Skip to main content

സിൽവർ ലൈൻ വരും

വൈകിയാണെങ്കിലും വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കേരളത്തിലെ പാളങ്ങളിലൂടെയും ഓടാൻ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ പ്രധാനമന്ത്രി മോദി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത്‌ കേരളത്തിലൂടെ സർവീസ്‌ ആരംഭിക്കും. നാലുവർഷംമുമ്പ്‌ 2019 ഫെബ്രുവരി പതിനഞ്ചിനാണ്‌ ആദ്യത്തെ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയത്‌. ഡൽഹിയിൽനിന്ന്‌, പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രതിനിധാനംചെയ്യുന്ന വാരാണസിയിലേക്കായിരുന്നു ആദ്യത്തെ വന്ദേഭാരത്‌ ഓടിയത്‌. നാലുവർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ കേരളത്തിന്‌ അർഹമായ ഈ ട്രെയിൻ ലഭിക്കുന്നത്‌. സിൽവർ ലൈൻ പ്രോജക്ടിനു വേണ്ടി കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സമ്മർദം ശക്തമാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ വന്ദേഭാരത്‌ കേരളത്തിന്‌ ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന്‌ നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത്‌ വൈകിയാണെങ്കിലും ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്‌. കേരളത്തിന്റെ വികസനത്തിൽ താൽപ്പര്യമുള്ള സിപിഐ എം പൂർണമനസ്സോടെ തന്നെ വന്ദേഭാരത്‌ എക്‌സ്‌പ്രസിനെയും സ്വാഗതം ചെയ്യുകയാണ്‌.

എന്നാൽ, കേരളത്തിലെ റെയിൽ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ വന്ദേഭാരത്‌ എന്ന വാദത്തോട്‌ ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. ശാസ്‌ത്രസാങ്കേതിക വിദ്യയുടെ വികാസം റെയിൽവേയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്‌. പുക തുപ്പുന്ന, കൂകിപ്പായുന്ന ആവി എൻജിനുകളുള്ള തീവണ്ടിയല്ല ഇന്ന്‌ ഓടുന്നത്‌. ഡീസൽ, ഇലക്‌ട്രിക് എൻജിനുകളാണ്‌ അവയ്‌ക്കുള്ളത്‌. മീറ്റർ ഗേജുകൾ ബ്രോഡ്‌ ഗേജുകളായി മാറിയിരിക്കുന്നു. ബോഗികളിലും വലിയ മാറ്റം വന്നിരിക്കുന്നു. രാജധാനി, ശതാബ്‌ദി ട്രെയിനുകളും വന്നു. ഇതിന്റെ തുടർച്ചയാണ്‌ വന്ദേഭാരതും. അതായത്‌ റെയിൽവേയിൽ ഉണ്ടായിട്ടുള്ള ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ഭാഗമായി ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന സെമി ഹൈ സ്‌പീഡ്‌ ട്രെയിനാണ്‌ വന്ദേഭാരത്‌. ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയിൽ അത്‌ ലഭിക്കേണ്ടത്‌ കേരളത്തിന്റെ ന്യായമായ അവകാശമാണ്‌. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിൻ. ഫെഡറൽ സംവിധാനത്തിനോട്‌ ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്‌ അത്‌ കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്‌.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക്‌ പകരമായാണ്‌ കേന്ദ്ര സർക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാൻ വിയർക്കുന്നത്‌. 160 കിലോമീറ്റർവരെ വേഗത്തിലോടാൻ കഴിയുന്നതാണ്‌ വന്ദേഭാരത്‌. എന്നാൽ, ആ വേഗത്തിൽ കേരളത്തിൽ ഓടാൻ കഴിയില്ലെന്ന്‌ ട്രയൽ റൺ തെളിയിച്ചു. ആദ്യ ട്രയൽ റണ്ണിൽ ശരാശരി വേഗം 70 കിലോമീറ്റർമാത്രം. ഒരു വിവരാവകാശരേഖ വ്യക്തമാക്കിയത്‌, ഇന്ത്യയിൽ വന്ദേഭാരതിനുള്ള ശരാശരി വേഗം 83 കിലോമീറ്റർ മാത്രമാണ്‌ എന്നാണ്‌. അതുപോലും കേരളത്തിൽ നേടാനായിട്ടില്ല. കൈവരിക്കാവുന്ന വേഗത്തിന്റെ പകുതിപോലും ശരാശരി വേഗം നേടാൻ വന്ദേഭാരതിന്‌ കേരളത്തിൽ കഴിയില്ലെന്ന്‌ വ്യക്തമായി. തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂരിലേക്ക്‌ ഏഴു മണിക്കൂർ 10 മിനിറ്റ്‌ കൊണ്ടാണ്‌ വന്ദേഭാരത്‌ ഓടിയെത്തിയത്‌. അതായത്‌ രാജധാനിയേക്കാൾ 47 മിനിറ്റ്‌ ലാഭംമാത്രമാണ്‌ വന്ദേഭാരതിലൂടെ ലഭിക്കുന്നത്‌. എന്താണ്‌ ഇതിനു കാരണം. അതിവേഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത്‌ എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ്‌ നമുക്ക്‌ ഉള്ളത്‌.

തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ 626 വളവുണ്ട്‌. ഇത്‌ നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആർജിക്കാവുന്ന വേഗത നേടാൻ കഴിയില്ല. ഈ വളവുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ്‌ ഈ മേഖലയിൽ ഏറെ അറിവുള്ള ഇ ശ്രീധരൻതന്നെ പറയുന്നത്‌. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിയും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത്‌ 80 – 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത്‌ തനി വിഡ്ഢിത്തമാണെന്നും ബിജെപി നേതാവുകൂടിയായ ഇ ശ്രീധരൻ പറയുകയുണ്ടായി.

