Skip to main content

ബിജെപിയുടെ സ്വേച്ഛാ‌ധിപത്യ സർക്കാരിനെതിരെ മതനിരപേക്ഷതയുടെ വൻമതിൽ തീർക്കേണ്ട കോൺഗ്രസ് അവർക്കു മുമ്പിൽ ദയനീയമായി കീഴടങ്ങുന്നു

ഏക സിവിൽ കോഡ്‌ വിഷയം കേരളത്തിൽ ഇന്ന്‌ സജീവ ചർച്ചാ വിഷയമാണല്ലോ. സിപിഐ എം 15ന്‌ കോഴിക്കോട്ട്‌ ഈ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്‌ ഈ പശ്ചാ‌ത്തലത്തിലാണ്‌. ഏക സിവിൽ കോഡ്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ ധൃതിപിടിച്ച്‌ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം എതിർക്കാനാണ്‌ സിപിഐ എം തീരുമാനം. കശ്‌മീർമുതൽ കന്യാകുമാരിവരെയുള്ള സിപിഐ എം ഘടകങ്ങൾക്കും അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഒരു നയമേയുള്ളൂ. എന്നാൽ, കോൺഗ്രസിന്റെ സ്ഥിതി വ്യത്യസ്‌തമാണ്‌. കേരളത്തിൽ കൈക്കൊള്ളുന്ന സമീപനമല്ല കേന്ദ്ര നേതൃത്വത്തിന്‌. ഹിന്ദി സംസ്ഥാനങ്ങളിലാകട്ടെ പൂർണമായും ഏക സിവിൽ കോഡിന്‌ അനുകൂലമാണ്‌ കോൺഗ്രസ്‌ എന്ന്‌ വ്യക്തമാക്കുന്ന നേതാക്കളുടെ പ്രസ്‌താവനകളും മറ്റും ഇതിനകം പൊതുസമൂഹത്തിൽ ചർച്ചയായി കഴിഞ്ഞു.
കോൺഗ്രസ്‌ ഭരണം നടത്തുന്ന ഹിമാചൽപ്രദേശിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങ് മോദിസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിനെ പിന്തുണച്ച്‌ രംഗത്തെത്തുകയുണ്ടായി. ഹിമാചലിലെ ഒരു പ്രമുഖ കോൺഗ്രസ്‌ കുടുംബത്തിൽ നിന്നുള്ളയാളാണ്‌ വിക്രമാദിത്യ സിങ്. ഒമ്പതു തവണ നിയമസഭയിലേക്കും അഞ്ചു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയും 21 വർഷം മുഖ്യമന്ത്രിയായി ഭരണം നടത്തുകയും ചെയ്‌ത വീരഭദ്ര സിങ്ങിന്റെയും ലോക്‌സഭാംഗം പ്രതിഭ സിങ്ങിന്റെയും മകനായ വിക്രമാദിത്യ സിങ്ങാണ്‌, ബിജെപി വർഗീയധ്രുവീകരണം ലക്ഷ്യമാക്കി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ലിനെ സ്വാഗതം ചെയ്‌തത്‌. ഇത്‌ തെറ്റാണെന്നു പറയാൻ കോൺഗ്രസിന്റെ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനർഥം വിക്രമാദിത്യ സിങ്ങിന്റെ അഭിപ്രായംതന്നെയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിനും ഉള്ളതെന്നല്ലേ? കേരളത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ എഐസിസി അനുവാദം നൽകിയിരിക്കുന്നു എന്നാണ്‌ കെപിസിസി നേതൃത്വം പറയുന്നത്‌. അതിനർഥം മറ്റിടങ്ങളിൽ ഇതേ നയമല്ല എന്നല്ലേ? ബിജെപിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാ‌ധിപത്യ സർക്കാരിനെതിരെ മതനിരപേക്ഷതയുടെ വൻമതിൽ തീർക്കേണ്ട കോൺഗ്രസാണ്‌ അവർക്കു മുമ്പിൽ ദയനീയമായി കീഴടങ്ങുന്നത്‌. ജവാഹർലാൽ നെഹ്‌റുവിനെപ്പോലും ആർഎസ്‌എസ്‌ പാളയത്തിൽ കെട്ടിയിടാനും ഗോൾവാൾക്കർക്ക്‌ ആദരമർപ്പിക്കാനും മടിയില്ലാത്ത നേതൃത്വമാണ്‌ കേരളത്തിൽ ഉൾപ്പെടെ കോൺഗ്രസിനുള്ളത്‌.

