ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്.
സർക്കാർ ദത്തെടുത്ത 64,006 കുടുംബത്തിൽ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക് അതെത്തിക്കുന്ന ഘട്ടമാണ് പൂർത്തിയായത്. നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാൻ സംവിധാനമായി. ആഹാരം തനിച്ച് കഴിക്കാൻ ശേഷിയില്ലാത്തവർക്ക് സഹായികളെയും ഏർപ്പെടുത്തി. അടിയന്തര ആരോഗ്യ പരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. തുടർപരിശോധനയും ചികിത്സയും മരുന്നും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽനിന്ന് നൽകുന്നതിനും സംവിധാനമൊരുക്കി. അയ്യായിരം പേർക്ക് റേഷൻ കാർഡ് നൽകി.
ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നീ അടിസ്ഥാന രേഖകൾ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ആഹാരം, ആരോഗ്യം, അവകാശരേഖ എന്നിവ ഉറപ്പുവരുത്തലാണ് ഈ വർഷം നവംബറിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. എല്ലാവർക്കും വരുമാനവും വാസസ്ഥലവും കൂടി ഉറപ്പുവരുത്തി 2025 കേരള പിറവിക്ക് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.