വിജ്ഞാന വ്യവസായത്തിന് രാജ്യത്ത് ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്. സയൻസ് പാർക്കുകളും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിൽ ആരംഭിക്കുന്നത് ഇതു മനസ്സിലാക്കിയാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി ഇവ മാറും. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് എന്നപോലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കും ആരംഭിച്ച് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. രാജ്യം ഏറെ ശ്രദ്ധിച്ചതായിരുന്നു രണ്ടു വർഷംമുമ്പ് കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനു കഴിയും.
നാടിനെ വിജ്ഞാന സമ്പദ്‌ഘടനയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണിത്. ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തുംവിധം വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിന് മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിനാലാണ് ഒരു ഡിജിറ്റൽ സയൻസ് പാർക്ക് ഉൾപ്പെടെ നാല് സയൻസ് പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചത്.
ഡിജിറ്റൽ സയൻസ് പാർക്കിന്റെ തുടക്കത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രവർത്തനം ആരംഭിക്കുന്നു. നാട് സഞ്ചരിക്കുന്നത് ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണിത്.