Skip to main content

ആദിവാസി ഗോത്ര വിഭാഗത്തിലുള്ള വനിത പ്രഥമ പൗരയായ രാജ്യത്താണ് ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ നഗ്നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നത്

പതിനായിരക്കണക്കിന് ധീരരായ സ്ത്രീകളുടെകൂടി പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഇന്ത്യൻസ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്‌ 76 വർഷം തികയുമ്പോൾ രാജ്യത്തെ സ്ത്രീകളുടെ നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങളുടെ മുന്നിൽ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. മെയ്‌ നാലിന്‌ മണിപ്പുരിൽ നടന്ന സംഭവത്തിന്റെ വീഡിയോ ലോകം കണ്ടത്‌ കഴിഞ്ഞദിവസമാണ്‌. ഇത്തരം നൂറുകണക്കിന്‌ സംഭവങ്ങൾ അവിടെയുണ്ടായെന്ന്‌ മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌ തന്നെ തുറന്നുപറഞ്ഞു. ഇതെല്ലാം അറിഞ്ഞിട്ടും സർക്കാർ നിസ്സംഗത പാലിച്ചു. മണിപ്പുരിലെ സ്‌ത്രീകൾ ഏറെ ശക്തരാണ്‌. കുടുംബം നയിക്കുന്നവരാണ്‌ അവർ. അഫ്‌സ നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി പോരാടിയവരാണവർ.
കലാപത്തിന്റെ പേരിൽ നഗ്നരാക്കപ്പെട്ട്‌ ആൾക്കൂട്ടത്തിലൂടെ നടന്ന സഹോദരിമാരുടെ അവസ്ഥ നമുക്ക്‌ ചിന്തിക്കാവുന്നതിലും അപ്പുറമാണ്‌. മാസങ്ങൾക്കുമുമ്പ്‌ നടന്ന സംഭവത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി വാ തുറന്നത്‌ സുപ്രീംകോടതിയുടെ വിമർശം ഉണ്ടായപ്പോൾ മാത്രമാണ്‌. മണിപ്പുർ കലാപത്താൽ കത്തുമ്പോൾ, സ്‌ത്രീകൾ അപമാനിതരാകുമ്പോഴൊക്കെ നമ്മുടെ പ്രധാനമന്ത്രി നാലു വിദേശരാജ്യമാണ്‌ സന്ദർശിച്ചത്‌. ഈ പ്രധാനമന്ത്രിയെ ഓർത്ത്‌ രാജ്യത്തെ 140 കോടി ജനങ്ങളും ലജ്ജിക്കുകയാണ്‌. അതുപോലെതന്നെ ബിരേൻ സിങ്‌ സർക്കാർ അടിയന്തരമായി രാജിവയ്‌ക്കണം. കുക്കി സ്‌ത്രീകളോ മെയ്‌ത്തീ സ്‌ത്രീകളോ എന്നതല്ല, മറിച്ച്‌ രാജ്യത്തെ മുഴുവൻ സ്‌ത്രീകളെയും അപമാനിച്ച സംഭവമാണ്‌ മണിപ്പുരിലേത്‌.

യുദ്ധത്തിലും വംശീയ കലാപത്തിലും തീവ്രവാദത്തിലുമെല്ലാം ദുരിതം ഏറ്റവും അധികം പേറേണ്ടി വരുന്നത് സ്ത്രീകളാണ്. ശക്തമായ വർഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ആർഎസ്എസ് നയിക്കുന്ന നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ ചോരകുടിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മണിപ്പുർ.

ഇന്ത്യയുടെ വടക്കു കിഴക്ക് മേഖലയിൽ വൈവിധ്യങ്ങളാൽ സമ്പന്നമായ കൊച്ചു സംസ്ഥാനമായ മണിപ്പുർ നിന്നു കത്തുകയാണ്. വിവിധ വിഭാഗങ്ങൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു നാട്. അധ്വാനശീലരായ സ്ത്രീകളാണ് മണിപ്പുരിന്റെ പ്രത്യേകത. സ്വന്തം കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ആ സ്ത്രീകളാണ് പൈശാചികമായി ബലാത്സംഗം ചെയ്യപ്പെടുകയും നഗ്നരായി തെരുവിലൂടെ നടത്തപ്പെടുകയും ചെയ്യുന്നത്. ഈ സംഭവം വേദനയോടെയും രോഷത്തോടെയും മാത്രമേ നമുക്ക് കാണാൻ കഴിയൂ. ഒരു സംസ്ഥാനത്ത് സംഘർഷം ഉണ്ടായാൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കുണ്ട്. എന്നാൽ, ഇവിടെ അക്രമികളുടെ കൈകളിലേക്ക് ഒരു ജനതയെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത്. കലാപം 80 ദിവസമായിട്ടും തുടരുന്നു. ഒടുവിൽ സുപ്രീംകോടതിക്ക് നേരിട്ട് ഇടപെടേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. അപ്പോൾ മാത്രമാണ് മൗനം വെടിയാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറായത്. അദ്ദേഹത്തിന്റെ എട്ട്‌ മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ വെറും 36 സെക്കൻഡ് മാത്രമാണ് മണിപ്പുരിനെക്കുറിച്ച് പറയാൻ ചെലവഴിച്ചത്.