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ ചെറുക്കാൻ കഴിയുമെന്ന അന്ധവിശ്വാസമാണ്‌ ഇന്ന്‌ കോൺഗ്രസിനെ ഭരിക്കുന്നത്‌. മൃദുഹിന്ദുത്വംകൊണ്ട്‌ കോൺഗ്രസ്‌ ജയിക്കുമായിരുന്നെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ്‌ സ്ഥിതി മെച്ചപ്പെടുത്തുമായിരുന്നു. 2017ൽ ഏഴ്‌ സീറ്റുണ്ടായിരുന്നിടത്ത്‌ 2022ൽ രണ്ട്‌ സീറ്റ്‌ മാത്രമാണ്‌ കോൺഗ്രസിന്‌ ലഭിച്ചത്‌. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ക്ഷേത്രസന്ദർശനങ്ങളും ‘പൂണൂലിട്ട ബ്രാഹ്മണനും ശിവഭക്തനുമാണ്‌’ താനെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയും ഒരു ഗുണവും ചെയ്‌തില്ലെന്നു മാത്രമല്ല, അവർക്ക്‌ ദോഷമാകുകയും ചെയ്‌തു. ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയുണ്ടായി. എന്നിട്ടും കോൺഗ്രസ്‌ ഒരു പാഠവും പഠിക്കുന്നില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന മധ്യപ്രദേശിലെയും ഛത്തീസ്‌ഗഢിലെയും സമീപനം വ്യക്തമാക്കുന്നു. ഉദാഹരണം നിരവധിയുണ്ടെങ്കിലും ചിലതുമാത്രം ഇവിടെ സൂചിപ്പിക്കാം.

ജൂൺ ആറിനാണ്‌ ഭോപാലിലെ കോൺഗ്രസ്‌ ഓഫീസിൽവച്ച്‌ ബജ്‌റംഗ്‌ സേന എന്ന സംഘടന കോൺഗ്രസിൽ ലയിച്ചത്‌. രാമജന്മഭൂമി പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കുകയും ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥിനായി സജീവ പ്രചാരണം നടത്തുകയുംചെയ്‌ത ഹിന്ദുത്വ സംഘടനകളിൽ ഒന്നാണ്‌ ബജ്‌റംഗ്‌ സേന. സംഘപരിവാർ സംഘടനയായ ബജ്‌റംഗ്‌ദളിന്‌ തീവ്രത പോരെന്ന്‌ ആരോപിച്ച്‌ ആ സംഘടനയോട്‌ വിടപറയുകയും തീവ്രഹിന്ദുത്വ അജൻഡ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌ത സംഘടനയാണ്‌ ബജ്‌റംഗ്‌ സേന. ഈ സംഘടനയുടെ പ്രധാന നേതാവ്‌ രൺവീർ പട്ടേരിയയെും സെക്രട്ടറി രാംശങ്കർ മിശ്രയെയും ഗദ നൽകിക്കൊണ്ടാണ്‌ മധ്യപ്രദേശ്‌ കോൺഗ്രസ്‌ അധ്യക്ഷൻ കമൽനാഥ് സ്വീകരിച്ചത്‌. ഇത്‌ കോൺഗ്രസ്‌ ഓഫീസ്‌ തന്നെയോ എന്ന്‌ സംശയമുണർത്തുന്ന രീതിയിൽ അന്നേദിവസം ഭോപാലിലെ കോൺഗ്രസ്‌ ആസ്ഥാനം കാവിയിൽ മുങ്ങിയെന്നും എങ്ങും ഉയർന്നുകേട്ടത്‌ ജയ്‌ ശ്രീരാം വിളികളായിരുന്നെന്നും ഒരു മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു.

ആരാണ്‌ ഈ രൺവീർ പട്ടേരിയയും രാംശങ്കർ മിശ്രയുമെന്ന്‌ അറിഞ്ഞാലേ അദ്ദേഹത്തെ ഗദ നൽകി സ്വീകരിച്ച കോൺഗ്രസിന്റെ അധഃപതനം വ്യക്തമാകൂ. 2025 ഓടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്ന്‌ ആവർത്തിച്ച്‌ അണയിടുന്നവരാണ്‌ ഇവർ. ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാലേ പരമാധികാരം സംരക്ഷിക്കാനാകൂയെന്ന്‌ ഉറച്ചുവിശ്വസിക്കുന്നവർ. മുസ്ലിം ജിഹാദിനെ ചെറുക്കാൻ ഹിന്ദു ജിഹാദ്‌ എന്ന ആശയം പലപ്പോഴായി മുന്നോട്ടുവച്ചവർ. മധ്യപ്രദേശിൽ ഹിന്ദുത്വരാഷ്ട്രവാദവും ബുൾഡോസർ രാഷ്ട്രീയത്തെയും പിന്തുണയ്‌ക്കുന്ന ഭാഗേശ്വർ ധാമിലെ ധീരേന്ദ്ര കൃഷ്‌ണ ശാസ്‌ത്രിയെ ഗുരുവും ദൈവവുമായി കാണുന്നവർ. ‘അധികാരത്തിനുവേണ്ടി മതനിരപേക്ഷത എന്ന ആശയവും മുദുഹിന്ദുത്വ സമീപനംപോലും കോൺഗ്രസ്‌ ഉപേക്ഷിച്ചുവെന്ന്‌ തോന്നുന്നു. ഹിന്ദുത്വയുടെ തീവ്രമുഖത്തെ വാരിപ്പുണരാൻ കോൺഗ്രസ്‌ തിടുക്കം കാട്ടുകയാണെന്ന്‌’ദീപക്‌ ഗോസ്വാമിയെന്ന മാധ്യമപ്രവർത്തകൻ ‘ദ വയറിൽ’ എഴുതി. അധികാരക്കൊതി മൂത്ത കോൺഗ്രസ്‌ മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ ഒരുമടിയും കാട്ടുന്നില്ലെന്ന്‌ സാരം. ബിജെപി രാമഭക്തിയാണ്‌ മുന്നോട്ടുവയ്‌ക്കുന്നതെങ്കിൽ കമൽനാഥ്‌ ഹനുമാൻഭക്ത വേഷം കെട്ടിയാണ്‌ ബിജെപിയെ എതിരിടുന്നത്‌.

