Skip to main content

ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ ജീവൻ കൊടുത്തും എതിർക്കുക എന്നുള്ളതിൽ സിപിഐഎമ്മിന് ഒരു നയമേയുള്ളൂ

സിപിഐ എമ്മാണ് ഏക സിവിൽ കോഡിനായി വാദിച്ചതെന്ന് 1985ലെ നിയമസഭാ രേഖകളെ ഉദ്ധരിച്ച് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തതായി കണ്ടു. 1985 ജൂലൈ ഒമ്പതിനു നടന്ന നിയമസഭാ ചോദ്യോത്തരവേളയിലെ കാര്യങ്ങളെക്കുറിച്ചാണ് മാതൃഭൂമിയും ചില യുഡിഎഫ് കേന്ദ്രങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നത്. നിയമസഭാ ചർച്ചകളിലേക്ക് കടക്കും മുമ്പ്‌ അത്തരമൊരു ചർച്ച അന്ന് നിയമസഭയിൽ ഉണ്ടാകാനിടയായ കാരണങ്ങൾകൂടി വ്യക്തമാക്കണമല്ലോ.

1985 ഏപ്രിൽ 23ന് ഷബാനു കേസ് വിധി വന്നതിനുശേഷം മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതൃത്വത്തിൽ ശരീഅത്ത്‌ സംരക്ഷണ ബോർഡ് രൂപീകരിച്ച് നാടൊട്ടുക്കും പ്രക്ഷോഭം സംഘടിപ്പിക്കുന്ന കാലം. 1985 ജൂൺ 24ന്‌ ശരീഅത്ത്‌ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഗ്രാമങ്ങൾതോറും നടന്ന പ്രകടനങ്ങളിൽ വിളിക്കപ്പെട്ട മുദ്രാവാക്യങ്ങളൊന്നും ആരും മറന്നു കാണില്ല. ഷബാനു കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലും പുറത്തും ലീഗ് നേതാവ് സുലൈമാൻ സേട്ടു സാഹിബ് അക്കാലത്തു നടത്തിയ പ്രസ്താവനകൾക്ക് ഇ എം എസ് 1985 ജൂൺ 29ന് ദേശാഭിമാനിയിലൂടെ മറുപടി നൽകുന്നുണ്ട്. അതിൽ ഇ എം എസ് സൂചിപ്പിച്ച ഒരു പ്രധാന സംഭവം വളരെ പ്രസക്തമാണ്. ഏറെ ചർച്ചചെയ്യപ്പെട്ട ബീമാപള്ളി സുലേഖാ ബീവി സംഭവമാണത്. സുലേഖാ ബീവി എന്ന മുസ്ലിം സ്ത്രീയെ വ്യഭിചാരം, മദ്യപാനം എന്നീ കുറ്റങ്ങൾ ആരോപിച്ച്‌ നൂറ്റൊന്ന് അടിയും തലമുണ്ഡനവും ചെയ്യാൻ മഹല്ല് കമ്മിറ്റി ശിക്ഷവിധിച്ചു. നിശ്ശബ്ദയായി കുറ്റം ഏറ്റുവാങ്ങാൻ അവർ വിസമ്മതിച്ചതിനെ തുടർന്ന് പള്ളിക്കമ്മിറ്റി സാമൂഹ്യ ഭ്രഷ്ട് കൽപ്പിച്ചു. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതൃത്വത്തിൽ ശരീഅത്ത്‌ സംരക്ഷണസമരം നടക്കുന്ന സമയത്താണ് ഇത്.

സുലേഖാ ബീവി സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധങ്ങളുണ്ടായി. ദേശീയാടിസ്ഥാനത്തിൽത്തന്നെ വലിയ വാർത്തയാകുകയും ചെയ്തു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അന്ന് മുഖ്യമന്ത്രിയായ കെ കരുണാകരൻ പ്രഖ്യാപിച്ചതോടെ ലീഗും കോൺഗ്രസുമായി ഈ വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യാസം വർധിച്ചു. കോൺഗ്രസിന്റെ മുസ്ലിം പീഡനത്തിനെതിരായി ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ കക്ഷികളോടൊപ്പം ദേശീയാടിസ്ഥാനത്തിൽ യോജിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നും സേട്ടു സാഹിബ് പ്രസ്താവിച്ചിരുന്നു.

ദേശീയാടിസ്ഥാനത്തിൽ ലീഗിന് കോൺഗ്രസിനോടുണ്ടായിരുന്ന ഈ എതിർപ്പ് പക്ഷേ കേരളത്തിൽ അതുപോലെ തുടരുക സാധ്യമായിരുന്നില്ല. കരുണാകരൻ സർക്കാരിന്റെ ഭാഗമായിരുന്ന ലീഗിന് അധികാരം നിലനിർത്താൻ മറ്റുമാർഗങ്ങൾ ഉണ്ടായിരുന്നില്ല. കരുണാകരന്റെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നു. ശരീഅത്ത്‌ പ്രക്ഷോഭവും ബീമാപള്ളി സംഭവവും കാര്യങ്ങൾ പൊടുന്നനെ മാറ്റിമറിച്ചു. ബീമാപള്ളി സംഭവത്തെ തുടർന്ന് അന്നത്തെ വ്യവസായമന്ത്രിയും ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദുമായി 1985 ജൂൺ 24ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചർച്ച നടത്തുകവരെ ഉണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഭരണഘടനയിൽത്തന്നെ ചില മാറ്റങ്ങൾ വരുത്തണമെന്ന സേട്ടു സാഹിബിന്റെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്ന് രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും വെവ്വേറെ നിലപാടുകളാണെന്നു വ്യക്തമായി.

