Skip to main content

പരാജിതന്റെ പ്രതികാരബുദ്ധിയാണ് മലയാള മനോരമയ്ക്ക്

മലയാള മനോരമ പത്രത്തിൽ കഴിഞ്ഞ ദിവസം പപ്പടം ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത കൗതുകത്തോടയാണ് നോക്കിയത്. അഞ്ചരക്കോടി രൂപയുടെ പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചപ്പോഴാണത്രെ പപ്പടം ഇത്ര ഭീകരനാണെന്ന് മനോരമ തിരിച്ചറിഞ്ഞത്. എന്തായാലും പപ്പടം ഒരു ഭീകരജിവിയാണെന്ന് അറിഞ്ഞപ്പോഴെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും ആ ഭീകരത വെളിപ്പെടുത്താനും തയ്യാറാകുമെന്നായിരുന്നു പ്രതീക്ഷ. കുറഞ്ഞപക്ഷം അവരുടെ തന്നെ വാർത്തകളിലൂടെ കണ്ണോടിച്ചാലെങ്കിലും പപ്പടം ഒരു ചെറിയ മീനല്ല എന്നെങ്കിലും മനസിലാക്കണമായിരുന്നു.
ഇനി കാര്യത്തിലേക്ക് വരാം. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ലസ്റ്ററിൽ മാത്രം പ്രതിവർഷം 600 കോടി രൂപയുടെ പപ്പടം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. നൂറോളം യൂണിറ്റുകളുള്ള ഈ ക്ലസ്റ്റർ വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കാൻ സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. അതായത് അഞ്ചരക്കോടി രൂപ മുതൽ മുടക്കിൽ ഇപ്പോഴുള്ള ഈ ക്ലസ്റ്റർ വികസിപ്പിക്കുന്നതോടെ ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇപ്പോഴുള്ള 600 കോടിയിൽ നിന്ന് 150 കോടി രൂപ കൂടി വർധിച്ച് 750ലധികം കോടി രൂപയുടെ പപ്പട നിർമ്മാണമാണ്. ഇതോടൊപ്പം തന്നെ ഇപ്പോഴുള്ള തൊഴിലിനേക്കാൾ നൂറുകണക്കിന് തൊഴിലും ലഭ്യമാകും.
പപ്പടം ക്ലസ്റ്റർ പൂർത്തിയാകുന്നതോടെ പപ്പട നിർമ്മാണത്തിലുള്ള ചിലവ് കുറയും. അതിനായി കോമൺ ഫെസിലിറ്റി സെൻ്ററിൽ നിന്ന് സഹായം ലഭിക്കും. ഓരോരുത്തരും ഉഴുന്ന് പൊടിച്ച് മിക്സ് ചെയ്ത് അത് പപ്പടമാക്കുന്നതിന് പകരം ഒരു സ്ഥലത്തുനിന്ന് ഉഴുന്ന് പൊടിച്ച് ലഭ്യമാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നതിൻ്റെ ഭാഗമായി ക്വാളിറ്റി നമുക്ക് ഉറപ്പ് വരുത്താൻ സാധിക്കും. ചില പപ്പടം എണ്ണയിലിട്ടാലും നല്ല രീതിയിൽ ആകാത്തതും, വശങ്ങളിലുൾപ്പെടെ ഒരു മേന്മ കാണാത്തതുമായിട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഒരേ ക്വാളിറ്റി ഉള്ള പപ്പടം ഉറപ്പ് വരുത്താനും സാധിക്കും. യന്ത്രസഹായത്തോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ എന്നതിനാൽ ഉൽപാദനം വർധിക്കും. പൊതുവേ പപ്പടത്തിന് കേരളത്തിൽ നല്ല മാർക്കറ്റാണ്. നല്ല പപ്പടത്തിന് കൂടുതൽ ഡിമാൻ്റ് ഉണ്ടാകും. ഇത് പപ്പടം ക്ലസ്റ്ററുകളിൽ ഉണ്ടാക്കുന്ന പപ്പടങ്ങൾക്ക് ഗുണകരമാകും.
കെ-പപ്പടം എന്നാണോ പപ്പടത്തിൻ്റെ പേര് എന്നാണ് മനോരമയെ കുഴയ്ക്കുന്ന മറ്റൊരു ചോദ്യം. ചുവപ്പ് കാണുമ്പോൾ മാത്രം ഹാലിളകിയിരുന്ന കേരള വിരുദ്ധ മുന്നണിക്കാർക്ക് ഇപ്പോൾ ‘കെ’ എന്ന അക്ഷരം കാണുമ്പോഴും വിറളി പിടിക്കുകയാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. പക്ഷേ ഈ ചോദ്യത്തിനുത്തരമായി ഒന്ന് പറയാനുണ്ട്. പപ്പടം ക്ലസ്റ്ററിലുണ്ടാക്കുന്ന പപ്പടം കേരള ബ്രാൻ്റ് പപ്പടമായിരിക്കും. ‘മെയ്ഡ് ഇൻ കേരള പപ്പടം, സേഫ് റ്റു ഈറ്റ്’ ലേബലിൽ ഇറങ്ങുന്ന പപ്പടം ‘കെ-സ്റ്റോറുകളിൽ’ വിൽക്കുന്നതിന് അവസരമൊരുക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം പൊതുവിതരണ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനൊപ്പം തന്നെ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റുകളിൽ മെയിഡ് ഇൻ കേരള കോർണർ സൃഷ്ടിച്ചുകൊണ്ട് നമ്മുടെ പപ്പടമുൾപ്പെറ്റെ കേരളത്തിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേകമായി ഒരു സ്ഥലം ലഭ്യമാക്കും. കേരള ബ്രാൻ്റിൻ്റെ ഭാഗമായി ഇവിടെ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ കേരള ബ്രാൻ്റ് പപ്പടങ്ങൾ ലഭിക്കുന്നതിനായി ‘കെ-ഫോൺ’ വഴി ലഭിച്ചിട്ടുള്ള ഇൻ്റർനെറ്റും ഉപയോഗപ്പെടുത്താവുന്നതാണ്.
2024 ഫെബ്രുവരി മാസത്തിൽ പപ്പടം ക്ലസ്റ്റർ പൂർത്തിയാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ‘പപ്പടം ക്ലസ്റ്റർ പപ്പടം പോലെ പൊടിഞ്ഞു’ എന്നൊരു വാർത്ത ഇപ്പൊഴേ മനോരമയുടെ അച്ചിൽ നിരന്നുക്കാണുമല്ലോ? ‘പ്രതിമാസം 1,55,000 രൂപ വരെ നേടാം; ലാഭകരം ഈ ലഘുസംരംഭം’ എന്ന തലക്കെട്ടോടെ എല്ലാവരും പപ്പട നിർമ്മാണമെന്ന സംരംഭത്തിലേക്ക് കടന്നുവരൂ എന്ന് 2020 ഒക്ടോബർ 1ന് എഴുതിയ മനോരമ 2023 ജൂൺ മാസമെത്തുമ്പോഴേക്ക് പപ്പടം ഇത്ര വലിയ ഭീകരനാണോ എന്ന് സംശയിക്കുന്നെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ. കേരളം നന്നാകരുതെന്ന ദുഷ്ചിന്ത. സംരംഭക വർഷം പോലൊരു പദ്ധതിയെ എഴുതിത്തകർക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ സംരംഭങ്ങൾ വളരുന്നു എന്നറിഞ്ഞ പരാജിതൻ്റെ പ്രതികാരബുദ്ധി.
 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.