കെ റെയിൽ വേണമെന്ന നിലയിലേക്ക് ജനമനസ്സ് പൂർണമായും എത്തിക്കഴിഞ്ഞു. കെ റെയിൽ പദ്ധതിയെ ചിലർ എതിർത്തത് എന്തിനായിരുന്നു? വേഗം എത്തുന്നു എന്നതാണോ ഇവർക്ക് വിഷമം? അതല്ല, ഇപ്പോൾ വികസനം നടക്കരുത് എന്ന ചിന്തയാണോ? എന്തായാലും കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ കാണേണ്ടത് വന്ദേഭാരത് വന്നപ്പോഴുള്ള ജനങ്ങളുടെ പ്രതികരണമാണ്. വേഗമുള്ള സഞ്ചാരം എല്ലാവരും ആഗ്രഹിക്കുന്നു. വന്ദേ ഭാരത് കേരളത്തിലെ വേഗസഞ്ചാരത്തിന്റെ പ്രശ്നം പരിഹരിച്ചില്ല.
ഞങ്ങൾമാത്രം വിചാരിച്ചാൽ കെ റെയിൽ നടപ്പാക്കാനാകില്ല. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല. പക്ഷേ, കേന്ദ്രം പ്രതികരിച്ചില്ല. പ്രതികരിച്ചപ്പോഴാകട്ടെ എതിരുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രയാസമായിരുന്നു. ഏതെങ്കിലുമൊരു കാലത്ത് ഇത് അംഗീകരിക്കേണ്ടി വരുമെന്ന് ഞങ്ങൾ അന്നേ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ അത്തരം ചിന്തയിലേക്ക് എല്ലാവരും എത്തിയിരിക്കുന്നു.