Skip to main content

പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പരാജയ ഭീതിയിൽ വ്യാപക അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഇത്തവണയും ചോരയിൽ മുക്കിയിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും. അക്രമവും കൊലപാതകവും കൊള്ളയും ബൂത്തുപിടുത്തവുമായി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്. പോളിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ നിരന്തര അക്രമണങ്ങളിലൂടെ സംസ്ഥാനത്ത് ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചിട്ടും ഇലക്ഷൻ കമ്മീഷനോ സംസ്ഥാന സർക്കാരോ അതിക്രമണങ്ങൾക്കും അരാജകത്വത്തിനുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

കൃത്രിമത്വത്തിന് ഇടം നൽകാതെ പോളിംഗ് ശതമാനം ഉടൻ പുറത്തുവിടണമെന്നും പോളിങ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുകയും ബാലറ്റ് പെട്ടികളും അവ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളും സുരക്ഷിതമാക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിടത്ത് എല്ലാ വോട്ടർമാർക്കും സുരക്ഷ നൽകി ഇലക്ഷൻ നടത്തുകയും വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ഇതിനോടകം തന്നെ ബംഗാളിൽ 19 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന്‌ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും തൃണമൂൽ ഗുണ്ടകൾ സിപിഐ എം ഓഫീസുകൾ ആക്രമിച്ച് തകർക്കുകയും നേതാക്കളെയും പ്രവർത്തകരെയും വലിയതോതിൽ ആക്രമിക്കുകയും ചെയ്തു. നിരവധി ഇടങ്ങളിൽ പോളിംഗ് ബൂത്തുകളും സ്ട്രോങ്ങ് റൂമുകളും തൃണമൂലുകാർ നിയന്ത്രണത്തിലാക്കിയിരുന്നു. സംസ്ഥാനത്തെ ആക്രമണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും മർദ്ദനത്തിനിരയായി.

ആക്രമണത്തിലും സുരക്ഷാവീഴ്ചയിലും പ്രതിഷേധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു മുമ്പിൽ ഇടതുമുന്നണി വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായി മുൻ ചീഫ് സെക്രട്ടറി രാജീവ് സിൻഹ ചുമതലയേറ്റ്‌ ഒരു ദിവസത്തിനുള്ളിൽ സർവകക്ഷിയോഗം പോലും വിളിക്കാതെ സർക്കാർ നിർദേശാനുസരണം ഏകപക്ഷീയമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സീറ്റ്‌ ലഭിക്കാത്ത തൃണമൂൽ നേതാക്കളിൽ നിരവധി പേർ ബിജെപിയിൽ ചേർന്നിരുന്നു. തൃണമൂലിനുള്ളിൽ ഗ്രൂപ്പുപോര് രൂക്ഷമായതും അക്രമങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര സേനയെ നിയോഗിക്കണമെന്നും എല്ലാ ബൂത്തിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചിരുന്നു. അക്രമികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ഗവർണർ സി വി ആനന്ദബോസും ആവശ്യപ്പെട്ടിരുന്നു.

തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തുക, ആക്രമണവും കൊള്ളയടിയും അവസാനിപ്പിച്ച് ജനകീയ പഞ്ചായത്തുകൾ രൂപീകരിക്കുക, അധികാരം ജനങ്ങളിലെത്തിക്കുക, അഴിമതിരഹിത പഞ്ചായത്തുകൾ കാര്യക്ഷമമാക്കുക, ജനാധിപത്യം സംരക്ഷിക്കുക, ജനകീയ അധികാരം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അക്രമണങ്ങൾക്കിടയിലും നിലവിലെ ഭരണത്തിൽ അസംതൃപ്തരായ ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിൽ എത്തിയത് പ്രതീക്ഷ നൽകുന്നു.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.