ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കയാണ്. 2016ൽ ഇത്തരമൊരു നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ 21-ാം ലോ കമീഷനോട് കേന്ദ്രം ആവശ്യപ്പെട്ടു. ബിജെപിയുടെ തെറ്റായ രാഷ്ട്രീയലക്ഷ്യങ്ങൾക്കായുള്ള ചുവടുവയ്‌പായിരുന്നു അത്. എന്നാൽ, അതീവ സങ്കീർണമായ ഒരു നയംമാറ്റമെന്ന നിലയിൽ സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ അതിനെ ശക്തമായി വിമർശിച്ചു. അതിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധതയുമാണ്, പ്രത്യേകിച്ച് മുസ്ലിം വിരുദ്ധ സമീപനങ്ങളെയാണ് കടുത്ത ഭാഷയിൽ സിപിഐ എം എതിർത്തത്.
ഇത്തരമൊരു നിയമം അനിവാര്യവും അഭികാമ്യവുമല്ലെന്ന നിലയിലാണ് 2018 ആഗസ്‌തിൽ 21-ാം ലോ കമീഷൻ എത്തിച്ചേർന്നത്. എന്നാൽ, പുതിയ ലോ കമീഷൻ വീണ്ടും ഈ വിഷയം മുഖ്യ ചർച്ചയായി കൊണ്ടുവരികയും വിവിധ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ ആരായുകയും ചെയ്‌തിരിക്കയാണ്. ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആരംഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുമുമ്പ് കർണാടകത്തിലെ ബിജെപി സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും അതിന്റെ തുടർച്ചയായി പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്ന പിന്നാക്ക സംവരണ ആനുകൂല്യം കർണാടകത്തിലെ ബിജെപി സർക്കാർ എടുത്തുകളയുകയും ചെയ്‌തു. കർണാടകത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം ഭോപാലിൽ നടന്ന പൊതുയോഗത്തിൽ ഏക സിവിൽ കോഡ് രാജ്യത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2024ലെ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്തെ തീവ്രവർഗീയവൽക്കരണത്തിനായി ഏക സിവിൽ നിയമം മുഖ്യവിഷയമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബ്‌റി മസ്‌ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുക എന്നീ ആർഎസ്‌എസ് അജൻഡകൾ പൂർത്തിയാക്കി, ഏക സിവിൽ നിയമം നടപ്പാക്കി ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തിലേക്ക് സംഘപരിവാർ വേഗത്തിൽ നീങ്ങുന്നു എന്നതാണ് വ്യക്തമാകുന്നത്.
ഭരണഘടനാ ശിൽപ്പികൾ ഭരണഘടനാ നിർമാണസഭയിൽ വിപുലമായ ചർച്ചയ്‌ക്കുശേഷമാണ് ഓരോ വകുപ്പുകളും അംഗീകരിച്ചത്. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം തുടങ്ങി പൊതുവായുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങൾ എല്ലാവർക്കും ബാധകമാക്കിയപ്പോൾത്തന്നെ ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യം ഉൾക്കൊണ്ട് വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാനാണ് തീരുമാനിച്ചത്. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, സിഖ്, പാഴ്‌സി തുടങ്ങിയ മതങ്ങളെപ്പോലെ തന്നെ വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുള്ള നൂറുകണക്കിന് ഗോത്രവിഭാഗങ്ങൾകൂടി ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊണ്ടാണ് അത്തരമൊരു തീരുമാനം എടുക്കാനിടയായത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശങ്ങൾ, പാരമ്പര്യാവകാശങ്ങൾ, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം ഇവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ് വിവിധ വ്യക്തിനിയമങ്ങൾക്ക് അടിസ്ഥാനമായുള്ളത്. സ്വാഭാവികമായും അത്തരം നിയമപരിധിയിൽ വരുന്ന ജനവിഭാഗങ്ങളുടെ സാംസ്‌കാരിക പ്രത്യേകതകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം വ്യക്തിനിയമങ്ങൾ വിവിധ ഘട്ടങ്ങളിൽ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്. 1956ലെ ഹിന്ദുകോഡ് ഈ നിലയിൽ ഹൈന്ദവ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിനിയമങ്ങളിൽ വരുത്തിയ ചില പരിഷ്‌കരണങ്ങളായിരുന്നു. പുരോഗമനപരമായ ഈ പരിഷ്‌കരണങ്ങളെ ഏറ്റവും ശക്തമായി എതിർത്തത് ജനസംഘവും അതിന്റെ നേതാവായ ശ്യാമപ്രസാദ് മുഖർജിയുമായിരുന്നു.
