന്നാൽ, ബിജെപി നേതാക്കളും ആർഎസ്‌എസ്‌ പ്രചാരകരുമായ പ്രധാനമന്ത്രിയും അതു ചെയ്‌തപ്പോൾ സ്വാഭാവികമായും അത്‌ ചർച്ചയായി. കാരണം ക്രിസ്‌ത്യാനികളെ ആഭ്യന്തരശത്രുക്കളായി കണ്ട്‌ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം വേട്ടയാടിയവരാണ്‌ സംഘപരിവാറുകാർ. അതിൽ ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഇത്‌ എഴുതുമ്പോഴും ഹരിയാനയിലും മറ്റും ക്രിസ്‌ത്യാനികൾക്കെതിരെ ഈ കാവിപ്പട ആക്രമണം നടത്തുകയാണ്‌.

ആർഎസ്‌എസിനും ബിജെപിക്കും വിശുദ്ധഗ്രന്ഥമാണ്‌ വിചാരധാര (ബഞ്ച്‌ ഓഫ്‌ തോട്ട്‌സ്‌). ആർഎസ്എസിന്റെ രണ്ടാമത്തെ സർസംഘ്ചാലകായ മാധവ സദാശിവ ഗോർവാൾക്കർ എഴുതിയതാണ്‌ ഇത്‌. അതിൽ ആഭ്യന്തര ഭീഷണിയെന്ന തലക്കെട്ടിൽ സുദീർഘമായ ഒരു അധ്യായമുണ്ട്‌. അതിൽ മുസ്ലിങ്ങൾ ഒന്നാമത്തെയും ക്രിസ്‌ത്യാനികൾ രണ്ടാമത്തെയും കമ്യൂണിസ്റ്റുകാർ മൂന്നാമത്തെയും ആഭ്യന്തര ഭീഷണികളായാണ്‌ ഗോൾവാൾക്കർ നിർവചിച്ചിട്ടുള്ളത്‌. ആ അധ്യായം തുടങ്ങുന്നത്‌ ഇപ്രകാരമാണ്‌: ‘രാജ്യത്തിനകത്തുതന്നെയുള്ള ശത്രുത പുലർത്തുന്ന ശക്തികൾ പുറമേനിന്നുള്ള ആക്രമണകാരികളേക്കാൾ ദേശീയ സുരക്ഷിതത്വത്തിന്‌ വളരെ കൂടുതൽ ഉപദ്രവകാരികളാണ്‌ എന്നത്‌ ലോകത്തിലെ നിരവധി രാജ്യങ്ങളുടെ ചരിത്രത്തിലെ ദുഃഖകരമായ പാഠമാണ്‌.’ ഇസ്ലാം മതമോ ക്രിസ്‌ത്യൻ മതമോ സ്വീകരിക്കുന്നു എന്നതിനർഥം മാതൃരാജ്യത്തിന്‌ കൂടുതൽ ശത്രുക്കളുണ്ടാകുന്നുവെന്ന്‌ മാത്രമാണെന്ന്‌ ഗോൾവാൾക്കർ ദൃഢമായി വിശ്വസിച്ചിരുന്നു. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്ത ജനങ്ങൾ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച്‌ ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണമെന്നതാണ്‌ ആർഎസ്‌എസിന്റെ എന്നത്തെയും വീക്ഷണം.

ഈ ആശയാടിത്തറയിൽനിന്നുകൊണ്ടാണ്‌ ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും അവർ വേട്ടയാടുന്നത്‌. എന്നാൽ, ക്രിസ്‌ത്യാനികൾക്കുനേരെ അവർ ഉയർത്തിയ ഏറ്റവും പ്രധാന ആരോപണം മതപരിവർത്തനം നടത്തുന്നുവെന്നാണ്‌. നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്തും ചാരിറ്റി മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്‌ത്യൻ സഭകൾ ആദിവാസികളെയും ദളിതരെയും വൻതോതിൽ മതം മാറ്റുകയാണ്‌ എന്നാണ്‌ സംഘപരിവാറുകാരുടെ വാദം. ഇവരുടെ പ്രചാരണം കേട്ടാൽ രാജ്യത്ത്‌ വൻതോതിൽ ക്രിസ്‌ത്യൻ ജനസംഖ്യ വർധിക്കുകയാണെന്ന്‌ തോന്നിപ്പോകും. എന്നാൽ, യഥാർഥ വസ്‌തുത കണ്ണുതുറപ്പിക്കുന്നതാണ്‌. 1500 വർഷമായി ക്രിസ്‌ത്യാനികൾ ഈ രാജ്യത്തുണ്ട്‌. എന്നാൽ, അവരുടെ ജനസംഖ്യ 2011ലെ സെൻസസ്‌ അനുസരിച്ച്‌ 2.30 ശതമാനം മാത്രമാണ്‌. കഴിഞ്ഞ നാലു ദശാബ്ദമായി ക്രിസ്‌ത്യൻ ജനസംഖ്യ കുറയുകയാണ്‌ എന്നതാണ്‌ മറ്റൊരു വസ്‌തുത. 1971ൽ 2.60 ശതമാനവും 1981ൽ 2.44 ശതമാനവും 1991ൽ 2.34 ശതമാനവും 2001ലും 2011ലും 2.30 ശതമാനവുമാണ്‌ ജനസംഖ്യ. വസ്‌തുത ഇതായിരിക്കെ ഇന്നും മതപരിവർത്തനം പറഞ്ഞാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നത്‌. മതപരിവർത്തനം തടയാൻ മതസ്വാതന്ത്ര്യനിയമം പാസാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഏതാണ്ടെല്ലാ സംസ്ഥാന സർക്കാരുകളും തയ്യാറായിട്ടുമുണ്ട്‌.

