Skip to main content

നേരത്തെ ഗുജറാത്ത് ഇപ്പോൾ മണിപ്പൂർ നാളെയത് എവിടെയുമാകാം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിന്റെ വികാസത്തിനായി ബിജെപിയെ വിജയിപ്പിക്കാൻ മോദി ആഹ്വാനം ചെയ്തിരുന്നു. ബിജെപിയുടെ ഭരണം ഏതാനും മാസങ്ങൾ പിന്നിടുമ്പോഴേക്കും കലഹങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും സ്ത്രീ പീഡനത്തിന്റെയും നാടായി മണിപ്പുർ മാറി.

ഈ കലാപത്തിൽനിന്ന് നാടിനെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന അഭ്യർഥനയുമായി മണിപ്പുരിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പ്രധാനമന്ത്രിയെ കാണാൻ പോയി. അവരെ കാണാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഗുജറാത്തിന്റെ തെരുവുകളിൽ മുസ്ലിം ജനസമൂഹം വേട്ടയാടപ്പെടുമ്പോൾ ഫോൺ കോളുകൾ തലങ്ങും വിലങ്ങും അന്ന്‌ മുഖ്യമന്ത്രിയായിരുന്ന മോദിയെ തേടിയെത്തിയിട്ടും മൗനത്തിന്റെ വാത്മീകത്തിൽ ഒളിക്കുകയായിരുന്നു നരേന്ദ്ര മോദി. അത് മണിപ്പുരിലും ആവർത്തിച്ചു. ഈ മാറിനിൽക്കലിൽനിന്ന് കലാപത്തിനു പിന്നിലുള്ള ഹിന്ദുത്വ താൽപ്പര്യം തിരിച്ചറിയാവുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ മൗനം പ്രധാനമന്ത്രിയോളം വളർന്നിരിക്കുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇത്തരം നിലപാടുകൾക്കു പിന്നിൽ വിദ്വേഷ രാഷ്ട്രീയമാണ്. ജനങ്ങൾ തമ്മിൽ വിദ്വേഷം വളർത്തിയില്ലെങ്കിൽ ബിജെപിയെന്ന രാഷ്ട്രീയ പാർടിതന്നെ നാട്ടിൽനിന്ന് അപ്രത്യക്ഷമാകും. സ്നേഹത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും ജനാധിപത്യപരമായ ജീവിതക്രമത്തിന്റെയും ലോകത്ത് മതരാഷ്ട്രവാദികൾക്ക് നിലനിൽക്കാനാകില്ല. അതിനാൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഏറ്റുമുട്ടിക്കുകയെന്ന അജൻഡ അവരുടെ കൂടെപ്പിറപ്പായി തീരുന്നു.

മണിപ്പുരിൽ സവിശേഷമായ സാമൂഹ്യജീവിതമാണ് നിലനിൽക്കുന്നത്. രണ്ട് പ്രധാന മേഖലയാണ് മണിപ്പുരിനുള്ളത്. ഒന്നാമത്തേത് ഇംഫാൽ താഴ്വര. രണ്ടാമത്തേത് മലപ്രദേശങ്ങളും കാടും ഉൾക്കൊള്ളുന്ന മലയോരമേഖല.താരതമ്യേന ഫലഭൂയിഷ്ടമായ താഴ്‌വാരത്തിലാണ് മെയ്‌ത്തീ എന്ന ഗോത്രവിഭാഗം താമസിക്കുന്നത്. പരമ്പരാഗതമായ സനമാഹി വിശ്വാസം പിന്തുടരുന്നവരായിരുന്നു ഇവർ. ഇവരിലെ ഒരു വിഭാഗം വൈഷ്ണവ മതം സ്വീകരിക്കുകയും മെയ്‌ത്തീയിലെതന്നെ മറ്റു വിഭാഗങ്ങളെ താഴ്‌ന്നവരായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. മെയ്‌ത്തീ വിഭാഗത്തിൽ 2.7 ശതമാനത്തോളം പട്ടികജാതി വിഭാഗങ്ങളുമുണ്ട്. ഇവർക്ക് രണ്ടു ശതമാനം സംവരണവുമുണ്ട്. മെയ്‌ത്തീയിലെതന്നെ താരതമ്യേന സമ്പന്നമായ വിഭാഗമാണ് ബ്രാഹ്മൺസ് വിഭാഗവും മെയ്‌ത്തീ രാജകുമാർ വിഭാഗവും. ഇവരാകട്ടെ നിലവിൽ ഒബിസി പട്ടികയിലാണ്. 17 ശതമാനം സംവരണം ഇവർക്കുണ്ട്.