ഇതിനെത്തുടർന്ന് വിവിധ യാഥാസ്ഥിതിക വിഭാഗങ്ങളുടെ സമ്മർദത്തിനു വഴങ്ങി ഹിന്ദുകോഡിനെ നാല് നിയമങ്ങളാക്കി മാറ്റി. അതിൽ സ്‌ത്രീവിരുദ്ധമായ വിവിധ വകുപ്പുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതിവഴി കൃഷിഭൂമിയിലുള്ള സ്‌ത്രീകളുടെ അവകാശങ്ങളിൽ ഭേദഗതി വരുത്തി. സ്‌പെഷ്യൽ മാര്യേജ് ആക്ടും സ്‌ത്രീവിരുദ്ധമായ വിധത്തിൽ പിന്നീട് ഭേദഗതി വരുത്തി.
ഭൂഅവകാശം, പിന്തുടർച്ചാനിയമങ്ങൾ, പാരമ്പര്യസ്വത്തിലെ അവകാശം, കുട്ടികളുടെ രക്ഷാകർതൃത്വം എന്നീ മേഖലകളിൽ ഇപ്പോഴും സ്‌ത്രീവിരുദ്ധമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് പല ഹിന്ദുനിയമങ്ങളും. വിഖ്യാതമായ മേരി റോയ് കേസിൽ പിതൃസ്വത്തിൽ അതുവരെ നിലവിലില്ലാതിരുന്ന സ്വത്തവകാശം സുപ്രീംകോടതി അംഗീകരിക്കുകയുണ്ടായി. ഷാബാനു കേസിലെ സ്‌ത്രീകളുടെ ജീവനാംശം ഉറപ്പാക്കുന്നതരത്തിലുള്ള സുപ്രീംകോടതി വിധിയും വ്യക്തിനിയമങ്ങളിലെ സ്‌ത്രീവിരുദ്ധ ഭാഗങ്ങൾ ചർച്ചയ്‌ക്ക് വിധേയമാക്കാനിടയാക്കി.
മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന് വിവാഹമോചനം സംബന്ധിച്ചുള്ള നിയമവ്യവസ്ഥയിൽ പുതിയ നിയമനിർമാണം ബിജെപി സർക്കാർ കൊണ്ടുവന്നു. സിവിൽ വ്യവഹാരമായിരുന്ന മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി പരിവർത്തനം ചെയ്യിച്ച് ഈ വിഷയത്തിൽ തങ്ങളുടെ മുസ്ലിംവിരുദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായി നിയമനിർമാണത്തെ ബിജെപി മാറ്റി.
വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും കുടുംബനിയമങ്ങളും വ്യക്തിനിയമങ്ങളും പുരുഷാധിപത്യ–- പുരുഷമേധാവിത്വ സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് ഉള്ളത്. ഏക സിവിൽ കോഡ് തിടുക്കത്തിൽ നടപ്പാക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണമോ സമൂഹത്തിൽ സ്‌ത്രീക്ക് തുല്യാവകാശങ്ങളോ ഉറപ്പാക്കാനാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തിനിയമങ്ങളിൽ സ്‌ത്രീയും പുരുഷനും തമ്മിലുള്ള പൂർണമായ തുല്യതാ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, പാരമ്പര്യാവകാശങ്ങൾ, സ്വത്തവകാശം, ദത്ത്, രക്ഷാകർതൃത്വം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് വിവിധ മതസമൂഹത്തിലുള്ള സ്‌ത്രീ– പുരുഷന്മാരുടെ വ്യക്തിപരമായ സാമൂഹ്യജീവിതത്തെ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യ സമീപനങ്ങൾക്ക് എതിരായി അടിസ്ഥാനമാറ്റങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം വളർത്തിയെടുക്കേണ്ടതുമുണ്ട്. കുടുംബത്തെയും സമൂഹത്തെയും ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയിലേക്കുള്ള പ്രാഥമിക ചുവടുവയ്‌പാണ് അതത് സമൂഹത്തിന് അകത്തുനടക്കുന്ന പരിഷ്‌കരണങ്ങൾ. വിവിധ മതസമുദായങ്ങൾക്കുള്ളിൽ നടക്കുന്ന സംവാദത്തിൽനിന്നാണ് പരിഷ്‌കരണത്തിനായുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടത്. അല്ലാതെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മുകളിൽ ഏക സംസ്‌കാരമൂല്യത്തെ അടിച്ചേൽപ്പിക്കാൻ പാടില്ല.
