ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ പദ്ധതി. വൈജ്ഞാനിക തൊഴിലിൽ തൽപ്പരരായ, പ്ലസ്‌ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകി തൊഴിൽ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS വഴി രജിസ്റ്റർ ചെയ്ത 382 പേരാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 വ്യക്തികളെ കൂടി അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് എല്ലാ പിന്തുണയും പൗരാവകാശവും മനുഷ്യാവകാശവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. അവർ നേരിടുന്ന തൊഴിലില്ലായ്മയും അദൃശ്യതയും ഇല്ലാതാക്കുവാനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളിലൂടെ ജീവിത ഗുണനിലവാരവും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കുവാനും പദ്ധതിയിലൂടെ സാധിക്കും. ഇത് അന്തസോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള പിൻബലമേകും. സർക്കാർ ഒപ്പമുണ്ട്.