മെയ്‌ത്തീ വിഭാഗത്തിലെ പട്ടികജാതിക്കാരുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ച് പട്ടിക വർഗ പദവി ലഭ്യമാക്കണമെന്ന ആവശ്യം കോടതിയിൽ ഉയർന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിക്കുമെന്ന കോടതി വിധിയുമുണ്ടായി. മണിപ്പുരിന്റെ സവിശേഷ സാഹചര്യങ്ങളെ പരിഗണിക്കാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്നിൽ മെയ്‌ത്തീ വിഭാഗത്തെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ പട്ടിക വർഗ വിഭാഗമായി മെയ്‌ത്തീ വിഭാഗത്തെ പ്രഖ്യാപിക്കുന്നതിന് അനുകൂലമായ സമീപനം സംസ്ഥാന സർക്കാർ സ്വീകരിച്ചു.

മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന കുക്കികൾ എസ്ടി വിഭാഗത്തിൽപ്പെട്ടവരാണ്. കുക്കികൾ പൊതുവിൽ മെയ്‌ത്തീകളെ അപേക്ഷിച്ച്, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവരാണ്‌. ഇവരിൽ വലിയ ശതമാനവും ക്രിസ്ത്യൻ വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. ക്രിസ്ത്യൻ മിഷണറിമാർ മുൻകാലങ്ങളിൽ കേരളത്തിലെ അധഃകൃത ജനവിഭാഗത്തിന് എങ്ങനെയാണോ വിദ്യാഭ്യാസം നൽകിയത് ആ നിലയിൽ ഇടപെട്ട് ഇവരെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നുണ്ട്.

ഗോത്രവർഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സവിശേഷതകൾ സംരക്ഷിക്കുന്നതിന് പ്രത്യേകമായ പരിരക്ഷ നമ്മുടെ ഭരണഘടനതന്നെ നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം മേഖലകളിൽ മറ്റു വിഭാഗങ്ങൾക്ക് ഭൂമിയും മറ്റും വാങ്ങുന്നതിന് ഏറെ നിയന്ത്രണങ്ങളുണ്ട്. 2016ൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമീഷൻ ഏക സിവിൽ കോഡ് പരിഗണിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നുവല്ലോ. അതിന് പ്രധാന കാരണമായി പറഞ്ഞ ഒരു കാര്യം ആദിവാസികളുടെ ഇത്തരം സംരക്ഷണ നിയമങ്ങൾ ഇല്ലാതാകുമെന്നതാണ്.

മെയ്‌ത്തീ വിഭാഗത്തെ പട്ടിക വർഗത്തിലുൾപ്പെടുത്തുമ്പോൾ കുക്കികളുടെ മേഖലയിൽ ഇവർക്ക് ഭൂമിവാങ്ങാമെന്ന സ്ഥിതിയുണ്ടാകും. കുക്കികളിലെ പുതിയ തലമുറയ്‌ക്ക് താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരം പുലർത്തുന്ന മെയ്‌ത്തീകളുമായി മത്സരിച്ച് തൊഴിൽ നേടാനാകില്ലെന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടു. ഇത് കുക്കി വിഭാഗങ്ങളിൽ പ്രതിഷേധം രൂപപ്പെടുത്തി. കൃഷിഭൂമിയിൽനിന്ന് നേരത്തേ കുക്കി വിഭാഗങ്ങളെ ഇറക്കിവിട്ട പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രശ്നംകൂടി ഉയർന്നുവന്നത്. അത് കലാപത്തിലേക്ക് വഴിമരുന്നിട്ടു.

കുക്കി വിഭാഗം പൊതുവിൽ ക്രിസ്ത്യൻ വിശ്വാസികളാണ്‌. മെയ്‌ത്തീ വിഭാഗത്തിലും ക്രിസ്ത്യൻ വിഭാഗങ്ങൾ ചെറിയ തോതിലുണ്ട്. കലാപങ്ങൾ രൂപപ്പെട്ടപ്പോൾ ആദ്യ ദിവസങ്ങളിൽത്തന്നെ ഡസൻ കണക്കിന് ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കപ്പെട്ടു. കുക്കി വിഭാഗങ്ങളുടെ മേഖലകൾ കനത്ത ആക്രമണത്തിന് വിധേയമായി. ഗുജറാത്തിലെന്നപോലെ, ആക്രമണത്തിന്‌ മുമ്പായി അവർക്കെതിരെ കള്ളപ്രചാരവേല നടത്തി മുന്നൊരുക്കം നടന്നുവെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഇവർ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരാണെന്ന പ്രചാരണവും ഉണ്ടായി. വനം കൊള്ളക്കാരാണെന്ന വ്യാജ പ്രചാരണവും സജീവമായി.

കുക്കികൾക്കെതിരായ ഇത്തരം പ്രചാരണംകൂടി മുന്നോട്ടുവച്ചാണ് ഹിന്ദുത്വ ശക്തികൾ തങ്ങളുടെ അജൻഡ നടപ്പാക്കിയത്. മെയ്‌ത്തീ വിഭാഗത്തിൽ 14,000ത്തോളം അംഗങ്ങളുള്ള മെയ്‌ത്തീ ലിപൂൺ എന്ന ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അവർക്ക് ആയിരത്തോളം അംഗങ്ങളുള്ള ഒരു സായുധ സംഘടനയും നിലവിലുണ്ട്. ഈ വിഭാഗം ഹിന്ദുത്വ ശക്തികളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് മണിപ്പുരിലെ ബിജെപി മുന്നണി മന്ത്രിസഭയിലെ മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുണ്ടെന്ന വാർത്തയും പുറത്തുവന്നു. മെയ്‌ത്തീ വിഭാഗത്തിൽ ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ നടത്തിയ ബോധപൂർവമായ ഇടപെടലാണ് പള്ളികളുടെ തകർച്ചയിലേക്കും ഗുജറാത്ത് മോഡൽ അക്രമങ്ങളിലേക്കും മണിപ്പുരിനെ എത്തിച്ചത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയം നയിക്കുന്ന കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ നിശ്ശബ്ദമായത്.