മതനിരപേക്ഷ സങ്കൽപ്പം ഉയർത്തിപ്പിടിക്കുമ്പോൾ മതപരമായും പ്രദേശപരമായും എല്ലാമുള്ള വ്യത്യസ്‌തതകളെ ഭൂരിപക്ഷാഭിപ്രായങ്ങൾക്ക് കീഴ്‌പ്പെടുത്താൻ പാടില്ല. ഇപ്പോൾ ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരവേലകൾ ഇന്നത്തെ സാഹചര്യത്തിൽ ദേശത്തിന്റെ അഖണ്ഡതയ്‌ക്കും യോജിപ്പിനും തടസ്സമുണ്ടാക്കുന്നതാണ്. ഭരണഘടനയുടെ 44-ാം അനുച്ഛേദം പൊതു സിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഈയൊരു കാര്യം മാത്രമല്ല, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മാറ്റിയെടുക്കുന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ അനുച്ഛേദം. സാമൂഹ്യനീതി, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ എല്ലാ നിലയിലുള്ള വളർച്ചയും സംരക്ഷണവും ദേശീയ തലത്തിൽ ഉറപ്പാക്കാൻ കഴിയുന്നതരത്തിൽ ജനക്ഷേമപരമായ കാര്യങ്ങൾ ഉറപ്പാക്കാൻ ദേശീയ സ്ഥാപനങ്ങളെ ആകെ ഉപയോഗപ്പെടുത്തണമെന്നും 44-ാം അനുച്ഛേദം അനുശാസിക്കുന്നു.
സമൂഹത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കി അവസരങ്ങളും സ്ഥാനങ്ങളും എല്ലാ വ്യക്തികൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും ഉറപ്പാക്കാനുള്ള മുൻകൈയാണ് ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇതിലൊന്നും കാര്യമായി ഒന്നുംചെയ്യാതെ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം ബിജെപി അജൻഡയായ ഹിന്ദുത്വവൽക്കരണം തന്നെയാണ്.
വ്യക്തിനിയമത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾത്തന്നെ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും ചർച്ച ചെയ്യേണ്ടതുണ്ട്. ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് ഈയിടെ നടത്തിയ പരിശോധനയിൽ ഹിന്ദുക്കളിൽ 44 ശതമാനത്തിന് കൃത്യമായി വേതനം കിട്ടുന്ന ജോലിയുള്ളപ്പോൾ മുസ്ലിങ്ങളിൽ 29 ശതമാനത്തിനു മാത്രമാണ് കൃത്യമായ വേതനമുള്ള ജോലിയുള്ളത്. 53 ശതമാനം മുസ്ലിങ്ങളും ചെറുകിട ജോലികളിൽ ഏർപ്പെടുന്നവരും കൈവേലക്കാരുമാണ്. എന്നാൽ, ഹിന്ദുക്കളിൽ 36 ശതമാനം പേരാണ് ഈവിധം ജീവിതമാർഗം കണ്ടെത്തുന്നത്. ജനസംഖ്യയിൽ 13 ശതമാനം മുസ്ലിങ്ങളാണ് എങ്കിലും സിവിൽ സർവീസിൽ അവരുടെ പ്രാതിനിധ്യം മൂന്നു ശതമാനം മാത്രമാണ്. 35 ശതമാനത്തിൽ അധികം മുസ്ലിങ്ങൾ ഇപ്പോഴും ഭൂരഹിതരാണ്. ഏക സിവിൽ കോഡിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇത്തരം പിന്നാക്കാവസ്ഥകൾ നമുക്ക് പരിഹരിക്കാനായില്ലെന്നും നിയമ നിർമാണംകൊണ്ട് തുല്യത കൈവരിക്കാനാകില്ലെന്നും വ്യക്തമാകുന്നു.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. കഴിഞ്ഞ ലോ കമീഷൻ നിരവധി പരിശോധനകൾക്കുശേഷം പറഞ്ഞതുപോലെ ഇത്തരമൊരു നിയമം നിലവിലുള്ള സാഹചര്യത്തിൽ അത്യാവശ്യമോ അഭികാമ്യമോ അല്ല. നിയമപരമായ ഏകീകരണത്തെ തുല്യതയായി കാണാനാകില്ല. അതോടൊപ്പംതന്നെ എല്ലാ മതസമുദായത്തിലെയും സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിനായാണ് സിപിഐ എം നിലകൊള്ളുന്നത്. വിവിധ സമുദായങ്ങളിലെ വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ഇതിന് ആവശ്യമായ പരിഷ്‌കരണങ്ങൾ നടക്കേണ്ടതായുണ്ട്. ഇതാകട്ടെ ആ സമുദായത്തിലുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സജീവമായ ജനാധിപത്യ പങ്കാളിത്തത്തിലൂടെയാണ് നടത്തേണ്ടതെന്ന അഭിപ്രായവും സിപിഐ എമ്മിനുണ്ട്. ഒരു തൊഴിലാളിവർഗ പാർടിയെന്ന നിലയിൽ ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന നിലപാടാണ് സിപിഐ എമ്മിന് ഉള്ളത്. ബിജെപിയുടെ അധികാര ആരോഹണവും ഭരണനിർവഹണവും അവർ പ്രകടിപ്പിച്ച ന്യൂനപക്ഷവിരുദ്ധ സമീപനവും മതന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനാണ് ഇടയാക്കിയിട്ടുള്ളത്.