തങ്ങളുടെ സംസ്ഥാനം ആക്രമിക്കപ്പെടുകയാണെന്നും സ്കൂളുകളും പള്ളികളും അമ്പലങ്ങളും എല്ലാം പൊളിച്ചു കളയുകയാണെന്നുമുള്ള വസ്തുതകൾ പങ്കുവയ്ക്കാനായി ചെന്ന പാവപ്പെട്ട മനുഷ്യരെ കാണാൻപോലും ഇന്ത്യൻ പ്രധാനമന്ത്രി കൂട്ടാക്കിയിട്ടില്ല. ഇത് തീർച്ചയായും ഫാസിസ്റ്റ് സമീപനമാണ്. മണിപ്പുരിലെ മുഖ്യമന്ത്രി തന്നെയാണ് ഈ കലാപത്തിന്റെ മുഖ്യ ആസൂത്രകൻ എന്നുള്ളതാണ് വേദനിപ്പിക്കുന്ന മറ്റൊരു വസ്തുത. മുഖ്യമന്ത്രിയെ ആ സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യണമെന്നുള്ളതാണ് രാജ്യത്തെ പ്രതിപക്ഷ പാർടികളുടെ ആവശ്യം. ഇതിന് കൂട്ടാക്കാത്ത കേന്ദ്ര ഗവൺമെന്റ് നിഷേധാത്മകവും ഏകാധിപത്യപരവുമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടന പ്രത്യേക പരിഗണന നൽകിക്കൊണ്ട് ആറാം ഷെഡ്യൂളിൽ ചേർത്തിട്ടുള്ള സംസ്ഥാനമാണ് മണിപ്പുർ. അവിടെ ഒരു ചെറിയ വിഷയം വന്നാൽപ്പോലും വലിയ രീതിയിലുള്ള ഇടപെടൽ നടത്തി പരിഹരിക്കേണ്ടതുണ്ട്.

ഒരു ആദിവാസി ഗോത്ര വിഭാഗത്തിലുള്ള വനിത പ്രഥമ പൗരയായ രാജ്യത്താണ് ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ നഗ്നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നത്. ധീര ദേശാഭിമാനികളായ നിരവധി വനിതകളുടെ പോരാട്ടത്തിൽ പടുത്തുയർത്തിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്ത വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിച്ച വേളയിൽ ആർഎസ്എസിന്റെ ഭാഗത്തുനിന്ന്‌ ഒരാൾപോലും ആ പട്ടികയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു രാഷ്ട്രീയ പാർടി ഇന്ത്യ ഭരിക്കുമ്പോൾ ഇതിനപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

മണിപ്പുരിലെ കലാപം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. അതോടൊപ്പംതന്നെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കടുത്ത ശിക്ഷ ഉറപ്പാക്കാനും സാധിക്കേണ്ടതുണ്ട്. ആർഎസ്എസിന് ഒരു ലക്ഷ്യമുണ്ട്. തങ്ങളുടെ ആശയത്തിനനുസരിച്ച് ഈ നാടിനെ അവർ മാറ്റിയെടുക്കുന്നു. അവരുടെ ആശയത്തിന്റെ ഏറ്റവും വലിയ ഇരകളായി മാറുന്നത് സ്ത്രീകളാണ്. 2024ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ താഴെയിറക്കാൻ പ്രതിപക്ഷ പാർടികളുടെ ഐക്യനിര രൂപപ്പെട്ടു. വളരെ പ്രതീക്ഷയോടെയാണ് ഈ കൂട്ടായ്മയെ ഇന്ത്യയിലെ സ്ത്രീകൾ കാണുന്നത്." മോദി ഗവൺമെന്റ്‌ ആന്റിവിമൺ ഗവൺമെന്റ്‌’ എന്ന മുദ്രാവാക്യം ഉയർത്തി വലിയ പ്രക്ഷോഭം നടത്താൻ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു. ക്യാപ്റ്റൻ ലക്ഷ്മി അടക്കം നിരവധി ധീരവനിതകൾ പോരാടി നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യവും വൈവിധ്യവും മതനിരപേക്ഷതയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.