ഹിന്ദുത്വ രാഷ്ട്രീയം കോർപറേറ്റ് അജൻഡകളുടെ വക്താക്കളാണ്. കൃഷിക്കാരായ മെയ്‌ത്തീകൾക്ക് പൊതുവിൽ ഗോത്രവർഗ ഭൂമികൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. എന്നാൽ, വൻകിട എസ്റ്റേറ്റ് മുതലാളിമാർക്ക് ഇവിടത്തെ മണ്ണിൽ കണ്ണുണ്ട്. ധാതു ലവണങ്ങളുടെ ഖനനമുൾപ്പെടെയുള്ള സാധ്യത വൻകിട കോർപറേറ്റുകളുടെ താൽപ്പര്യ ഭൂമിയായി ഇതിനെ മാറ്റുന്നുണ്ട്. ഗോത്രവർഗത്തിന്റെ ആവാസ സ്ഥലങ്ങൾ കോർപറേറ്റുകൾ കൈയടക്കുന്നതിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.

ഗോത്രവർഗങ്ങളെ സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങൾ ഇത്തരം കടന്നുകയറ്റത്തിന് തടസ്സമായി നിൽക്കുന്നു. ഇതിനെ മറികടക്കാൻ നേരത്തേതന്നെ ഒരു നിയമനിർമാണം നടത്താനുള്ള ശ്രമം മണിപ്പുർ നിയമസഭയിൽ നടന്നിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ച് അതിലൂടെ സാധാരണക്കാരുടെ ഭൂമിയിൽ നിലയുറപ്പിക്കാനുള്ള ചെറു ന്യൂനപക്ഷത്തിന്റെ താൽപ്പര്യങ്ങൾ ഈ കലാപത്തിന് വെള്ളവും വളവും നൽകിയിട്ടുണ്ട്.

രാജ്യത്ത് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണത ഒരു ജനസമൂഹത്തെ എങ്ങനെ ദുരിതത്തിലാക്കാമെന്നതിന്റെ നേർക്കാഴ്ചയാണിത്. കുക്കികൾക്കെതിരായി അക്രമങ്ങൾ സജീവമാകുകയും നവമാധ്യമങ്ങളിലൂടെ ആ വാർത്തകൾ ലോകം അറിയുകയും ചെയ്‌തതോടെ വമ്പിച്ച പ്രതിഷേധം ആ വിഭാഗത്തിൽ മാത്രമല്ല, ലോകത്താകമാനം ഉയർന്നുവരികയുംചെയ്‌തിട്ടുണ്ട്‌. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ രാജ്യത്തിന്റെ കരുത്തും സവിശേഷതയും ദുർബലപ്പെടുത്തുകയാണ് സംഘപരിവാറിന്റെ കോർപറേറ്റ് ഹിന്ദുത്വ അജൻഡകൾ.

കോർപറേറ്റ് താൽപ്പര്യങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇടപെടലാണ് മണിപ്പുരിനെ ചോരക്കളമാക്കിയത്. ദുരന്തങ്ങളുടെ പാളയത്തിലെറിയപ്പെടുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ കണ്ണീരിന് ഹിന്ദുത്വ ശക്തികൾ ഉത്തരവാദികളാണ്. ഗുജറാത്തിലും വ്യാജ പ്രചാരണങ്ങളാണ് കലാപത്തെ ഊതിക്കത്തിച്ചത്. അതേനിലയാണ് മണിപ്പുരിലുമുണ്ടായത്.

സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളിൽ മുതലക്കണ്ണീർ ഒഴുക്കുന്ന സംഘപരിവാർ ഗുജറാത്തിലെ ഇത്തരം കേസുകളിൽ സ്വീകരിച്ച നിലപാടും ഓർക്കേണ്ടതുണ്ട്. ബിൽക്കിസ് ബാനു കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിടാൻ ഇടപെട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി ഇക്കാര്യത്തിലുള്ള സംഘപരിവാറിന്റെ കാഴ്ചപ്പാടാണ്. മണിപ്പുർ രാജ്യത്തിന്റെ വേദനയും കണ്ണീരുമാകുകയാണ്. മുമ്പ് ഗുജറാത്ത് ഇപ്പോൾ മണിപ്പുർ, നാളെയത് എവിടെയുമാകാം. ജാഗ്രതയോടെ പ്രതിരോധമുയർത്തേണ്ടത് നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.