ഏക സിവിൽ കോഡിനായുള്ള ബിജെപിയുടെ കടുത്ത നിലപാട് ന്യൂനപക്ഷങ്ങളിലെ അരക്ഷിതബോധം വർധിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ വളരെയേറെ സാംസ്‌കാരിക വൈവിധ്യമുള്ള സമൂഹത്തിൽ ന്യൂനപക്ഷങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയുമെല്ലാം സാംസ്‌കാരിക സ്വത്വത്തിന്റെ മുകളിൽ ഭൂരിപക്ഷ വർഗീയതയുടെ മൂല്യങ്ങളെ അടിച്ചേൽപ്പിക്കാൻ പാടില്ല. നിയമങ്ങളുടെ ഏകതാന സ്വഭാവം പാടില്ലായെന്നല്ല പക്ഷേ, സാംസ്‌കാരിക വൈവിധ്യത്തെ കാണാതെ അത് അടിച്ചേൽപ്പിക്കുന്നത് ഒട്ടും അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ വളരെ സമഗ്രമായ പരിശോധനകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയുംമാത്രം പൂർത്തിയാക്കേണ്ട ഒന്നിനെ അടിച്ചേൽപ്പിക്കുമ്പോൾ ഇന്നത്തെ സ്ഥിതിഗതികളിൽ അത് തീവ്രഹിന്ദുത്വ അജൻഡയിലേക്കുള്ള ഒരു വലിയ ചുവടുവയ്‌പാണ്.
തിടുക്കത്തിൽ ഒരു ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനു പകരം ഓരോ സമുദായത്തിനകത്തും നടക്കുന്ന ലിംഗനീതി നിഷേധത്തിനെതിരായും സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കുംവേണ്ടിയുള്ള നിയമനിർമാണങ്ങൾ ഉറപ്പാക്കുകയാണ് വേണ്ടത്. ഇതിനായി സ്‌ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തണം. ഇതിനായി എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളിൽ മാറ്റംവരുത്തണം. അത്തരം മാറ്റങ്ങൾക്കായുള്ള ആശയവിനിമയങ്ങൾ വ്യത്യസ്‌ത സമുദായങ്ങൾക്കകത്ത് രൂപപ്പെടുത്തണം. അത്തരത്തിൽ ഉയർന്നുവരുന്ന ആശയസമന്വയത്തിലൂടെ സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പാക്കണമെന്ന നിലപാടാണ് സിപിഐ എമ്മിന് ഉള്ളത്. ഈ നിലപാട് എല്ലാ ഘട്ടത്തിലും സിപിഐ എം ഉയർത്തിപ്പിടിക്കും. ഇത്തരം നിയമപരിഷ്‌കാരങ്ങൾ എല്ലാ മതസാമുദായിക വിഭാഗങ്ങളിലും നടപ്പാക്കേണ്ടതായുണ്ട്. എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കു വേണ്ടിയാണ് സിപിഐ എം നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനായി എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായതും ചടുലവുമായ ജനാധിപത്യമുന്നേറ്റമാണ് ഉണ്ടാകേണ്ടത്.
ഇത്തരം പരിഷ്‌കരണങ്ങളെ ഒഴിവാക്കി ന്യൂനപക്ഷ വിഭാഗങ്ങളെ, വിശേഷിച്ച് മുസ്ലിം ജനസാമാന്യത്തെ അടിച്ചമർത്താൻ ഉതകുന്ന തരത്തിൽ ഭൂരിപക്ഷ ഹിന്ദുമേധാവിത്വം അടിച്ചേൽപ്പിക്കുന്ന ഏക സിവിൽ കോഡാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താൻ സിപിഐ എം മുൻകൈയെടുക്കും.