1985 ഏപ്രിൽ 23ന്‌ ഷബാനു കേസിൽ സുപ്രീംകോടതി വിധി വന്നതിനെത്തുടർന്ന് 25നുതന്നെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ലോക്‌സഭയിൽ ആവശ്യം ഉയരുകയുണ്ടായി. എന്നാൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അതിനുള്ള അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നുവെന്നും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ കേന്ദ്ര- സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാമൂഹ്യ വനിതാ ക്ഷേമ മന്ത്രി മരഗതം ചന്ദ്രശേഖർ അറിയിച്ചു. സ്വാഭാവികമായും ശരീഅത്ത്‌ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കോൺഗ്രസ് കാണിക്കുന്ന ഈ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനുള്ള അവസരമായാണ് ജൂലൈ ഒമ്പതിലെ നിയമസഭാ ചോദ്യോത്തരവേളയെ സിപിഐ എം അംഗങ്ങൾ കണ്ടത്. അതിന്റെ ഭാഗമായാണ് പാർലമെന്ററി പാർടി സെക്രട്ടറിയായിരുന്ന എം വി രാഘവനടക്കമുള്ളവർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിലെ അപകടം മനസ്സിലാക്കിയ കരുണാകരൻ അന്ന് സഭയിൽ ഹാജരായില്ല.

ലോക്‌സഭയിലേതിനു വിരുദ്ധമായാണ് നിയമസഭയിൽ അന്ന് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. ഈ ചർച്ചയെയാണ് ദുഷ്ടലാക്കോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ തെറ്റായി പ്രചരിപ്പിക്കുന്നത്. അന്നും ഇന്നും ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന് ഇരട്ട നയമാണ്. പക്ഷേ, ഇടതുപക്ഷം അങ്ങനെയല്ല. മതങ്ങളുടെ പേരിൽ നിലനിൽക്കുന്ന അനാചാരങ്ങളെയും അനീതികളെയും ഇടതുപക്ഷം എല്ലാകാലത്തും എതിർത്തിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളെ ഫലപ്രദമായി പ്രയോഗിച്ച്‌ സ്‌ത്രീകൾക്ക് തുല്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങളുണ്ടാകണം. എല്ലാ സമുദായത്തിലെയും സ്‌ത്രീകളുടെ സാമൂഹ്യതുല്യതയ്‌ക്കും കുടുംബങ്ങളിലെ ജനാധിപത്യത്തിനും എതിരായി നിൽക്കുന്ന അനാചാരങ്ങൾക്കെതിരെ എല്ലാ സമുദായത്തിനകത്തുമുള്ള സ്‌ത്രീ -പുരുഷൻമാരുടെയും സാമുദായിക പ്രതിനിധികളുടെയും കൂട്ടായ ചർച്ചകളിലൂടെ അഭിപ്രായ സമന്വയം രൂപീകരിച്ച്‌ അത്തരം അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. സ്‌ത്രീകളുടെ അവകാശവും തുല്യതയും സംബന്ധിച്ചും സിപിഐ എമ്മിന് എല്ലാക്കാലത്തും ഒരേ നിലപാടാണ്.

ഷബാനു കേസുമായി ബന്ധപ്പെട്ട് അന്ന് ഇടതുപക്ഷം സ്വീകരിച്ച ഈ നിലപാടിനൊപ്പമായിരുന്നു പുരോഗമന മുസ്ലിം സംഘടനകൾ. കോഴിക്കോട് നഗരത്തിലടക്കം പർദ ധരിച്ച മുസ്ലിംസ്‌ത്രീകൾ അന്ന് കോടതി വിധിക്കനുകൂലമായി പ്രകടനം നടത്തിയിരുന്നു. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തിയ ധ്രൂവീകരണശ്രമങ്ങളെ മുസ്ലിം വിശ്വാസികളെ അണിനിരത്തിത്തന്നെയാണ് ഇടതുപക്ഷം അന്ന് പ്രതിരോധിച്ചത്. വ്യക്തിനിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കാനോ സ്‌ത്രീ സമൂഹത്തിന്റെ തുല്യത ഉറപ്പാക്കാനോ ശേഷിയുള്ള ഒറ്റമൂലിയായി ഏക സിവിൽ കോഡിനെ കാണാനാകില്ല. പ്രത്യേകിച്ച് ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ വർഗീയമായി വിഭജിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ. നിയമപരമായ തുല്യതകൊണ്ടുമാത്രം സാമൂഹ്യതുല്യത ഉറപ്പു വരുത്താനാകില്ലെന്ന വസ്തുതയും മറന്നുകൂടാ. ഇന്ത്യയെന്ന മതനിരപേക്ഷ രാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇപ്പോഴത്തെ ഏക സിവിൽ കോഡിനു വേണ്ടിയുള്ള ബിജെപി വാദങ്ങളെ പരിഗണിക്കാനാകൂ. അവർതന്നെ നിയമിച്ച 21-ാം ലോ കമീഷൻ ഏക സിവിൽ കോഡ് ഇപ്പോൾ നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുകയാണ് വേണ്ടതെന്നും 2018ൽ റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ, പിന്നീട് ആ റിപ്പോർട്ടിനെക്കുറിച്ച്‌ ഒരക്ഷരം ബിജെപി നേതൃത്വം എവിടെയും പറഞ്ഞിട്ടില്ല. ഭോപാലിൽ മോദി നടത്തിയ വിവാദ പ്രസംഗത്തിന്റെ സാഹചര്യത്തിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനു സമാനമായി ഏക സിവിൽ കോഡിനായുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നത്.