ഇതേ കമൽനാഥാണ്‌ രണ്ടുവർഷംമുമ്പ്‌ ഗാന്ധിജിയെ വധിച്ച ഗോഡ്‌സേക്ക്‌ അമ്പലം നിർമിച്ച ഹിന്ദു മഹാസഭാ നേതാവ്‌ ബാബുലാൽ ചൗരസ്യയെ കോൺഗ്രസിലെടുത്തത്‌. അന്നത്‌ മധ്യപ്രദേശ്‌ കോൺഗ്രസിൽ ചില അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇന്ന്‌ തീവ്രഹിന്ദുത്വത്തിലേക്ക്‌ വഴിമാറുന്ന മധ്യപ്രദേശ്‌ കോൺഗ്രസിൽ പേരിനുപോലും മുറുമുറുപ്പ്‌ ഉയരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സർക്കാർ വീണത്‌ കോൺഗ്രസിൽ മതനിരപേക്ഷതയും ഹിന്ദുത്വവും തമ്മിലുള്ള അതിർവരമ്പ്‌ വളരെ നേർത്തതായതിനാലാണ്‌. ഇപ്പോൾ ആ നേരിയ വ്യത്യാസംപോലും ഇല്ലാതായിരിക്കുന്നു. അയോധ്യയിൽ ശിലാന്യാസത്തിന്‌ അനുമതി നൽകിയ ബാബ്‌റി മസ്‌ജിദ്‌ തകർക്കുന്നത്‌ നിശ്ശബ്ദമായി നോക്കിനിന്ന കോൺഗ്രസ്‌, ഭരണഘടനയിലെ 370 –-ാം വകുപ്പ്‌ റദ്ദാക്കി കശ്‌മീരിനുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞപ്പോൾ അതിനെ തുറന്നെതിർക്കാൻ തയ്യാറായില്ല. 370–-ാം വകുപ്പ്‌ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന്‌ ഇതുവരെയും പറയാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. അതായത്‌ ആർഎസ്‌എസ്‌ –-ബിജെപി കൂട്ടുകെട്ടിന്റെ ഹിന്ദുത്വരാഷ്ട്ര നിർമാണത്തിന്റെ ചവിട്ടുപടികളായ മൂന്ന്‌ മുദ്രാവാക്യത്തിൽ‐ രാമക്ഷേത്ര നിർമാണവും കശ്‌മീരിനുള്ള പ്രത്യേക പദവി റദ്ദാക്കലും‐ ഒരു പ്രതിഷേധവും ഉയർത്താതെ അനുവദിച്ചുകൊടുത്തവരാണ്‌ കോൺഗ്രസ്‌ പാർടി. ഇപ്പോഴിതാ മൂന്നാമത്തെ മുദ്രാവാക്യമായ ഏക സിവിൽ കോഡ്‌ നടപ്പാക്കാൻ മോദി സർക്കാർ അതിവേഗം നീങ്ങുമ്പോൾ അതിനെതിരെ ദേശവ്യാപകമായി പ്രതിഷേധമുയർത്തേണ്ടവർ അത്‌ ചെയ്യാതെ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്‌. കോൺഗ്രസ്‌ ബിജെപിയുടെ വർഗീയ അജൻഡയെ ചെറുക്കുമെന്ന്‌ എങ്ങനെ വിശ്വസിക്കാനാകും. മതനിരപേക്ഷത സംരക്ഷിക്കാൻ ഇവർ മുന്നിട്ടിറങ്ങുമെന്നതിന്‌ എന്താണ്‌ ഗ്യാരന്റി. കോൺഗ്രസിലെയും യുഡിഎഫിലെയും മതനിരപേക്ഷ കക്ഷികൾ ആഴത്തിൽ ആലോചിക്കേണ്ട വിഷയങ്ങളാണ്‌ ഇതൊക്കെ. ഞങ്ങൾക്ക്‌ ഒന്നേ പറയാനുള്ളൂ. ആർഎസ്‌എസ്‌‐ ബിജെപിയുടെ ഏതു വർഗീയധ്രുവീകരണ നീക്കത്തെയും ഹിന്ദുത്വരാഷ്ട്ര നിർമാണത്തെയും എല്ലാ ശക്തിയും ഉപയോഗിച്ച്‌ ചെറുക്കുക തന്നെ ചെയ്യും. അതിന്റെ ഭാഗമാണ്‌ കോഴിക്കോട്ട്‌ 15നു നടക്കുന്ന സെമിനാറും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.