രാജ്യത്തെ വർഗീയവൽക്കരിക്കുക ലക്ഷ്യമാക്കി ആയോധ്യ വിഷയം ഉയർത്തിക്കൊണ്ടുവരികയും അതിന്റെ ഫലമായി ബാബ്‌റി മസ്‌ജിദ്‌ തകർക്കുകയും ചെയ്‌തതിന്‌ സമാന്തരമായാണ്‌ ക്രിസ്‌ത്യാനികൾക്കുനേരെയും വ്യാപകമായ ആക്രമണങ്ങൾ രാജ്യത്ത്‌ ആരംഭിച്ചത്‌. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിലാണ്‌ വ്യാപകമായ ആക്രമണങ്ങൾക്ക്‌ തുടക്കമായത്‌. തെക്കുകിഴക്കൻ ഗുജറാത്തിൽ ആദിവാസികൾ ഏറെ വസിക്കുന്ന ദാംഗ്‌സ്‌ ജില്ലയിലാണ്‌ ആദ്യമായി വൻതോതിലുള്ള ആക്രമണം നടന്നത്‌. ഗുജറാത്തിലെ ചിറാപുഞ്ചിയെന്നും കശ്‌മീരെന്നും വിളിക്കപ്പെടുന്ന ജില്ലയിലാണ്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും വനവാസി കല്യാൺ സമിതിയും ചേർന്ന്‌ 1998ൽ രണ്ട്‌ ഡസനിലധികം ചർച്ചുകൾ തീയിടുകയും പ്രാർഥനാലയങ്ങൾ നശിപ്പിക്കുകയും ചെയ്‌തത്‌. ഹിന്ദുക്കൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ ക്രിസ്‌ത്യാനികൾ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ്‌ അന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ നേതാവായ അശോക്‌ സിംഗാൾ ഉയർത്തിയത്‌. സംഘപരിവാർ ശക്തികൾ ഇപ്പോൾ ക്രിസ്‌ത്യാനികളെയും തേടിയെത്താൻ തുടങ്ങിയെന്ന്‌ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് അഭിപ്രായപ്പെട്ടതും ഈ ഘട്ടത്തിലാണ്‌.

എന്നാൽ, മതപരിവർത്തനമെന്ന ആരോപണമുയർത്തി സംഘപരിവാർ നടത്തിയ ഏറ്റവും നികൃഷ്ടമായ ആക്രമണം ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നതായിരുന്നു. 1999 ജനുവരി 23ന്‌ ആയിരുന്നു ഇത്‌. സുവിശേഷകനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ടു കുട്ടികളെയും ബജ്റംഗദൾ പ്രവർത്തകൻ ചുട്ടുകൊല്ലുകയായിരുന്നു. ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസ്‌. ഒഡിഷയിലെ കിയോഞ്ചാർ ജില്ലയിലെ മനോഹരപുർ ഗ്രാമത്തിൽ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. കൊലപാതകക്കേസിൽ ബജ്റംഗദൾ നേതാവ്‌ ധാര സിങ്ങിനെ 2003ൽ ശിക്ഷിച്ചു.

ദാംഗ്‌സുമായി ചേർന്നുകിടക്കുന്ന മധ്യപ്രദേശിലെ ജാബുവ ആയിരുന്നു അടുത്ത ലക്ഷ്യം. ഗുജറാത്തിൽ കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ മോദിയുടെ വർഗീയമായ പ്രചാരണത്തിനുശേഷമാണ്‌ ജാബുവയിൽ വ്യാപകമായ ക്രിസ്‌ത്യൻ വേട്ട നടന്നത്‌. 2003ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ്‌ മോദി എത്തിയത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ഉമാഭാരതിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുകയും ചെയ്‌തു. ആദിവാസികളുടെ സംസ്‌കാരം നശിപ്പിക്കാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്‌ ക്രിസ്‌ത്യാനികൾ എന്നുപറഞ്ഞായിരുന്നു ജാബുവയിലെ ആക്രമണം. ബിജെപി സർക്കാർ അധികാരത്തിൽ വന്ന്‌ ദിവസങ്ങൾക്കുശേഷം 2004 ഫെബ്രുവരിയിലായിരുന്നു ക്രിസ്‌ത്യൻ പള്ളികളും സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെടുകയും അഗ്നിക്ക്‌ ഇരയാക്കപ്പെടുകയും ചെയ്‌തത്‌. 2008ൽ ഒഡിഷയിൽ നടന്ന കന്ദമൽ കലാപമാണ്‌ ക്രിസ്‌ത്യൻ വേട്ടയിൽ ഏറ്റവും വ്യാപകവും സംഘടിതവുമായത്‌. നാനൂറോളം ചെറുതും വലുതുമായ പള്ളികൾ തകർക്കപ്പെട്ടു. 39 ക്രിസ്‌ത്യാനികൾ കൊല്ലപ്പെട്ടു. നാലായിരത്തോളം ക്രസ്‌ത്യാനികളുടെ വീടുകളും അഗ്നിക്ക്‌ ഇരയാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തു. ആർഎസ്‌എസ്‌, വിഎച്ച്‌പി, ബജ്‌റംഗദൾ പ്രവർത്തകരായിരുന്നു ഇതിനുപിന്നിൽ. ക്രിസ്‌ത്യാനികൾക്ക്‌ എതിരെയുള്ള ഈ നീക്കം ഇന്നും ശക്തമാണ്‌. നീതിക്കുവേണ്ടി പൊരുതിയ, പാർക്കിസൻസ്‌ രോഗിയായ ഫാദർ സ്റ്റാൻസ്വാമിയെ ജയിലിലടച്ച്‌ കൊലപ്പെടുത്തിയത്‌ അടുത്തകാലത്താണ്‌.

നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം രാജ്യത്ത്‌ ക്രിസ്‌തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. യുപി, മധ്യപ്രദേശ്‌, ഹരിയാന, ഒഡിഷ, ഛത്തീസ്‌ഗഢ്‌, ബിഹാർ, ജാർഖണ്ഡ്‌, കർണാടകം എന്നിവിടങ്ങളിലാണ്‌ കൂടുതൽ ആക്രമണങ്ങൾ. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്‌തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യൽ എന്നിങ്ങനെ അതിക്രമം നീളുന്നു. ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം പ്രതിവർഷം നൂറിലധികം ആക്രമണമാണ്‌ നടക്കുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെ കണക്കിൽ 2022ൽ 598 ആക്രമണമുണ്ടായി. 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളി തകർത്തു.127 ആക്രമണത്തിൽ 82ഉം സംഘടിത കലാപങ്ങൾക്ക്‌ സമാനമായിരുന്നു.

ക്രിസ്‌‌മസിന്‌ മുന്നോടിയായി 2020ലും 2021ലുമായി 104 ആക്രമണമാണ്‌ നടന്നത്‌. ഛത്തീസ്‌ഗഢിലെ നാരായൺപുരിൽ നൂറുകണക്കിനുപേർ ആയുധങ്ങളുമായി എത്തി പള്ളി ആക്രമിച്ചത് ഈ വർഷമാണ്. ബിജെപി ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ളവരാണ്‌ പ്രതികൾ. ഫെബ്രുവരിയിലാണ്‌ രാജ്യത്തെ എൺപതോളം ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ വൻ പ്രതിഷേധം ഉയർത്തിയത്‌. 21 സംസ്ഥാനത്തിൽ ക്രിസ്‌ത്യാനികൾ അരക്ഷിതരാണ്‌ എന്നാണ്‌ അവർ വിളിച്ചുപറഞ്ഞത്‌. എന്നാൽ, ഇതിൽ കേരളംപെടുന്നില്ല. എത്‌ മതസ്ഥരായാലും സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്ന്‌ കേരളമാണ്‌ എന്നത്‌ ഇവിടത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയുടെ കരുത്താണ്‌ വെളിപ്പെടുത്തുന്നത്‌. സംസ്ഥാനങ്ങളിൽനിന്ന്‌ ആക്രമണസംഭവങ്ങളുടെ റിപ്പോർട്ട് തേടണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെങ്കിലും കേന്ദ്രം അനങ്ങിയില്ല.

ഓർത്തഡോക്‌സ്‌ സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ്‌ തൃതീയൻ കാതോലിക്കാബാവാ തുറന്നുപറഞ്ഞതുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രിസ്‌ത്യൻവേട്ടയ്‌ക്ക്‌ ഒരു കുറവും വന്നിട്ടില്ല. പലയിടത്തും ബിജെപിക്കാരാണ്‌ ആക്രമണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. അപലപിക്കാനോ തള്ളിപ്പറയാനോ കേന്ദ്രം ഭരിക്കുന്ന ബിജെപിയോ പ്രധാനമന്ത്രിയോ മന്ത്രിമാരോ ഇതുവരെയും തയ്യാറായിട്ടില്ല. കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിയും വ്യത്യസ്‌തനല്ല. അവരാണ്‌ ഇപ്പോൾ ക്രിസ്‌ത്യാനികളെ തേടി ഇറങ്ങിയിട്ടുള്ളത്‌. ആട്ടിൻതോലിട്ട ഈ ചെന്നായക്കൂട്ടത്തെ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ക്രിസ്‌ത്യാനികൾക്കുണ്ട്‌. ബിജെപിയുടെ ഈ ഇരട്ടത്താപ്പ്‌ അവർക്ക്‌ തിരിച്ചറിയാനാകും.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.