കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവി നിരസിച്ചതിനെ സംബന്ധിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര സർക്കാർ നിഷേധ നിലപാട് ആവർത്തിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന് പോയിൻറ് ഓഫ് കാൾ പദവി കേന്ദ്ര ഗവൺമെൻറ് നൽകുകയാണെങ്കിൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് സർവീസുകൾ നടത്തുവാൻ കഴിയൂ. പുതുതായി കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കാൻ കഴിയില്ല എന്നതാണ് കേന്ദ്ര നിലപാട്. ഇതിനോടകം നിരവധി നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് ഈ പദവി ഉണ്ടെന്നിരിക്കെ ഇപ്രകാരം ഒരു ഏകപക്ഷീയ നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് യുക്തിസഹമല്ല, മറിച്ചു വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി അവിടെ നിന്നും ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവീസുകൾ നടത്തുവാനുള്ള അനുമതി വാങ്ങിയെടുക്കുക എന്നതാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. പോയിൻറ് ഓഫ് കാൾ പദവി ലഭിക്കുകയാണെങ്കിൽ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസുകൾ നടത്താൻ സാധിക്കും. നിലവിൽ കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ ഉൾപ്പെടെ രണ്ട് ആഭ്യന്തര വിമാന കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്, എന്നാൽ അവയൊന്നും കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുവാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള സർവ്വീസുകൾക്ക് പോലും വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾ ഉപയോഗിക്കുന്നുമില്ല. ഇത് കണ്ണൂരിൽ നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കുന്നു.
വിമാന സർവീസുകൾ വർധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച വിമാനത്താവളത്തിന് നിർമ്മാണാവശ്യത്തിന് എടുത്ത 800 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പ തിരിച്ചടയ്ക്കുവാനുണ്ട്. കൂടുതൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്തെങ്കിൽ മാത്രമേ ലാഭകരമായും വിജയകരമായും വിമാനത്താവളം പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നത് കേന്ദ്ര ഗവൺമെന്റിനും അറിവുള്ള കാര്യമാണ്. എന്നിട്ട് കൂടി പോയിൻറ് ഓഫ് കാൾ പദവി നൽകാതെ കണ്ണൂർ വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുവാൻ കേന്ദ്രം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് സ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.