ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നു. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരവും രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം ഉള്ള സംസ്ഥാനം കേരളമാണ്. എൽഡിഎഫ് സർക്കാരിന്റെ നയ സമീപനങ്ങളും നടപടികളുമാണ് ഇതിനു കാരണം. സംസ്ഥാനത്ത് 3100ൽ അധികം ഓണച്ചന്തകളും 2000ൽ അധികം കർഷകച്ചന്തകളും ഓണം പ്രമാണിച്ച് പ്രവർത്തിക്കുകയാണ്. നല്ല തിരക്കാണ് വിപണിയിൽ അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സർക്കാരിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം ഈ ഓണക്കാലത്തുണ്ട്. 60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകാൻ കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ, ലോട്ടറി ജീവനക്കാർ, വിവിധ മേഖലകളിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങൾ ചെന്നെത്തി.
കേന്ദ്രം പലവിധത്തിൽ കേരളത്തിന്റെ അർഹമായ നികുതി വിഹിതം വെട്ടിക്കുറക്കാൻ ശ്രമിക്കുമ്പോഴും തനതു വരുമാനം വർദ്ധിപ്പിച്ചും ശരിയായ സാമ്പത്തിക നയം സ്വീകരിച്ചും നാം മുന്നോട്ട് പോവുകയാണ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ അടുത്തിടെ പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് ഇത്തരം റേറ്റിങ്ങുകൾ.