കേരളത്തിലെ റെയിൽവേയുടെ ഈ പരാധീനതയ്‌ക്ക്‌ കാരണം വർഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്‌. കേന്ദ്രം ഭരിക്കുന്ന കക്ഷികൾ അത്‌ കോൺഗ്രസ്‌ ആയാലും ബിജെപി ആയാലും തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട്‌ കടുത്ത അവഗണനയാണ്‌ കാട്ടിയത്‌. വേഗത്തിലോടാനുള്ള പാളങ്ങൾ ഒരുക്കാൻ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന്‌ ലഭിച്ചില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട കോച്ച്‌ ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെർമിനൽ, ചേർത്തല വാഗൺ ഫാക്ടറി എന്നിവ വാഗ്‌ദാനത്തിൽ ഒതുങ്ങി. കേരളത്തിന്‌ ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന്‌ മാത്രമല്ല, പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവർന്നുകൊണ്ട്‌ സേലം ഡിവിഷന്‌ രൂപംനൽകുകയും ചെയ്‌തു. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, പാതകളുടെ ആധുനികവൽക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട്‌ കടുത്ത അവഗണനയാണ്‌ കേന്ദ്ര സർക്കാരുകൾ കാട്ടിയിട്ടുള്ളത്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ബജറ്റ്‌. രാജ്യത്താകെ പുതിയ പാതകൾക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന്‌ അനുവദിച്ചത്‌ 0.31 ശതമാനം മാത്രമാണ്‌. കേരളത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ഇത്‌.

ഞാൻ നേരത്തേ സൂചിപ്പിച്ച ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ആനുകൂല്യം ഉപയോഗിച്ചാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സിൽവർ ലൈൻ പ്രോജക്ട്‌ മുന്നോട്ടുവച്ചത്‌. വന്ദേഭാരത്‌ എക്‌സ്‌പ്രസിനേക്കാളും ഒരുപടി കൂടി മുന്നിൽ നിൽക്കുന്നതാണ്‌ സിൽവർ ലൈൻ. അതിവേഗ ട്രെയിൻ അനുവദിച്ചെങ്കിലും അത്‌ ഓടിക്കാനുള്ള അതിവേഗ പാതയില്ലെന്ന യാഥാർഥ്യം ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും. ഇത്‌ അറിയുന്നതുകൊണ്ടാണ്‌ പിണറായി വിജയൻ സർക്കാർ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്‌. നിലവിലുള്ള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന്‌ 10 വർഷമെങ്കിലും വേണ്ടിവരുമെന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. അതിലും കുറച്ചു സമയം മതിയാകും സിൽവർ ലൈൻ യാഥാർഥ്യമാക്കാൻ. ഇതിനായി പുതിയ പാളം തന്നെ നിർമിക്കുന്നതിനാൽ വിഭാവനം ചെയ്യുന്ന വേഗം കൈവരിക്കാൻ കഴിയും. വന്ദേഭാരതിന്റെ പകുതി സമയംകൊണ്ട്‌ സിൽവർ ലൈൻ വണ്ടികൾ ലക്ഷ്യസ്ഥാനത്ത്‌ എത്തും. മാത്രമല്ല, വന്ദേഭാരത്‌ പരിമിതമായ സർവീസുകളാണ്‌ ഉള്ളതെങ്കിൽ സിൽവർ ലൈൻ 20 മിനിറ്റിൽ ഒരു സർവീസുണ്ടാകും. കേരളത്തിലെ ഏതു നഗരത്തിൽനിന്നും രാവിലെ പുറപ്പെട്ട്‌ വൈകിട്ട്‌ മടങ്ങിയെത്താൻ ഈ സർവീസ്‌ ഉപയോഗിക്കുന്നവർക്ക്‌ കഴിയും. മാത്രമല്ല, വന്ദേഭാരതിനേക്കാൾ ടിക്കറ്റ്‌ നിരക്ക്‌ കുറവാണുതാനും. അതായത്‌ സിൽവർ ലൈനിന്‌ ഒരുതരത്തിലും വന്ദേഭാരത്‌ പകരമാകില്ല.

എന്നാൽ, വന്ദേഭാരത്‌ വന്നതോടെ പിണറായി സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി മരിച്ചെന്ന്‌ ചിലർ ഉദ്‌ഘോഷിക്കുകയാണ്‌. എം വി ഗോവിന്ദന്റെ ദിവാസ്വപ്‌നമായി സിൽവർ ലൈൻ പദ്ധതി അവശേഷിക്കുമെന്നുവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ തട്ടിവിട്ടു. ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി തകർന്നുകാണാനുള്ള അമിതാവേശമാണ്‌ ആ വാക്കുകളിൽ നിറഞ്ഞുതുളുമ്പിയത്‌. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാൻ ബിജെപിക്ക്‌ എന്നല്ല കേന്ദ്ര സർക്കാരിനും കഴിയില്ലെന്ന്‌ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ കൂടെയിരുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്‌ പറഞ്ഞത്‌ സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ്‌. നിലവിലുള്ള ഡിപിആർ പ്രായോഗികമല്ല എന്നുമാത്രമാണ്‌ റെയിൽ മന്ത്രാലയം പറഞ്ഞതെന്നും സമഗ്ര പദ്ധതി സമർപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും റെയിൽ മന്ത്രി വിശദീകരിക്കുകയുണ്ടായി. ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക്‌ അംഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകും. രാഷ്ട്രീയ തിമിരം ബാധിച്ചവർക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന്‌ തോന്നുകയുള്ളൂ. കേരളത്തിലെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്‌. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാം. ദേശീയപാതയും ഗെയിൽ പദ്ധതിയും യാഥാർഥ്യമാക്കിയ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിയും യാഥാർഥ്യമാക്കും.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.