ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളന്വേഷിക്കാനുള്ള ആഹ്വാനമാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. സ്വാഭാവികമായി ജീർണ്ണിക്കാത്തതിനാൽ പ്ലാസ്റ്റിക് ഭൂതലത്തിൽ കെട്ടിക്കിടക്കുകയും പരിസ്ഥിതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതിന്റെ ഭാഗമായി ധാരാളം പ്രതിസന്ധികൾ ലോകം നേരിടുന്ന സമയമാണിത്. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെയും മാലിന്യ സംസ്കരണം ശാസ്ത്രീയവും ജനകീയവുമാക്കുന്നതിലൂടെയും മാത്രമേ ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുകയുള്ളൂ.
നവലിബറൽ സാമ്പത്തിക ക്രമം കൊണ്ടുവരുന്ന ഉപഭോഗസംസ്കാരത്തിന്റെ ഉപോല്പന്നമാണ് രൂക്ഷമാകുന്ന മാലിന്യ പ്രശ്നം. മാലിന്യ സംസ്കരണത്തിനായുള്ള ജനകീയ ഇടപെടലുകൾ വർദ്ധിപ്പിച്ചുകൊണ്ട് മാത്രമേ ഇതിനെ മറികടക്കാനാകൂ. ഇതിനായി ഹരിതകേരളം മിഷൻ അടക്കമുള്ള വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. അവയെ കൂടുതൽ ശക്തിപ്പെടുത്തി പ്രകൃതിയെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്ക് കൈമാറാൻ സാധിക്കേണ്ടതുണ്ട്. ഈ പരിസ്ഥിതി ദിനം അതിനുള്ള ഓർമപ്പെടുത്തലാകട്ടെ.