ഏക സിവിൽ കോഡിൽനിന്ന്‌ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യൻ മതവിശ്വാസികളെയും ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് പാർലമെന്റ് സമിതിയുടെ അധ്യക്ഷനായ സുശീൽ മോഡി പ്രഖ്യാപിച്ചു. കൃത്യമായ വർഗീയ ധ്രുവീകരണം നടത്തി, അതുവഴി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം നേടി ഭരണഘടനയെ അട്ടിമറിക്കുകയാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

ഹിന്ദുത്വ രാഷ്ട്രീയം ഏക സിവിൽ കോഡുമായി വരുമ്പോൾ അതിനെ എതിർക്കാനും മതനിരപേക്ഷ മനുഷ്യരെ അണിനിരത്തി പ്രതിരോധിക്കാനും ഇടതുപക്ഷം എന്നും മുന്നിലുണ്ടാകും. ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തെ ജീവൻ കൊടുത്തും എതിർക്കുക എന്നുള്ളതിൽ ഞങ്ങൾക്ക് ഒരു നയമേയുള്ളൂ. അത് കോൺഗ്രസിനെപ്പോലെ ഡൽഹിയിലും കേരളത്തിലും വെവ്വേറെയല്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഏക സിവിൽ കോഡ് സംബന്ധിച്ച് ഇനിയും വ്യക്തമായ ഒരഭിപ്രായം രൂപീകരിക്കാനായിട്ടില്ല. പലകാര്യങ്ങളിലും ഇതിനുമുമ്പ്‌ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഇത്തരം കാര്യങ്ങളിൽ ബിജെപി നടത്തുന്ന ശ്രമങ്ങൾക്കെതിരായി ജനങ്ങളെ രാഷ്ട്രീയമായി അണിനിരത്തുകയാണ് സിപിഐ എം ചെയ്യുന്നത്. ഇടയ്ക്കിടെ ഏക സിവിൽ കോഡിനായി പാർലമെന്റിൽ അനൗദ്യോഗിക പ്രമേയങ്ങൾ ബിജെപി കൊണ്ടുവന്നപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ചത് സിപിഐ എം ആണെന്ന വസ്തുത ഓർക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ വേണം കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിനെ കാണാൻ. ഏക സിവിൽ കോഡ് വിഷയത്തിൽത്തന്നെ സിപിഐ എം സ്വീകരിച്ച നിലപാടുകൾക്ക് കൂടുതൽ സ്വീകാര്യത കൈവരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. 1985ൽനിന്ന്‌ വ്യത്യസ്തമായി കൂടുതൽ മുസ്ലിം സംഘടനകളും ദളിത്, പിന്നാക്ക സമുദായ സംഘടനകളും സിപിഐ എം ഈ വിഷയത്തിന്മേൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറാകുന്നതുതന്നെ ഗുണപരമായ മാറ്റമാണ്.

രാജ്യത്ത് മുസ്ലിംവിരുദ്ധത ഉൽപ്പാദിപ്പിക്കാനുള്ള ഒരു നിയമനിർമാണം ബിജെപി നടപ്പാക്കുമ്പോൾ അതിനെ എതിർക്കാതിരിക്കാൻ സിപിഐ എമ്മിന് കഴിയില്ല. ജനങ്ങളുടെ ജീവിതവിഷയങ്ങളിൽ ബിജെപി ഭരണം നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്ന പ്രസ്ഥാനത്തിന് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു പ്രവണതയോടും ഒത്തുതീർപ്പില്ല. ആ നിലയിലാണ് സിപിഐ എം അതിന്റെ നിലപാടുകൾ രേഖപ്പെടുത്തിയത്. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമപ്പട തങ്ങളുടെ മാർക്സിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. ഒരു വിമോചനസമര മുന്നണി ഈ അവസരത്തിൽ തട്ടിക്കൂട്ടാനാകുമോ എന്നാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. 1985 കഴിഞ്ഞു ദശാബ്ദങ്ങൾ പിന്നിട്ടു. ഈ കാലയളവിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന പാർടിയാണ് സിപിഐ എം എന്ന് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന്‌ ഇവർ തിരിച്ചറിയണം.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.